12 ഭദ്രദീപമാകുമ്പോൾ മുറജപം

By online desk .10 12 2019

imran-azhar

 

 

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലം മുതല്‍ തിരുവിതാംകൂറില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടത്തി വരുന്ന ഒരു മഹോല്‍സവമാണ് മുറജപം. മുറജപം എന്നതിന്റെ വാക്യാര്‍ത്ഥം മുറയനുസരിച്ചുള്ള ജപം എന്നാണ്. മാര്‍ത്താണ്ഡവര്‍മ്മ നടത്തിയ യുദ്ധങ്ങളുടെ പാപപരിഹാരാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഒരു വഴിപാടാണിത്. അന്നത്തെ ബ്രാഹ്മണ പ്രമുഖരുടെ നിര്‍ദ്ദേശമനുസരിച്ചാണ് പാപപരിഹാരത്തിന് പ്രായശ്ചിത്തമായി മുറജപവും ഭദ്രദീപവും യഥാവിധി നടത്താന്‍ തീരുമാനിച്ചത്. നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും പരിശോധിച്ചാണ് ഈ പ്രതിവിധി കണ്ടെത്തിയത്.


മാര്‍ത്താണ്ഡവര്‍മ്മ 'തൃപ്പടിദാനം' നടത്തിയതോടു കൂടി തിരുവിതാംകൂര്‍ സംസ്ഥാനം ശ്രീപത്മനാഭന്റെ വകയായി. പിന്നീട്, പ്രജകള്‍ക്ക് രാജാക്കന്‍മാരോട് അവജ്ഞയോ പ്രതിഷേധമോ ഉണ്ടായില്ല. ശ്രീ പത്മനാഭസ്വാമിയുടെ പ്രതിപുരുഷനായ രാജാവിനോട് ചെയ്യുന്നതെന്തും രാജ്യദ്രോഹമാകുമെന്ന് അവര്‍ കരുതി. രാജ്യവും സ്ഥലവും മുഴുവന്‍ ശ്രീ പണ്ഡാരവകയാക്കി മാറ്റിയ ശേഷം 'ശ്രീപണ്ഡാരകാര്യം ചെയ്‌വര്‍കള്‍' എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍•ാര്‍ അറിയപ്പെടാന്‍ തുടങ്ങി. അതായത് സ്വാമി കാര്യത്തിനുവേണ്ടി ധനവിനിയോഗം ചെയ്യുന്ന ആളുകള്‍ എന്നു സാരം. താലൂക്കുകളുടെയും ജില്ലകളുടെയും പേരുകളും 'മണ്ഡപത്തും വാതുക്കല്‍' (ക്ഷേത്രസന്നിധാനം എന്നര്‍ത്ഥം) എന്നുമാറ്റുകയും ചെയ്തു. ലോകചരിത്രം പരിശോധിച്ചാല്‍ രാജാവ് ദൈവത്തിന്റെ പ്രതിനിധിയാകുന്നത് ഇതാദ്യമായിട്ടല്ല. യൂറോപ്പില്‍ പതിനാറു മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന 'ദൈവദത്താവകാശസിദ്ധാന്തത്തിനു' സാമ്യമുള്ളതാണിത്. അവരും കരുതിയിരുന്നത് രാജാവിനെ ചോദ്യം ചെയ്യുന്നത് ദൈവത്തിനെ ചോദ്യം ചെയ്യുന്നതിന് തുല്യമായിട്ടാണ്. ഇതുമൂലം രാജഭരണം പോറലേല്‍ക്കാതെ സുരക്ഷിതമായി തുടരാനായി. എന്നാല്‍ ഇതൊരു തുടര്‍പ്രക്രിയയാക്കാന്‍ ഇരുകൂട്ടര്‍ക്കും ആയില്ല.


മുറജപവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന പല സമ്പ്രദായങ്ങളും ഓര്‍മിപ്പിക്കുന്ന പേരുകള്‍ ഈയടുത്തകാലം വരെ തിരുവിതാംകൂറില്‍ പ്രയോഗത്തിലിരുന്നു. മുറജപത്തില്‍ പങ്കെടുക്കാനായി രാജാവ് നേരിട്ട് നീട്ട് കൊടുത്തുവിട്ട്, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തിരുനാവായ്, ത്രീശൂര്‍ വാധ്യാ•ാര്‍ തുടങ്ങിയ പ്രമുഖരെ ക്ഷണിച്ച് കൂട്ടിക്കൊണ്ടു വരുമായിരുന്നു. ഈ സമ്പ്രദായത്തിന് പറയുന്ന പേര് 'അടിയന്തരമെന്നാണ്'. ഇങ്ങനെയെത്തുന്ന അതിഥികളെ 'അടിയന്തരക്കാര്‍' എന്നും. ഇതേത്തുടര്‍ന്ന്, ക്ഷണപ്പത്രിക നല്‍കി ക്ഷണിച്ചു പോകുന്ന ചടങ്ങിന് (സദ്യയുമുണ്ടായിരിക്കും) അടിയന്തരത്തിന് പോകുന്നുവെന്ന പ്രയോഗം കടന്നു വന്നു. 'വിവാഹാടിയന്തരം', മരണം കഴിഞ്ഞുള്ള 'പതിനാറടിയന്തരം' എന്നൊക്കെ ഇപ്പോഴും ചില സ്ഥലങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നു.
വര്‍ഷംതോറും നടത്തുന്ന കര്‍മ്മമാണ് ഭദ്രദീപം. ഭദ്രദീപം കൊളുത്തുന്നത് സുര്യന്‍ ധനുവില്‍ നിന്നു മകരത്തിലേക്കും മിഥുനത്തില്‍ നിന്നു കര്‍ക്കിടകത്തിലേക്കും സംക്രമിക്കുന്ന അയനസംക്രാന്തി ദിവസമാണ്. അതനുസരിച്ച് കൊല്ലത്തില്‍ രണ്ടു ഭദ്രദീപ പ്രതിഷ്ഠകളും രണ്ടു ഭദ്രദീപശ്രീബലികളുമുണ്ട്. ഈ ശ്രീബലി ശീവേലികളെയാണ് മകരശ്ശീവേലി (മാര്‍കഴി ഭദ്രദീപം)യെന്നും കര്‍ക്കിടകശ്ശീവേലി (ആടിഭദ്രദീപം)യെന്നും പറയുന്നത്. കൊല്ലംതോറും രണ്ടുവീതം ഭദ്രദീപങ്ങള്‍. അങ്ങനെ ആറുകൊല്ലം കൊണ്ട് പന്ത്രണ്ടു ഭദ്രദീപങ്ങളാകുമ്പോള്‍ മുറജപം ആരംഭിക്കുകയായി.


1744 ജൂലൈ 5 നാണ് ആദ്യത്തെ ജപയജ്ഞമാരംഭിച്ചത്. 1750 ല്‍ ആദ്യത്തെ മുറജപവും നടന്നു. 1747ല്‍ ഒരു മുറജപം നടന്നതായും പറയപ്പെടുന്നുണ്ട്. മകരം ഒന്നു മുതല്‍ ഏഴു വരെയും കര്‍ക്കിടം ഒന്നു മുതല്‍ ഏഴു വരെയും ജപയജ്ഞം. ഇങ്ങനെ അഞ്ചുകൊല്ലം തുടര്‍ന്ന് ആറാംകൊല്ലം അന്‍പത്താറുദിവസത്തെ' ജപയജ്ഞവും ലക്ഷദീപവും നടക്കുന്നു. ഈ ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും വേദജപം. വേദത്തിന്റെ ഒരു സംഹിത ഏഴു ദിവസം കൊണ്ടു ജപിച്ചാല്‍ ഒരു മുറ. ഇങ്ങനെ എട്ടുമുറയായാല്‍ മുറജപമായി.
മുറജപത്തിന് സാമുദായിക പ്രാധാന്യം അക്കാലത്തുണ്ടായിരുന്നു. ഈ കര്‍മ്മത്തിന് വൈദിക•ാര്‍ ഒരുമിച്ചു കൂടുന്നതുമൂലം നമ്പൂതിരിമാരുടെയും ക്ഷത്രിയ•ാരുടെയും സാമുദായിക കാര്യങ്ങള്‍ വിചാരണചെയ്ത് വിധികല്പിക്കുകയും പതിവായിരുന്നു. പലപ്പോഴും ഏകകണ്ഠമായ തീരുമാനങ്ങളാണ് നമ്പൂതിരിമാരുടെ യോഗം കൈകൊണ്ടിരുന്നതെങ്കിലും അല്ലാതുള്ള സന്ദര്‍ഭങ്ങളും വിരളമായിരുന്നില്ല. യോഗത്തിലെ വിഭിന്നവ്യക്തിത്വമുള്ള പണ്ഡിത•ാരുടെ മത്സരങ്ങള്‍ നമ്പൂതിരിസമുദായത്തെ ഊര്‍ജ്ജസ്വലമാക്കാന്‍ പോന്നവയായിരുന്നു. ഉദാഹരണമായി 997 ലും 1015 ലും നടന്ന മുറജപക്കാലത്ത് റാണി പാര്‍വ്വതീഭായിയുടെയും സ്വാതിതിരുനാളിന്റെയും ഇംഗിതമനുസരിച്ച്, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ജാതിഭ്രഷ്ടരായ പരപ്പനാടു വാഴുകുറിയേടത്തു കോവിലകത്തെ ഒരു ശാഖയില്‍പ്പെട്ട രാജാക്ക•ാരെയും അവരുടെ 'സ്ത്രീകളെയും പ്രായശ്ചിത്തങ്ങള്‍ ചെയ്യിച്ചു തിരിച്ചെടുക്കുകയുണ്ടായത് പ്രധാനപ്പെട്ട ഒരു സംഭവമാണ്.

