സ്‌പെക്ട്രം വില കുറയ്ക്കും; ലേലം ഈ വര്‍ഷം തന്നെ

By online desk.16 10 2019

imran-azhar

 

ന്യൂ ഡല്‍ഹി : സ്‌പെക്ട്രം ലേലം ഈ സാമ്പത്തിക വര്‍ഷം തന്നെ നടത്തുമെന്നും വില പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുത്തു വരുകയാണെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്. ഡല്‍ഹിയില്‍ തുടങ്ങിയ മൂന്നാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സ്‌പെക്ട്രം ലേലം അനിശ്ചിതമായി നീളുന്നതിലും സ്‌പെക്ട്രത്തിന്റെ ഉയര്‍ന്നവിലയിലും ആശങ്ക പ്രകടിപ്പിച്ചുവരുന്ന ടെലികോം കമ്പനികള്‍ക്ക് ആശ്വാസകരമാണ് മന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്ത് ടെലികോം രംഗത്തുണ്ടായ വളര്‍ച്ചയും മന്ത്രി ചൂണ്ടിക്കാട്ടി. 2014-ല്‍ രണ്ട് ടെലികോം നിര്‍മാതാക്കളായിരുന്നു ഇന്ത്യയിലെങ്കില്‍ ഇപ്പോഴത് 268 എണ്ണമായി. അതില്‍ ചിലര്‍ ലോകത്തുതന്നെ ഏറ്റവും വലിയ കമ്പനികളാണ്.

 

ഈ മേഖലയില്‍ ഇന്ത്യയ്ക്കു രണ്ടാം സ്ഥാനവുമുണ്ട്. രാജ്യത്ത് 21,000 സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 8000 സംരംഭങ്ങളും സാങ്കേതിക മേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ അഭ്യൂഹം പരത്തി പ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യാജ സന്ദേശങ്ങളുടെ ഉറവിടം പരിശോധിക്കാനാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്‍ക്രിപ്ഷനെ (വാട്‌സാപ്പിലും മറ്റും ഉപയോഗിക്കുന്ന രഹസ്യകോഡ്) ബഹുമാനിക്കുന്നു. എന്നാല്‍, കലാപങ്ങളുണ്ടാക്കുന്ന അഭ്യൂഹസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ആരാണെന്ന് കണ്ടെത്തണം. ആള്‍ക്കൂട്ട കൊലപാതകത്തിലേക്കും മറ്റും നയിക്കുന്ന സന്ദേശങ്ങള്‍ അയക്കുന്നത് ആരാണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് അറിയേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. എയര്‍ടെല്ലിന്റെ രാകേഷ് ഭാരതി മിത്തല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം ബോര്‍ഡ് അംഗം മഹേന്ദ്ര നഹാത, വോഡഫോണ്‍-ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

OTHER SECTIONS