പി.ചിദംബരത്തെ ജയിലില്‍ സന്ദര്‍ശിച്ച് സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും

By mathew.23 09 2019

imran-azhar

 

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ സന്ദര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും. ഐ.എന്‍.എക്‌സ് മീഡിയ കേസിലകപ്പെട്ട് സെപ്റ്റംബര്‍ അഞ്ച് മുതല്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ് പി ചിദംബരം.

സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ജയിലിലെത്തി തന്നെ സന്ദര്‍ശിച്ചത് തനിക്ക് ലഭിച്ച ആദരവായാണ് കാണുന്നതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. തന്റെ പാര്‍ട്ടി ശക്തവും ധീരവുമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യവാനുമായിരിക്കുമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. ചിദംബരത്തിനായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

പി. ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും ജയിലിലെത്തിയത്. സര്‍ക്കാര്‍ ചിദംബരത്തെ വേട്ടയാടുകയാണെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവരും കഴിഞ്ഞ ആഴ്ച ചിദംബരത്തെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.

 

 

OTHER SECTIONS