എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം; നിയമ ഭേദഗതി പാസ്സാക്കി രാജ്യസഭ

By online desk .03 12 2019

imran-azhar

 


ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ തുടരുന്നതിനിടെ എസ്പിജി നിയമ ഭേദഗതി പാസാക്കി രാജ്യസഭ. 1988ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് കേന്ദ്രം ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്. ഭേദഗതി അനുസരിച്ച് ഇനി മുതല്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ നല്‍കുക. നേരത്തെ, ലോക്സഭയും ബില്‍ പാസാക്കിയിരുന്നു.

 

നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസ് വിശദകരണം തേടിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെയാണ് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങി പോയത്.

 


നിയമ ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ച സമയത്ത് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന തരത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. ഗാന്ധി കുടുംബത്തെ ഉദ്ദേശിച്ചാണ് തങ്ങള്‍ നിയമദേഗതി കൊണ്ടുവരുന്നതെന്നത് ആരോപണം മാത്രമാണെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ബില്ല് കൊണ്ടുവരുന്നതിന് മുമ്പ് സുരക്ഷാ അവലോകനത്തിന് ശേഷം ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. നിയമ ഭേദഗതിയും ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കലും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

എസ്പിജി നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണിത്. ഇതിന് മുമ്പ് ഉണ്ടായിട്ടുള്ള നാല് ഭേദഗതികളും ഗാന്ധി കുടുംബത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും ഏതെങ്കിലും ഒരു കുടുംബത്തിനായി മാത്രം നിയമങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു നിയമ ഭേദഗതി സഭ പാസാക്കിയത്.

 

OTHER SECTIONS