ഗുരുവിന്റെ വഴിയിലൂടെ നാം സഞ്ചാരം തുടങ്ങിയിട്ടേയുള്ളൂ, മുന്നേറാന്‍ ഇനിയും എത്രയോ കാതം

By RK.20 09 2021

imran-azhar

 

 

സ്വാമി സാന്ദ്രാനന്ദ

 


മഹാഗുരുവിന്റെ 94-ാം മഹാസമാധി ദിനം ലോകമെമ്പാടും ആചരിക്കുകയാണ്. ഈ ആചരണത്തിന് ഒരു ഏകീകരണം വേണമെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും അതിലല്ല ഭൂരിഭാഗം ആളുകളുടേയും ശ്രദ്ധ. സമാധിയെക്കുറിച്ചറിയാത്തവരാണ് അന്നേ ദിവസത്തെ ഭൂരിപക്ഷം പ്രഭാഷകരും. ആത്‌മോപദേശശതകത്തിലെ എണ്‍പത്തിമൂന്നാം ശ്ലോകത്തില്‍ ഗുരു ഇപ്രകാരംപറയുന്നു, 'ഉടയുമിരിക്കുമുദിക്കുമൊന്നുമാറിത്തുടരുമിതിങ്ങുടലിന്‍സ്വഭാവമാകും' അതായത് ശരീരം ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും ഇല്ലാതാകുന്നതും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ ശരീരത്തിന്റെ സ്വഭാവമാണ്. സാധാരണ ഒരു ജീവന്‍ ശരീരം സ്വീകരിച്ച് ജനിക്കുന്നത് ആ ജീവന്റെ കര്‍മ്മത്തിനനുസരിച്ച് ആണ്. ഓരോ ജന്‍മങ്ങളില്‍ ചെയ്തിട്ടുളള നല്ലതും ചീത്തയുമായിട്ടുളള കര്‍മ്മങ്ങള്‍ അനുഭവിക്കുക എന്നത് അനിവാര്യമായ കാര്യമാണ്. മനുഷ്യജന്‍മവും മുമുക്ഷുത്വവും മഹാപുരുഷ സംശ്രയം ലഭിക്കുകയും തദ്വാരാ സംത്സംഗത്തിലൂടെ ലഭിക്കുന്ന മനുഷ്യജന്‍മത്തിന്റെ അപൂര്‍വ്വത മനസിലാക്കി സാധന അനുഷ്ഠിക്കുകയും ചെയ്ത് ഈ സംസാര സമുദ്രത്തില്‍ നിന്നും കരകയറുന്നവര്‍ വളരെ വിരളം. കര്‍മ്മത്തിന്റെ കുരുക്കില്‍പ്പെട്ട് കിടക്കുന്നവര്‍ക്ക് ഒരു രക്ഷാമാര്‍ഗ്ഗമാണ് മുകളില്‍ സൂചിപ്പിച്ചത്.

 

ഭക്തന്‍മാര്‍ക്കും ശിഷ്യന്‍മാര്‍ക്കും നിഷ്പക്ഷമതികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഉള്‍പ്പെടെ ഗുരുവിന്റെ ദേഹവിയോഗം നികത്താന്‍ പറ്റാത്ത നഷ്ടമായിപ്പോയി. കാലത്തിന്റെ പാച്ചിലില്‍ അനിവാര്യമാണ് ഇതെല്ലാമെന്ന് പിന്നീട് നാം സമാധാനിക്കുന്നു. യുക്തിവാദിയായ സഹോദരന്‍ അയ്യപ്പനു പോലും താങ്ങാന്‍പറ്റാത്ത ദുഖമായിരുന്നു ഗുരുവിന്റെ മഹാസമാധി. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും ഉതിര്‍ന്ന് വീണത് ഇപ്രകാരമായിരുന്നു 'വിമലത്യാഗമേ മഹാ സന്ന്യാസമേ സമതബോധത്തിന്‍ പരമ പാകമേ, ഭുവനശു ശ്രുഷേയഴുതാലും നിങ്ങള്‍ക്കെഴുന്ന വിഗ്രഹം വിലയമാണ്ടുപോയ് ' 'ത്രികരണശുദ്ധി നിദര്‍ശനമായി, പ്രഥിതമാം ഭവത്ചരിതം ഞങ്ങള്‍ക്കു ശരണമാകണെ ശരണമാകണെ ശരണമാകണെ പരമസദ്ഗുരോ' എന്ന് കേഴുകയാണ്.

