ശംഖുംമുഖത്തെ സദാചാര ഗുണ്ടായിസം: നാലുപേര്‍ അറസ്റ്റില്‍

By online desk .14 01 2020

imran-azhar

 

 

തിരുവനന്തപുരം: ശംഖുംമുഖത്ത് യുവതിക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ പ്രതികളെ കുടുക്കാന്‍ നിര്‍ണായക നീക്കം നടത്തിയത് വനിതാ, ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറും സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയും. രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ശ്രീലക്ഷ്മി എന്ന യുവതി തനിക്കുണ്ടായ ദുരനുഭവം ഫെയ്‌സ്ബുക്കിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. കാര്യമറിഞ്ഞ ബിജു പ്രഭാകര്‍ കമ്മിഷണറോട് നിര്‍ദ്ദേശിച്ച പ്രകാരം നടപടിയെടുക്കുകയായിരുന്നു.സംഭവത്തില്‍ വള്ളക്കടവ് പുതുവല്‍ പുരയിടത്തില്‍ നഹാസ്, വള്ളക്കടവ് കുരിശുമൂട് വില്ലയില്‍ മുഹമ്മദ് അലി, വള്ളക്കടവ് പുതുവല്‍ പുരയിടം സുഹൈബ്, പൂന്തുറ മാണിക്കവിളാം സ്വദേശി അന്‍സാരി എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണു യുവതിയും രണ്ടു സുഹൃത്തുക്കളും കടല്‍ത്തീരത്തെത്തിയത്. പതിനൊന്നരയായപ്പോള്‍ ഒരു സംഘം തന്നെ ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച സുഹൃത്തിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ്് ശ്രീലക്ഷ്മിയുടെ ആരോപണം. പരാതി നല്‍കാനെത്തിയപ്പോള്‍ രാത്രി എന്തിനാണ് ബീച്ചില്‍ പോയതെന്നാണു വലിയതുറ പൊലീസ് ചോദിച്ചതെന്ന് യുവതി കുറ്റപ്പെടുത്തി. പിന്നീട് എസ്‌ഐ സംഭവസ്ഥലത്തു പോയി അന്വേഷണം നടത്തിയെന്നും ഇവര്‍ വ്യക്തമാക്കി. ഗുണ്ടാസംഘം ആക്രമിക്കുന്ന ദൃശ്യങ്ങളും യുവതി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സ്ത്രീകള്‍ക്കായി നൈറ്റ് വാക്ക് ഉള്‍പ്പെടെയുള്ള പരിപാടികള്‍ അടുത്തിടെ നടപ്പാക്കിയിരുന്നു. അതിനിടെ ഇത്തരം സംഭവങ്ങള്‍ പൊതുസമൂഹത്തിനു തന്നെ നാണക്കേടാണെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. ഒരു സ്ത്രീക്ക് രാത്രിയില്‍ പുറത്തിറങ്ങി നടക്കാന്‍ സാധിക്കുന്നില്ലെന്നു പറയുന്നത് കേരളത്തിനു തന്നെ നാണക്കേടാണ്. സദാചാര ഗുണ്ടായിസം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

ആക്രമിച്ചവര്‍ക്കെതിരെ പ്രതിഷേധിച്ചതും ആ രാത്രിയില്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതും പെണ്‍കുട്ടികള്‍ക്ക് മാതൃകയാണെന്ന് ബിജുപ്രഭാകര്‍ പറഞ്ഞു.സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കുന്നത് സ്ത്രീകള്‍ പീഡിക്കപ്പെടാന്‍ ഇടയാക്കും. 'പൊതുഇടം എന്റേതും' എന്ന പേരില്‍ വിവിധ സ്ഥലങ്ങളില്‍ ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസം ഇപ്പോഴും സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നുണ്ട്. ശ്രീലക്ഷ്മിയെ പോലെ കൂടുതല്‍ പേര്‍ ധൈര്യ സമേതം പൊതു സ്ഥലങ്ങള്‍ വീണ്ടെടുക്കാനായി രാത്രിയില്‍ ഇറങ്ങി നടന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ സാധിക്കൂ. ഇറങ്ങി നടക്കുമ്പോള്‍ ഒപ്പം ഒരു വിസില്‍ കരുതാന്‍ മറക്കേണ്ട. ഒക്കുമെങ്കില്‍ കുരുമുളക് സ്‌പ്രേയും. സര്‍ക്കാര്‍ സ്ത്രീകള്‍ക്കൊപ്പമുണ്ട്.

 

OTHER SECTIONS