പട്ടികജാതിക്കാരന് സോപാനം പാടാനാവില്ലേ

By online desk.17 02 2020

imran-azhar

 


രാജ്യത്തെ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കുന്ന തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാളിന്റെ വിളംബരം വന്നിട്ട് എണ്‍പത്തിനാല് വര്‍ഷം കഴിഞ്ഞു. ക്ഷേത്രങ്ങളില്‍ എല്ലാ വിഭാഗം ഹിന്ദുക്കളും പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്യുന്നുമുണ്ട്. എന്നാല്‍ ഇപ്പോഴും ജാതി പിശാചുക്കള്‍ നമ്മുടെ ക്ഷേത്രങ്ങില്‍ വിലസുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചേരാനല്ലൂര്‍ ശ്രീ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ സോപാന ഗായകന്‍ വിനില്‍ ദാസിനെതിരായ വിലക്ക്. പട്ടികജാതിക്കാരനായ വിനില്‍ദാസിന് അനധികൃതമായി വിലക്കിയിരിക്കുന്നത് ഹിന്ദു ഐക്യത്തിന് വേണ്ടി നിലകൊള്ളുവെന്ന് അവകാശപ്പെടുന്ന സംഘപരിവാറാണ്.

 

ജൂലൈയിലാണ് ദാസ് കാര്‍ത്യായനി ക്ഷേത്രത്തില്‍ സോപാനഗായകനായി നിയമിതനാവുന്നത്. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡാണ് നിയമിച്ചത്. ജോലിക്കായി ക്ഷേത്രത്തില്‍ വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കുറച്ച് പേര്‍ ദാസിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഏലൂര്‍ ബിജു എന്നയാളാണ് ക്ഷേത്രത്തില്‍ സ്ഥിരമായി സോപാനം പാടുന്നതെന്നും അതിനാല്‍ ജോലിയില്‍ പ്രവേശിക്കരുതെന്നുമായിരുന്നു അവരുടെ മുന്നറിയിപ്പ്. ക്ഷേത്ര സമിതിയിലെ ആളുകളായിരുന്നു ഭീഷണിക്ക് പിന്നില്‍. അവരുടെ ഭീഷണി വകവയ്ക്കാതെയാണ് ദാസ് ജോലിയില്‍ പ്രവേശിച്ചത്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള ആദ്യ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സോപാനം ഗായകനാണ് ദാസ്. അതിന്റെ എല്ലാ ദേഷ്യവും അവര്‍ക്ക് ദാസിനോടുണ്ടായിരുന്നു.

 

ക്ഷേത്രസമിതിക്കാര്‍ ദാസിന്റെ ബൈക്കിന്റെ സീറ്റ് കുത്തിക്കീറുകയും ടയര്‍ പഞ്ചറാക്കുകയും ചെയ്തു. വിശ്രമിക്കാനും വസ്ത്രം മാറാനും ക്ഷേത്രത്തിലുള്ള മുറിയില്‍ പ്രവേശിക്കാതിരിക്കാന്‍ പൂട്ടിയിട്ടു. നിരന്തരമായി ജാതി അധിക്ഷേപങ്ങളും ക്ഷേത്രസമിതിക്കാര്‍ നടത്തിയിരുന്നു. പൂജാസമയത്ത് സോപാനത്ത് നിന്ന് പാടുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി അവര്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ചു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ജാതീയമായി അധിക്ഷേപിച്ചു.
ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയാണെന്ന് പറഞ്ഞ് ലീവ് എടുക്കാന്‍ സമിതിക്കാര്‍ ദാസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.

 

അത് നടക്കാതെ വന്നപ്പോള്‍ ദാസ് ജോലിക്ക് കൃത്യമായി വരുന്നില്ലെന്നും സോപാനം പാടാന്‍ അറിയില്ലെന്നും ആരോപിച്ച് അവര്‍ ദേവസ്വം അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി അയച്ചു. ക്ഷേത്രത്തില്‍ പത്ത് വര്‍ഷത്തോളം സോപാനം ആലപിച്ചിരുന്ന ഏലൂര്‍ ബിജുവിനെ തിരിക്കൊണ്ടുവരാനും ക്ഷേത്രസമിതിക്കാര്‍ ശ്രമം നടത്തി. ദാസിന് മുമ്പ് സോപാന ഗായകനായിരുന്ന ആദിത്യനാരായണനെയും ക്ഷേത്രസമിതിക്കാര്‍ ഉപദ്രവിച്ചിരുന്നു. അയാളെ പിന്നീട് തൃപ്പൂണിത്തുറ അമ്പലത്തിലേക്ക് അദ്ദേഹം സ്ഥലം മാറ്റി. ജാതി അധിക്ഷേപങ്ങളും ഉപദ്രവവും രൂക്ഷമായപ്പോഴാണ് ദാസ് മുഖ്യമന്ത്രിക്കും കൊച്ചി ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയിലും പരാതി നല്‍കിയത്.

 

പരാതി നല്‍കിയതിന് പിന്നാലെ ക്ഷേത്രസമിതിക്കാര്‍ ദാസിനെതിരെ കള്ള പരാതി നല്‍കി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പരാതിയില്‍ അന്വേഷണം നടത്തിയ ശേഷം ദാസിന് അനുകൂല നിലപാടാണ് എടുത്തത്. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ജാതിക്കോമരങ്ങള്‍ക്കൊപ്പം നിന്നത് ദാസിനെ വേദനിപ്പിച്ചു. സമിതിയുടെ പരാതിയും ദാസിന്റെ പരാതിയും വിജിലന്‍സ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പോലീസ് നാല് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

ദേവസ്വം ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് ലീവ് അപേക്ഷ റദ്ദാക്കി ജോലിയില്‍ തുടരാന്‍ ദാസിനെ അനുവദിച്ചു. അതോടെ ദാസിനെതിരെ പുതിയ കുറ്റങ്ങള്‍ തേടി ക്ഷേത്രസമിതിക്കാര്‍ നടക്കാന്‍ തുടങ്ങി. ദാസ് ഭക്ഷണം കഴിക്കാറുള്ള ഹോട്ടലില്‍ ചെന്ന് മാംസം കഴിക്കാറുണ്ടോ എന്നെല്ലാം അവര്‍ തിരക്കി. അതെല്ലാം വിഫലമായപ്പോള്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമിതി അംഗങ്ങള്‍ ദാസിനെ ബന്ധപ്പെട്ടിരുന്നു. ജാതി അധിക്ഷേപം നടത്തിയതില്‍ മാപ്പ് പറയുകയും വീട്ടില്‍ വന്ന് കാണുകയും ചെയ്തു. കേസ് പിന്‍വലിക്കാന്‍ പണം നല്‍കാമെന്നുള്ള വാഗ്ദാനങ്ങളും സമിതിയംഗങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അതിനൊന്നും വഴങ്ങാതെ ദാസ് കേസില്‍ ഹൈക്കോടതി നടപടിയാണ് കാത്തിരിക്കുകയാണ്.

 

 

OTHER SECTIONS