 

മഹാസമാധി ദിനത്തില്‍ നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ആ മഹാത്മാവിന്റെ പാവനചരിതത്തെ ഓര്‍ത്ത് എന്തിന് വേണ്ടിയാണോ ആര്‍ക്ക് വേണ്ടിയാണോ ഭഗവാന്‍ തന്റെ ആയുസും വപുസും ആത്മതപസും ബലിയര്‍പ്പിച്ചത് അത് സാക്ഷാത്കരിക്കുക എന്നതാണ്. ഗുരുവിനോട് നീതിപുലര്‍ത്തുമ്പോള്‍ സ്വഭാവികമായും അവരവരോടും നീതിപുലര്‍ത്തുവാന്‍ സാധിക്കും. അങ്ങനെ മുന്‍സൂചിപ്പിച്ച മനുഷ്യജന്‍മത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാകും. അതിന് സാധിച്ചില്ലെങ്കില്‍ ഇവിടെ അജ്ഞതയില്‍ കിടന്ന് നരകിക്കേണ്ടിവരും.ഇപ്പോഴും ഗുരുവിന്റെ മഹാസമാധിയെക്കുറിച്ച് തെറ്റായ അറിവുകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന കുബുദ്ധികള്‍ സമൂഹത്തില്‍ ഉളളത് തിരിച്ചറിയുക. പല പല സൂചനകളും ഗുരു ശരീരം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നല്‍കിയിരുന്നു. 'യോഗസ്ഥനായ് നിലയില്‍ നിന്ന് ഇളകാതെ കായവ്യൂഹം ധരിച്ച് വിഹരിച്ചിടുമിങ്ങ് യോഗി' എന്ന് പറഞ്ഞ ഗുരു പലസന്ദര്‍ഭങ്ങളിലും ആ അത്ഭുത സിദ്ധികാണിച്ചിട്ടുണ്ട്. ഉദാഹരണം ശുചീന്ദ്രം തേരോട്ട സമയത്ത് ഗുരുവിന്റെ സാന്നിദ്ധ്യം. ജ്ഞാനയോഗിയും രാജയോഗിയും ഭക്തിയോഗിയും കര്‍മ്മയോഗിയും ആയ ഗുരു സ്വന്തം ഇഛപ്രകാരമാണ് കന്നി അഞ്ചിന് 3.30 ന് ശരീരം ഉപേക്ഷിച്ചതെന്ന് ഇനിയെങ്കിലും നാം മനസിലാക്കുക. ദൈവദശകം അന്തേവാസികളോട് ചൊല്ലാന്‍ പറഞ്ഞ് അത് കേട്ടു കൊണ്ടെന്ന രീതിയിലാണ് ഗുരുശരീരം വിടുന്നത്. ഇതിന് പല കാരണങ്ങള്‍ നമ്മള്‍ സൂക്ഷ്മമായി ചിന്തിച്ചാല്‍ മനസിലാകും. ഒന്ന് ആരായാലും ശരീരം ഉപേക്ഷിക്കുമ്പോള്‍ പരംപൊരുളിനെക്കുറിച്ചുളള ശ്രവണത്തോടെ വേണം എന്ന് ഗുരു പറയാതെ പറയുന്നു.

 

രണ്ട് ഗുരുദേവന്‍ എപ്പോഴൊക്കെയാണോ സിദ്ധികള്‍ ഉപയോഗിച്ചിട്ടുളളത് അപ്പോഴൊക്കെ ചുറ്റും നില്‍ക്കുന്നവരുടെ ശ്രദ്ധ മറ്റൊന്നിലേയ്ക്ക് തിരിച്ച് വിടുമായിരുന്നു. ഇവിടേയും അത് തന്നെയാണ് സംഭവിച്ചത്. ജ്ഞാനവാസിഷ്ഠം വായിച്ച് കേട്ട് കഴിഞ്ഞ് ദൈവദശകം ചൊല്ലികൊണ്ടിരിക്കുമ്പോള്‍ പ്രാണനെ ശരീരത്തില്‍ നിന്നും പിന്‍വലിച്ച് അങ്ങനെ മാനവരാശിയ്ക്ക് വേണ്ടി എടുത്ത ശരീരം അതിന്റെ ആവശ്യം കഴിഞ്ഞപ്പോള്‍ സ്വാഭാവികമായി പിന്‍വലിച്ചു. ഈ പ്രക്രിയയാണ് മഹാസമാധി. അതില്‍ നമ്മള്‍ ദു:ഖിക്കേണ്ട ആവശ്യമില്ല. കാരണം നൂറ് കണക്കിന് വര്‍ഷത്തേയ്ക്കുളള അറിവാണ് ഗുരു വാരിവിതറിയിട്ടുളളത്. നമ്മള്‍ അത് പ്രയോജനപ്പെടുത്തുമ്പോഴാണ് അതൊരു ഗുരുപൂജയായി ഭവിക്കുന്നത്. അതുകൊണ്ട് ഈ ദിവസം സമ്മേളനങ്ങള്‍ നടത്തി അന്തരീക്ഷം കലുഷിതമാക്കുകയല്ലാവേണ്ടത് മറിച്ച് രാവിലെ മുതല്‍ ഭഗവാന്‍ നല്‍കിയ കൃതികളുടെ പാരായണവും ഓം ശ്രീനാരായണ പരമ ഗുരവേ നമ: എന്ന മന്ത്രജപവും നമ്മെ കൂടുതല്‍ ഗുരുവിന്റെ സ്വരൂപത്തിലേയ്ക്കും അവനവനിലേയ്ക്കും അടുപ്പിക്കും.

