എ​യ്ഗ​ന്‍ ക​ട​ലി​ല്‍ അ​ഭ​യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി

By Abhirami Sajikumar.17 Mar, 2018

imran-azhar

 

ഏഥന്‍സ്: എയ്ഗന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയായിരുന്നു അപകടം. അപകടത്തില്‍ അഞ്ചു കുട്ടികളും ഉള്‍പ്പെട്ടതായി കോസ്റ്റ് ഗാര്‍ഡ് അധികൃതരെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പേരെ രക്ഷപ്പെടുത്തി. 

ഗ്രീസിന്‍റെ നിയന്ത്രണത്തിലുള്ള അഗത്തോണിസി ദ്വീപിനു സമീപമായിരുന്നു അപകടം. തുര്‍ക്കി തീരവുമായി ഈ ദ്വീപ് അടുത്തുകിടക്കുന്നു. അപകടത്തില്‍ മരിച്ചവര്‍ ഏതു രാജ്യത്തുനിന്നു സഞ്ചരിച്ചവരാണെന്നു വ്യക്തമായിട്ടില്ല. അടുത്ത കാലത്ത് ഗ്രീക്ക് തീരത്തുണ്ടാകുന്ന ഏറ്റവും വലിയ അഭയാര്‍ഥി അപകടമാണിത്. 22 അഭയാര്‍ഥികള്‍ ബോട്ടിലുണ്ടായിരുന്നതായാണു കരുതപ്പെടുന്നത്. 

2015നുശേഷം പശ്ചിമേഷ്യയില്‍നിന്നും തുര്‍ക്കിയില്‍നിന്നു യൂറോപ്പിലേക്കു കടലിലൂടെ കുടിയേറാന്‍ ശ്രമിക്കവെ ആയിരക്കണക്കിനു പേര്‍ കടലില്‍ മുങ്ങിമരിച്ചതായാണു റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഒരു ഏജന്‍സിയുടെയും പക്കലില്ല.