 

മുറജപവുമായി ബന്ധപ്പെട്ട മറ്റു ചില കര്‍മ്മങ്ങളാണ് 'ദക്ഷിണ', 'കമുത്തിക്കെട്ടും മലത്തിക്കെട്ടും' 'തിരുമുല്‍ക്കാഴ്ച', 'തിലപാത്രദാനം' തുടങ്ങിയവ. വേദജപവും മന്ത്രജപവുമൊക്കെ ക്രമം തെറ്റാതെ നടന്നവസാനിക്കുമ്പോള്‍ ഋഗ്വേദിക്കും യജൂര്‍വേദിക്കും സാമവേദിക്കുമെല്ലാം അവസ്ഥാനുസരണം നല്‍കുന്നതാണ് 'ദക്ഷിണ'. ജപക്കാരനും ക്ഷണിച്ചു വരുത്തിയ അതിഥികള്‍ക്കും യഥാക്രമം വെറ്റിലയും അടയ്ക്കയും കൊടുക്കുന്ന രീതിയാണ്'കമുത്തിക്കെട്ടും മലത്തിക്കെട്ടും'. കമുത്തിക്കെട്ടില്‍ 10 വെറ്റില, 2 പഴുക്കടയ്ക്ക 6 പാക്ക് എന്നിവയും മലത്തിക്കെട്ടില്‍ 16 വെറ്റില, 3 അടയ്ക്ക, 9 പാക്ക്, 2 പുകയില എന്നിവയുമുണ്ടായിരിക്കും.


