ത്രിശങ്കുവിൽ പെട്ട് ശിവസേന; അംഗങ്ങൾ തികഞ്ഞില്ല, അടുത്ത ഊഴം എൻസിപിക്ക്

By Chithra.12 11 2019

imran-azhar

 

മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഉടനൊന്നും പരിഹാരം കാണാനുള്ള സാഹചര്യം കുറയുന്നു. ശിവസേനയിലെ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചെങ്കിലും വെറുംകൈയോടെ മടങ്ങാനേ ആദിത്യ താക്കറെയ്ക്ക് കഴിഞ്ഞുള്ളു.

 

അംഗങ്ങളുടെ എണ്ണം തികയാത്തതിനാൽ ബിജെപിക്ക് സർക്കാർ ഉണ്ടാക്കാനുള്ള സാഹചര്യം ഇല്ലാതായി. ശിവസേനയ്ക്കും ഊഴം നഷ്ടപ്പെട്ട നിലയ്ക്ക് ഗവർണർ ശരദ് പവാറിന്റെ എൻസിപിയിലേക്കാണ് നോക്കുന്നത്. സർക്കാർ ഉണ്ടാക്കാനുള്ള സമയം ഇന്ന് രാത്രി 8.30ന് അവസാനിക്കും.

 

കേന്ദ്രമന്ത്രി പദത്തിൽ നിന്ന് അരവിന്ദ് സാവന്തിനെ രാജിവെയ്പ്പിച്ചത് കൊണ്ട് ശിവസേനയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. സർക്കാറുണ്ടാക്കാനായി കോൺഗ്രസ്സിനെ സഹായത്തിന് ശിവസേന വിളിച്ചെങ്കിലും മുൻപുള്ള പരസ്പര വിദ്വേഷം മറക്കാൻ കോൺഗ്രസ്സ് തയ്യാറാവുന്നില്ല എന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ബിജെപിയുമായുള്ള ബന്ധം അറുത്ത് മാറ്റിയ ശിവസേനയെ വിശ്വസിക്കാൻ പ്രയാസമാണ് എന്നത് തന്നെയാണ് കാര്യം.

 

ബിജെപിയുമായുള്ള ബന്ധം മുറിക്കാൻ ശിവസേനയെ പ്രേരിപ്പിച്ചത് എൻസിപി ആണ്. ഇനി കോൺഗ്രസ്സിനെ കൂട്ട് പിടിച്ച് എൻസിപി മന്ത്രിസഭാ ഉണ്ടാക്കാൻ ശ്രമിച്ചാൽ ശിവസേനയുടെ പിന്തുണ കൂടെ ആവശ്യമായി വരും. ഇത് കോൺഗ്രസിന് താല്പര്യമുള്ള കാര്യമാകില്ല. കൂടാതെ ശിവസേന മുഖ്യമന്ത്രി സ്ഥാനം എൻസിപിക്ക് കൊടുക്കേണ്ടി വന്നാൽ ബിജെപി വിട്ട് വന്നതിൽ ഒരു കാര്യവുമില്ലാതാകും. ഏതായാലും എല്ലാ കണ്ണുകളും ഇപ്പോൾ ശരദ് പവാറിലും എൻസിപി എന്ന പാർട്ടിയിലുമാണ്.

OTHER SECTIONS