ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അവകാശം കോടതി എടുത്തു കളഞ്ഞു

By Anju N P.06 Dec, 2017

imran-azhar

 


ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം അമേരിക്കന്‍ കോടതി നിഷേധിച്ചു. ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തമ്മ സിനി മാത്യൂസിനും വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനുമാണ് തങ്ങളുടെ സ്വന്തം കുട്ടിയെ കാണാനുള്ള അവകാശം നഷ്ടപ്പെട്ടത്. ഷെറിന്റെ മരണത്തോടെ ഇവര്‍ കേസില്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് രക്ഷിതാവെന്ന നിലയിലുള്ള ഉത്തരാവാദിത്വം നിറവേറ്റാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിന് ശേഷം ഇവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് സ്വന്തം മകള്‍ കഴിയുന്നത്.

 

കഴിഞ്ഞ ഒക്ടോബറിലാണ് ഡാലസിലെ വീട്ടില്‍ നിന്നും മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതാവുന്നത്. ഒക്ടോബര്‍ 22 ന് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് ഷെറിനിന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയെ അപായപ്പെടുത്തിയെന്ന കേസിലാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി മരിച്ചതിന്റെ തലേദിവസം വൈകീട്ട് ഷെറിനെ വീട്ടിലാക്കി നാലു വയസ്സുള്ള സ്വന്തം കുട്ടിയുമായി ദമ്പതികള്‍ റസ്റ്റോറന്റില്‍ പോയതായി പോലീസ് കണ്ടെത്തിയിരുന്നു. മരണത്തിന് മുമ്പ് ഷെറിന് ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സ്വന്തം മകളെ കാണാനുള്ള അവകാശം കോടതി എടുത്തു കളഞ്ഞത്.

 

ഷെറിനിന്റെ മരണവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായതോടെയായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കാണാതാവുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി മാത്യൂസ് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ നിര്‍ബന്ധിച്ച് പാല്‍കുടിപ്പിച്ചപ്പോഴാണ് ഷെറിന്‍ മരിച്ചതെന്നായിരുന്നു വെസ്ലി മൊഴി നല്‍കിയത്.കേസില്‍ രണ്ടര ലക്ഷം ഡോളറാണ് ജാമ്യ വ്യവസ്ഥയായി നിശ്ചയിച്ചിരിക്കുന്നത്.

 

loading...