കർത്താവിന്റെ നാമത്തിൽ കന്യാസ്ത്രീ സംസാരിക്കുന്നു; ആത്മകഥയുമായി സിസ്റ്റർ ലൂസി

By Chithra.09 12 2019

imran-azhar

 

കൊച്ചി : വിവാദങ്ങളിൽ നിറഞ്ഞ് നിന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും. എറണാകുളം പ്രസ്സ് ക്ലബ്ബിൽ വെച്ചാണ് 'കർത്താവിന്റെ നാമത്തിൽ' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയുടെ പ്രകാശനം നടക്കുന്നത്‌.

 

ആത്മകഥയുടെ ഉള്ളടക്കം ഇതിനോടകം തന്നെ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. മഠത്തിനുള്ളിൽ കന്യാസ്ത്രീകൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്നതാണ് സിസ്റ്റർ ലൂസിയുടെ പുസ്തകം. കന്യാസ്ത്രീ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികർ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് സിസ്റ്റർ ലൂസി തന്റെ ആത്മകഥയിൽ വിവരിച്ചിരുന്നു.

 

വൈദിക സഭയെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നതാണ് സിസ്റ്ററിന്റെ ആത്മകഥ. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും അതിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. രാത്രിസമയങ്ങളിൽ വൈദികർ സന്ദർശകരെന്ന വ്യാജേന മഠത്തിനുള്ളിൽ കയറാറുണ്ടെന്നും സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു.

 

ആത്മകഥയുടെ പ്രകാശനവും വിതരണവും തടയണമെന്ന ഹർജി ഹൈക്കോടതിയിൽ വന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. പുസ്തക പ്രകാശനത്തിന് ബെന്യാമിൻ, സാറാ ജോസഫ്, സന്തോഷ് എച്ചിക്കാനം തുടങ്ങിയവർ പങ്കെടുക്കും.

OTHER SECTIONS