വിസ്താരയ്ക്കു പിന്നാലെ സ്‌പൈസ് ജെറ്റും തിരുവനന്തപുരത്തേക്ക്

By Online Desk.19 10 2019

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് വിസ്താരയുടെ പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്‌പൈസ് ജെറ്റും. മുംബൈയില്‍ നിന്നും ദിവസേന സര്‍വീസുണ്ടാകും. രാവിലെ 8.10ന് പുറപ്പെടുന്ന വിമാനം 10.10 തിരുവനന്തപുരത്ത് ഇറങ്ങും. തിരുവനന്തപുരത്തു നിന്നും ചില ഫ്‌ളൈറ്റുകള്‍ സര്‍വീസ് നിര്‍ത്തിയതിനു പിന്നാലെയാണ് രണ്ടു കമ്പനികള്‍ പുതിയ സര്‍വീസുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈമാസം 27 മുതല്‍ സ്‌പൈസ് ജെറ്റ് ബുക്കിംഗ് ആരംഭിക്കും. നിലവില്‍ തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് സ്‌പൈസ് ജെറ്റ് ഒരു സര്‍വീസ് നടത്തുന്നുണ്ട്. അതിനു പുറമെയാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്.

 

അതേസമയം വിസ്താരയുടെ സര്‍വീസുകള്‍ അടുത്തമാസം ഒമ്പതുമുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം-ന്യൂഡല്‍ഹി പ്രതിദിന സര്‍വീസുകളാണ് വിസ്താര ആരംഭിക്കുക. ഡല്‍ഹിയില്‍ നിന്നും രാവിലെ ഏഴിന് പുറപ്പെട്ട് 10.20ന് തിരുവനന്തപുരത്ത് എത്തും. 11ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് 2.20ന് ന്യൂഡല്‍ഹിയിലേക്കും സര്‍വീസുണ്ട്. ഇക്കണോമിക് ക്ലാസില്‍ 5299 രൂപ മുതലും ബിസിനസ് ക്ലാസില്‍ 21999 രൂപ മുതലും ടിക്കറ്റ് ലഭിക്കും. ബുക്കിംഗും ആരംഭിച്ചു. കൊച്ചിയില്‍ നിന്ന് വിസ്താരയ്ക്ക് നേരത്തെ സര്‍വീസുകളുണ്ട്. ടൂറിസം, ബിസിനസ്, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ കേരളം മുന്‍നിര സംസ്ഥാനമായി മാറിയെന്നും അതുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് തുടങ്ങുന്നതെന്നും വിസ്താര ചീഫ് സ്ട്രാറ്റജി ഓഫീസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. ടാറ്റ-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമാണ് വിസ്താര. തിരുവനന്തപുരത്തിനു പുറമെ 32 കേന്ദ്രങ്ങളിലേക്ക് വിസ്താര ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം എമിറേറ്റ്‌സ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നുള്ള ഒരു സര്‍വീസ് നിര്‍ത്തലാക്കി. എമിറേറ്റ്‌സ് ആഴ്ചയില്‍ 11 വിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയിരുന്നത്. ഇത് ഈമാസം 27 മുതല്‍ ഏഴായി കുറയും.

 

OTHER SECTIONS