ഭാര്യ സ്മാര്‍ട്ട്ഫോണ്‍ വാങ്ങി; കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത ഭര്‍ത്താവും വാടക കൊലയാളിയും അറസ്റ്റില്‍

By swathi.24 01 2022

imran-azhar

കൊല്‍ക്കത്ത: തന്റെ സമ്മതമില്ലാതെ ഭാര്യ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയതിന് യുവതിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവും വാടക കൊലയാളിയും അറസ്റ്റില്‍.കൊല്‍ക്കത്ത നരേന്ദ്രപുര്‍ സ്വദേശിയായ രാജേഷ് ഝാ, വാടക കൊലയാളിയായ സുരജിത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

 

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.രാജേഷിന്റെ ഭാര്യയെ വീട്ടിലെത്തിയ രണ്ടുപേരാണ് കൊല്ലാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ യുവതിയുടെ കഴുത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. അക്രമികളില്‍ ഒരാളെ സമീപവാസികളാണ് പിടികൂടിയത്. ഇയാളിലൂടെയാണ് വധശ്രമത്തിന് പിന്നില്‍ ഭര്‍ത്താവായ രാജേഷിന്റെ ക്വട്ടേഷനാണെന്ന് വ്യക്തമായത്. തുടര്‍ന്ന് രാജേഷിനെയും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

 

മാസങ്ങള്‍ക്ക് മുമ്പ് യുവതി ഭര്‍ത്താവിനോട് ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജേഷ് ഈ ആവശ്യം നിരാകരിച്ചിരുന്നു.കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് ലഭിച്ച പണംകൊണ്ട് യുവതി അടുത്തിടെ ഒരു സ്മാര്‍ട്ട്ഫോണ്‍ സ്വന്തമായി വാങ്ങി. ഇക്കാര്യമറിഞ്ഞതോടെയാണ് രാജേഷ് ഭാര്യയുമായി വഴക്കിട്ടു. തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ഭാര്യയെ കൊല്ലാനായി വാടക കൊലയാളികള്‍ക്ക് ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയത്.

 

വ്യാഴാഴ്ച രാത്രി വീടിന്റെ പ്രധാനവാതില്‍ അടയ്ക്കാനെന്ന് പറഞ്ഞാണ് രാജേഷ് കിടപ്പുമുറിയില്‍നിന്ന് പോയത്.ഏറെനേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതോടെ യുവതി ഭര്‍ത്താവിനെ തിരഞ്ഞ് മുറിയില്‍നിന്ന് പുറത്തിറങ്ങി. ഈ സമയത്താണ് രണ്ടുപേര്‍ യുവതിയെ ആയുധങ്ങള്‍ കൊണ്ട് ആക്രമിച്ചത്. ആക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റെങ്കിലും യുവതി ബഹളംവെച്ച് വീടിന് പുറത്തേക്ക് ഓടി. തുടര്‍ന്ന് നിലവിളി കേട്ടെത്തിയ സമീപവാസികളാണ് അക്രമികളിലൊരാളെ പിടികൂടിയത്. മറ്റൊരാള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

 

 

OTHER SECTIONS