സുരക്ഷാ പിന്‍മാറ്റം രാഷ്ട്രീയമോ?

By online desk.11 11 2019

imran-azhar

 

 

നരേന്ദ്രമോദി സര്‍ക്കാര്‍ നെഹ്‌റു-ഗാന്ധി കുടുംബാംഗങ്ങള്‍ക്കുള്ള എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്ക് വര്‍ഷങ്ങളായി നിയമ പ്രകാരം നല്‍കി വന്ന അതീവ സുരക്ഷാ കവചമാണ് പിന്‍വലിച്ചത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും മുന്‍ പ്രധാനമന്ത്രിമാരെയും സംരക്ഷിക്കുന്നതിന് നിയമാനുസൃതം രൂപീകരിച്ച സുരക്ഷാ സംവിധാനം ഇനി പ്രധാനമന്ത്രിക്ക് മാത്രമായി ചുരുങ്ങും. രാജ്യത്ത് ഏറ്റവുമധികം സുരക്ഷാ ഭീഷണി നേരിട്ട നെഹ്‌റു ഗാന്ധി കുടുംബത്തിന് കഴിഞ്ഞ 28 വര്‍ഷം നീണ്ട കാവലാണു നഷ്ടപ്പെടുന്നത്. 1984ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം പ്രധാനമന്ത്രിമാര്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും സുരക്ഷ ഒരുക്കാനാണ് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) രൂപീകരിച്ചത്. 1988-ലാണ് എസ്പിജി നിയമം പാര്‍ലമെന്റ് പാസാക്കിയത്. 1989-ല്‍ രാജീവ് ഗാന്ധിക്കുള്ള എസ്പിജി സുരക്ഷ വി.പി.സിംഗ് സര്‍ക്കാര്‍ ഒഴിവാക്കി. എന്നാല്‍ 1991-ല്‍ രാജീവ് കൊല്ലപ്പെട്ടതോടെ നിയമത്തില്‍ ഭേദഗതി വരുത്തി. തുടര്‍ന്നാണ് എല്ലാ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ നല്‍കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍, എ.ബി. വാജ്‌പേയി സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, എച്ച്.ഡി. ദേവെഗൗഡ, ഐ.കെ. ഗുജ്‌റാള്‍ എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ പിന്‍വലിച്ചു. മുന്‍ പ്രധാനമന്ത്രിമാര്‍ക്കുള്ള എസ്പിജി സുരക്ഷാ കാലാവധി പത്തില്‍ നിന്ന് ഒരു വര്‍ഷമാക്കാനും പിന്നീട് ആവശ്യമെങ്കില്‍ ഓരോ വര്‍ഷവും പുതുക്കാനും തീരുമാനിക്കുകയായിരുന്നു. 2018 ഓഗസ്റ്റില്‍ മരിക്കുന്നതു വരെ വാജ്‌പേയിക്ക് എസ്പിജി സുരക്ഷയുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പത്‌നി സോണിയയ്ക്കും മക്കള്‍ക്കും എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയത്. വിദഗ്ധ കാവല്‍ സേന വിവിഐപികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ വിദേശത്തുനിന്നുള്‍പ്പെടെ പരിശീലനം നേടിയ വിദഗ്ധ സേനയാണ് എസ്പിജി. അര്‍ദ്ധ സുരക്ഷാസേനകളായ സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി എന്നിവയില്‍ നിന്നുള്ളവരെയാണ് എസ്പിജിയിലേക്ക് തിരഞ്ഞെടുക്കുന്നത്. നിലവില്‍ 3000 അംഗങ്ങളാണ് എസ്പിജിയിലുള്ളത്. വിദഗ്ധ പരിശീലനം നേടിയ സിആര്‍പിഎഫ് കമാന്‍ഡോകളാണ് സെഡ് പ്ലസ് സുരക്ഷ ഒരുക്കുന്നത്. കോണ്‍ഗ്രസ് കുടുംബത്തിന് ഇനിമുതല്‍ സെഡ് പ്ലസ് സുരക്ഷയായിരിക്കും ഉണ്ടാവുക. എസ്പിജി സുരക്ഷയില്ലാതെ രാഹുല്‍ ഗാന്ധി വിദേശ പര്യടനങ്ങള്‍ നടുത്തുന്നതിനെതിരെ അടുത്തിടെ ബിജെപി രംഗത്തുവന്നിരുന്നു. യാത്രയുടെ വിശദാംശങ്ങള്‍ രാഹുല്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ സുരക്ഷ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സൂചന നല്‍കിയതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ നടപടി. കഴിഞ്ഞ ഓഗസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ എസ്പിജിയില്‍ നിന്ന് സെഡ് പ്ലസ് സുരക്ഷാ പട്ടികയിലേക്കു മാറ്റിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ നടപടിയെ രൂക്ഷമായാണ് അന്ന് പ്രതിപക്ഷം ആക്രമിച്ചത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വളര്‍ച്ചയോടൊപ്പം നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പരസ്പര ബഹുമാനത്തോടെ വളര്‍ത്തിക്കൊണ്ടു വന്ന സംസ്‌കാര മാതൃകകളും ഇന്ത്യയിലുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹം മരിക്കുന്നതുവരെ പ്രതിപക്ഷ നേതാക്കളോട് പുലത്തിയ ഉന്നതമായ സഹവര്‍ത്തിത്വവും ബഹുമാനവും ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ മാതൃകയാക്കേണ്ടതുണ്ട്. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവാകാനുള്ള നിയമപ്രകാരമുള്ള അംഗ സംഖ്യ ഇല്ലാതിരുന്നിട്ടുപോലും ഒന്നാം ലോക്‌സഭയില്‍ എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാനും ആ പദവിയെ ആദരവോടെ നോക്കി ക്കാണാനും നെഹ്‌റു കാണിച്ച മര്യാദ ഇന്നത്തെ ഭരണപക്ഷം കാണിക്കുന്നുണ്ടോ എന്നത് സംശയമാണ്. ഭരണ, പ്രതിപക്ഷ സൗഹൃദത്തിലും സമന്വയത്തിലുമാണ് പാര്‍ലമെന്ററി ജനാധിപത്യം സുഗമമായി നടന്നു പോകുന്നത്. അതിന് ഭരണത്തിലുള്ളവര്‍ വിശാല മനസ്‌കരാവുകയാണ് പതിവ്. അതാണ് നമ്മുടെ സംസ്‌കാരവും പാരമ്പര്യവും. വെറും രാഷ്ട്രീയ മുതലെടുപ്പിനായി ആ രാഷ്ട്രീയ സംസ്‌കാരത്തെ ഉപയോഗിക്കാതിരിക്കാനാണ് ഭരണപക്ഷം ശ്രദ്ധിക്കേണ്ടത്. എസ്പിജി സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും വീഴ്ച വരുത്തിയെന്നാണ് സര്‍ക്കാര്‍ വാദം. ഇരുപത്തിനാലോളം വിദേശ യാത്രകളില്‍ എസ്പിജി ഉദ്യോഗസ്ഥര്‍ ഒപ്പം വരുന്നത് രാഹുല്‍ ഗാന്ധി വിലക്കി, എസ്പിജിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ എസ്പിജി സുരക്ഷ ഒഴിവാക്കുന്ന കാര്യം നെഹ്‌റു കുടുംബത്തിനെ അറിയിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കേന്ദ്രത്തിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കേന്ദ്രത്തിന്റെ പെട്ടെന്നുണ്ടായ നടപടി പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

 

OTHER SECTIONS