 

വെറും അധരവ്യായാമം ചെയ്യുന്നവരുടെ മുഖത്തേയ്ക്ക് നോക്കിയുളള ഇരിപ്പ് ഈ ദിവസമെങ്കിലും ഒഴിവാക്കാന്‍ നമുക്ക് എന്ന് സാധിക്കും. പത്രത്തില്‍ വാര്‍ത്ത വരാന്‍ വേണ്ടിയും മറ്റുളളവരുടെ മുന്‍പില്‍ നമ്മള്‍ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് കാണിക്കാന്‍ വേണ്ടിയും എന്തിന് ഈ കാട്ടിക്കൂട്ടലുകള്‍? ഏറ്റവും ശാന്തമായി മഹാസമാധി ദിവസം നമ്മള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ അതൊരു പുണ്യം തന്നെയായിരിക്കും. മറിച്ച് സദ്യയും കഞ്ഞിയും സമ്മേളനങ്ങളും നടത്തിപ്പോയാല്‍ ആന്തരീകമായി നമുക്ക് എന്ത് വികാസമായിരിക്കും ഉണ്ടാകുക. ചിന്തിച്ച് ചിന്തിച്ച് ചിത്തരായിരിക്കാന്‍ ഉപദേശിച്ച ഗുരുവിന്റെ അനന്തരഗാമികളാണ് നാം എന്ന് വിസ്മരിച്ചു കൂടാ. ഇനിയും നാം എത്രയോ കാതം മുന്നേറുവാന്‍ കിടക്കുന്നു. ഗുരു തുടങ്ങിവച്ച വഴിയിലൂടെ നാം സഞ്ചാരം ആരംഭിച്ചിട്ടേ ഉളളു എന്ന് നാം വിസ്മരിച്ചു കൂടാ.

 

നാം എന്തോ ആയി എന്ന ഭ്രമം ഉപേക്ഷിച്ച് സംഘടിച്ച് മുന്നേറൂ. ഗുരുവിലുളള ആത്മസമര്‍പ്പണം സംഭവിക്കാത്തതുകൊണ്ടാണ് നമ്മില്‍ സഞ്ചിതമായിരിക്കുന്ന കാമക്രോധ ലോഭമോഹമദമാത്സര്യാദികള്‍ അവസരങ്ങള്‍ പാത്ത് നമ്മേയും മറ്റുളളവരേയും ആക്രമിക്കുന്നത്. ഈ അന്ധകാരത്തെ മാറ്റിക്കഴിഞ്ഞാലേ സാക്ഷിയായി വര്‍ത്തിക്കുന്ന സ്വയം പ്രകാശമായ പരംപൊരുളിനെ തിരിച്ചറിഞ്ഞ് ജീവിതം കൃതകൃത്യമാക്കുവാന്‍ സാധിക്കൂ. ബ്രഹ്‌മവിദ്യാപഞ്ചകത്തില്‍ ഗുരുവിന്റെ അടുത്ത് ശരിയായ ചോദ്യം ചോദിച്ച് വരുന്ന ശിഷ്യന്‍മാരോട് ഉപദേശിക്കുന്നത് ഇതു തന്നെയല്ലേ, ത്വംഹി ബ്രഹ്‌മനചേന്ദ്രിയാണി.

 

നാം ശ്രദ്ധിക്കേണ്ടത്, മഹാഗുരു ഭൗതീകമായ ഉയര്‍ച്ചയും ആദ്ധ്യാത്മികമായ ഉണര്‍വും നല്‍കി മാനവകുലത്തെ ഉദ്ധരിക്കുവാന്‍ അവതരിച്ച പരംപൊരുളാണ്. അപ്രകാരമുളള ഒരു മഹാത്മാവിന്റെ മഹാസമാധി ദിനത്തിലെങ്കിലും നമ്മള്‍ക്ക് നശ്വരമായ ലോകത്ത് അനശ്വരമായ സമ്പത്ത് കരസ്ഥമാക്കണമെന്ന അദമ്യമായ ആഗ്രഹവും വിരക്തിയും ഉണ്ടാകണം. നമ്മളുടെ മനസും ബുദ്ധിയും സ്വാര്‍ത്ഥത കൊണ്ട് മരവിച്ചിട്ട് ചെയ്തു കൂട്ടുന്ന ക്രൂരതകള്‍ അവനവന് മാത്രമല്ല ഈ പ്രപഞ്ചത്തിലുളള എല്ലാത്തിനേയും നശിപ്പിക്കുന്നതാണ് എന്ന് തിരിച്ചറിയാനെങ്കിലും കഴിഞ്ഞെങ്കില്‍.

 

(ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറിയാണ് ലേഖകന്‍)

 

 

 

 

OTHER SECTIONS