ഓണ വിപണിയ്‌ക്കൊപ്പം സ്പിരിറ്റ് കടത്തലും നടപടിയില്ലാതെ എക്‌സൈസ് വകുപ്പ്

By Neha C N.24 08 2019

imran-azhar

നെയ്യാറ്റിന്‍കര: ഓണ വിപണി ഉണര്‍ന്നതോടെ അതിര്‍ത്തി വഴി സംസ്ഥാനത്തേക്കുള്ള സ്പിരിറ്റ് കടത്ത് സംഘങ്ങളും സജീവമായി. യുവാക്കളെ ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് അതിര്‍ത്തിയിലേക്ക് സ്പിരിറ്റ് ഒഴുകുന്നത്. സ്പിരിറ്റ് കടത്തല്‍ വ്യാപകമായി തുടരുന്നത് അറിഞ്ഞിട്ടും അനധികൃത സ്പിരിറ്റ് കടത്തല്‍ തടയാന്‍ എക്‌സൈസ് വകുപ്പ് നടപടികളെടുക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.

 


കര്‍ണാടകയില്‍ നിന്നും കന്യാകുമാരി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നത്. അതിര്‍ത്തി പ്രദേശങ്ങളായ ആറുകാണി, പത്തുകാണി, കടുക്കറ, നെട്ട, പന്നിമല, വെള്ളച്ചിപ്പാറ, അമ്പലക്കാല, പുലിയൂര്‍ശാല, ദേവീകോഡ്, പുന്നാക്കര, മൂവോട്ടുകോണം, മലയടി, പനംകാല, കളിയിക്കാവിള, ചെങ്കവിള, കൊല്ലംകോട്, വള്ളവിള തുടങ്ങിയ പ്രദേശങ്ങളിലെ ആള്‍പാര്‍പ്പില്ലാത്ത വീടുകളും റബ്ബര്‍ തോട്ടങ്ങളുമാണ് സ്പിരിറ്റ് കടത്ത് സംഘങ്ങളുടെ രഹസ്യകേന്ദ്രങ്ങള്‍. വിവിധ സംഘടനകളുടെയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും അനധികൃത ബോര്‍ഡുകള്‍ പതിപ്പിച്ച ആഡംബര വാഹനങ്ങളിലാണ് പലപ്പോഴും സ്പിരിറ്റ് കടത്തുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, ജില്ലകളിലെ വ്യാജ വിദേശമദ്യ നിര്‍മ്മാണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സ്പിരിറ്റ് എത്തിക്കുന്നത്. ഇതിനായി കടത്ത് കേന്ദ്രങ്ങളില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കാനും സംഘങ്ങളുണ്ട്. ഓരോ സീസണും എത്തുന്നതിന് മുന്നോടിയായി ഇടനിലക്കാരെത്തി അതിര്‍ത്തികളില്‍ ക്യാമ്പ് ചെയ്യും. അവരാണ് സ്പിരിറ്റ് കടത്താനുള്ള ടീമുകളെയും സ്പിരിറ്റ് എപ്പോള്‍ എവിടെനിന്നും എടുക്കണം ഏത് വഴിയാണ് കൊണ്ടുപോകേണ്ടത് തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

 


മുന്‍കാലങ്ങളില്‍ പച്ചക്കറി, മത്സ്യം, മുട്ട എന്നിവ കയറ്റിയ ലോറികളിലായിരുന്നു സ്പിരിറ്റ് കടത്തിയിരുന്നത്.് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മറ്റ് മാര്‍ഗങ്ങളാണ് ഇപ്പോള്‍ കടത്ത് സംഘങ്ങള്‍ സ്വീകരിക്കുന്നത്. ഡീസല്‍ ടാങ്കിന് സമീപം പ്രത്യേക അറകള്‍ നിര്‍മ്മിച്ച് അവയ്ക്കുള്ളില്‍ സ്പിരിറ്റ് കന്നാസുകള്‍ കയറ്റി കടത്തുന്ന സംവിധാനങ്ങളും ആരംഭിച്ചിട്ടുണ്ട്. അതിര്‍ത്തികളിലെ രഹസ്യ കേന്ദ്രങ്ങളില്‍ എത്തുന്ന സ്പിരിറ്റുകള്‍ നേര്‍പ്പിച്ച് വിവിധയിനം ഫ്‌ളേവറുകള്‍ ചേര്‍ത്ത് പല ബ്രാന്‍ഡുകളുടെ സ്റ്റിക്കറുകള്‍ പതിപ്പിച്ച് ഇടനിലക്കാര്‍ വഴിയാണ് ചില്ലറ വില്‍പനയ്‌ക്കെത്തുന്നത്.

OTHER SECTIONS