മുറജപകാലത്ത് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്ക് വിശേഷാല്‍ ദക്ഷിണകൊടുക്കുന്നതാണ് 'തിരുമുല്‍ക്കാഴ്ച', സ്വര്‍ണപൂജാപാത്രങ്ങളും രണ്ടായിരം പണവുമാണിത്. മുറജപം മുടങ്ങാതെ നടക്കാനായി ഗണപതിഹോമം നടത്തുന്നതിന് തരണനല്ലുരു നമ്പുതിരിപ്പാട്, ഇടങ്ങഴിയില്‍ കൂടുതല്‍ വെള്ളം കൊള്ളുന്ന എള്ളു നിറച്ച ചെമ്പുപാത്രങ്ങള്‍ മന്ത്രപൂര്‍വം ദാനം ചെയ്യുന്നതാണ് 'തിലപാത്രദാനം'. ബാലരാമവര്‍മ മഹാരാജാവിന്റെ ഭരണകാലത്ത് നടന്ന മുറജപം തിരുവിതാംകൂറിന്റെ ചരിത്രഗതിയെത്തന്നെ നിയന്ത്രിക്കാന്‍ പോന്നതായിരുന്നു. 1805ലെ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഭീമമായ ഒരു തുക പ്രതിവര്‍ഷം തിരുവിതാംകൂര്‍ നല്‍കണമായിരുന്നു. അധികാരമോഹിയും ബ്രിട്ടീഷുകാരന്റെ പിന്തുണകൊണ്ട് ദിവാനുമായ ഉമ്മിണിത്തമ്പി കപ്പത്തുക അടയ്ക്കാന്‍ രാജാവിനെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ആ കൊല്ലത്തെ മുറജപം നടത്തേണ്ടെന്നും അതിനു ചെലവാകുന്ന പണം കമ്പനിയുടെ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ ഉപയോഗിക്കണമെന്നുമായിരുന്നു ദിവാന്റെ വാദം. റസിഡന്റ് മെക്കാളെയും അതിനോട് യോജിച്ചു. എന്നാല്‍ മതപരമായ ഈ അനുഷ്ഠാനത്തില്‍ നിന്ന് രാജാവിനെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നു കണ്ട്, ബ്രിട്ടീഷു ഗവണ്‍മെന്റ് മുറജപം നടത്താന്‍ അനുവാദം നല്‍കി. ഈ മുറജപകാലത്ത് മെക്കാളെ തിരുവനന്തപുരത്തു കൊണ്ടുവന്ന ഒരു ബറ്റാലിയന്‍ പട്ടാളത്തെയും പീരങ്കികളെയും തിരുവിതാംകൂറില്‍ സ്ഥിരമായി നിര്‍ത്തിയത്' തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലില്‍ ബ്രിട്ടീഷുകാരന്‍ കെട്ടിയ മറ്റൊരു ചങ്ങലയായിരുന്നു.


ജപം പോലെ തന്നെ പ്രാധാന്യമുള്ളതാണ് മുറജപക്കാലത്തെ വിഭവസമൃദ്ധമായ സദ്യയും. എരിശേ്ശരി, പുളിശേ്ശരി, ഓലന്‍, ശര്‍ക്കര ഉപ്പേരി, കാളന്‍, പപ്പടം, വറുത്തുപ്പേരി, കൊണ്ടാട്ടം, ഉപ്പിലിട്ടത്, നെയ്യ്, കട്ടത്തൈര്, പഴം തുടങ്ങിയ വിഭവങ്ങള്‍ സദ്യയെ കേമമാക്കുന്നു. പഴപ്രഥമന്‍ മുറജപ സദ്യയ്ക്ക് നിര്‍ബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ചരിത്രകഥയുണ്ട്. സദ്യവട്ടങ്ങളെക്കുറിച്ച് രാജാവും രാമയ്യനുമായി സംസാരിച്ച് വിഭവങ്ങള്‍ തീര്‍ച്ചയാക്കിയിട്ടും രാജാവ് 'പിന്നെയോ രാമയ്യാ' എന്ന ചോദ്യം അവസാനിപ്പിച്ചില്ല. ആ സമയത്ത് ശത്രുക്കള്‍ എത്തിയ വാര്‍ത്തയറിഞ്ഞ് അവര്‍ പിരിഞ്ഞു. വീണ്ടും കാര്യാലോചനമുറിയിലെത്തിയപ്പോള്‍ രാജാവ് സംഭാഷണം തുടങ്ങിത് 'പിന്നെയോ രാമയ്യാ' എന്നു തുടങ്ങിയാണ്. രാമയ്യന്റെ മറുമൊഴി ഉടന്‍ 'പഴപ്രഥമന്‍' അങ്ങനെ മുറജപസദ്യയ്ക്ക് പഴപ്രഥമന്‍ നിര്‍ബന്ധമാക്കി. മുറജപസദ്യയെക്കുറിച്ച് രവിവര്‍മ്മന്‍തമ്പിയെഴുതിയ ഒരു ശേ്‌ളാകത്തിലെ ഈ വരികള്‍
'സ്വര്‍ഗം ഭൂലോകമത്രേ പ്രഥമനമൃതിനേ
ക്കാള്‍ വിശേഷം വിശേഷം!''
പ്രഥമന്റെ സവിശേഷത വരച്ചു കാട്ടുന്നു.

OTHER SECTIONS