ഷുക്കൂര്‍ വധം:പി.ജയരാജനെതിരെ കൊലക്കുറ്റം, ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം

By anju.11 02 2019

imran-azhar

 

 

കണ്ണൂര്‍: മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 302, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. ടി.വി രാജേഷ് എംഎഎയ്ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

 


എംഎസ്എഫിന്റെ നേതാവുമായ അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവം അരിയിലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചു മണിക്കൂറുകള്‍ക്കകമാണു ഷുക്കൂറിനെ സമീപത്തെ സിപിഎം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു കൊലപ്പെടുത്തിയത്.

 

വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നു ജയരാജനും രാജേഷും ചികില്‍സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചു സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണു കേസ്. ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റം ചുമത്തി ജയരാജനെയും രാജേഷിനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

 

'പാര്‍ട്ടികോടതി' വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയെന്ന വെളിപ്പെടുത്തല്‍ വന്‍ രാഷ്ട്രീയ കോലാഹലമുണ്ടാക്കി. കേസില്‍ പി.ജയരാജന്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് വ്യാപക അക്രമങ്ങളുമുണ്ടായി.

OTHER SECTIONS