തലസ്ഥാനം ലഹരി മാഫിയയുടെ പിടിയില്‍: കുത്തിയവരും കുത്തേറ്റവരും ക്രിമിനല്‍ കേസിലെ പ്രതികള്‍: കുത്തേറ്റ രണ്ട് പേര്‍ അപകടനില തരണം ചെയ്തു

By online desk.16 03 2019

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനനഗരി കീഴടക്കി ലഹരി മാഫിയ സംഘം. രണ്ടാഴ്ചക്കിടെ പൊലിഞ്ഞത് പോയത് മൂന്ന് ജീവനുകള്‍. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ശ്രീവരാഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്താണ് അര്‍ജുന്‍, രജിത്ത്, ശ്രീജിത്ത്, മനോജ് എന്നിവര്‍ തമ്മില്‍ മദ്യലഹരിയില്‍ വാക്കേറ്റമുണ്ടാകുന്നത്. പ്രശ്‌നം പരിഹരിക്കാനെത്തിയ മണിക്കുട്ടനെന്ന ശ്യാമിനെ (28) ഈ മാഫിയ സംഘത്തിലൊരാളായ അര്‍ജുന കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രജിത്ത്്, മനോജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുത്തിയവരും കുത്തേറ്റവരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മദ്യപിക്കുകയായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

 

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാമിന് കുത്തേറ്റത്. ഏറ്റുമുട്ടലില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി കുത്തേറ്റിരുന്നു. സുഹൃത്തുക്കളായ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒളിവില്‍പോയ പ്രതി അര്‍ജുന് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. മുംബൈയില്‍ ജോലി ചെയ്തിരുന്ന അര്‍ജുന്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
തലസ്ഥാനം ലഹരിമാഫിയ സംഘത്തിന്റെ കൈപിടിയിലൊതുങ്ങിയിരിക്കുകയാണെന്ന് വിമര്‍ശനം നേരത്തെ തന്നെയുണ്ടായിരുന്നു. മൂന്നാഴ്ചക്കിടെ ലഹരി സംഘം കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളാണ് ശ്യാം. കഴിഞ്ഞ ദിവസം കരമനയിലുണ്ടായ കൊലപാതകത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളായിരുന്നു. ചിറയിന്‍കീഴിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയതും മയക്ക് മരുന്ന് ലഹരിയിലായിരുന്നു. ശരിയായ പരിശോധനയില്ലാതെ പൊലീസിനോ എക്‌സൈസിനോ ലഹരി വിതരണ റാക്കറ്റിനെ തൊടാനാകില്ല എന്നത് ഉറപ്പാണ്. ലഹരിമരുന്ന് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ലഹരി മരുന്ന് മാഫിയയെ തടയിടാനായി കര്‍ശനമായ പരിശോധന നടത്തുമെന്നും കമ്മിഷണര്‍ സഞ്ജയ്കുമാര്‍ ഗുരുഡിന്‍ അറിയിച്ചു.


അനിയനെപ്പോലെ കണ്ട മണിക്കുട്ടന്‍ ഇന്നില്ല

 

ശ്രീവരാഹത്ത് പുന്നപുറം-കോട്ടക്കുഴി കോളനിയിലെല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു മണിക്കുട്ടന്‍. സിപിഐഎം പാര്‍ട്ടി പ്രവര്‍ത്തകനായതിനാല്‍ പൊതുപ്രവര്‍ത്തനത്തിലും സാമൂഹ്യകാര്യങ്ങളിലും ഇടപെടുമായിരുന്നു. വീടിനടുത്തുള്ള അമ്പലത്തിലെ ആഘോഷങ്ങള്‍ക്കായി ഉത്സാഹത്തോടെ എല്ലാ തയ്യാറെടുപ്പുകളെടുക്കണം എന്ന് പറഞ്ഞ് വ്യാഴാഴ്ച രാത്രി 9 മണിയോടെ സുഹൃത്തുക്കളെ കാണാന്‍ പോയതായിരുന്നു.


ശ്രീവരാഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയില്‍ രാത്രി 10 നും 11 നും ഇടയിലാണ് സംഭവം നടക്കുന്നത്. മദ്യലഹരിയിലായിരുന്ന അര്‍ജുനും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമുണ്ടായി. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇവരെ പിടിച്ച് മാറ്റുന്നതിനാണ് ശ്യാമിനൊപ്പം ഉണ്ണിക്കണ്ണന്‍, വിമല്‍, എന്നിവരെത്തുന്നത്. പ്രശ്‌നപരിഹരിക്കപ്പെട്ടുവെന്നറിഞ്ഞ് തിരികെ മടങ്ങവെ ശ്യാമിനെ വയറിന്റെ വശത്തായി അര്‍ജുന്‍ കുത്തുകയായിരുന്നു. കുത്തേറ്റ് ശ്യാം തറയില്‍ വീണു. ഒപ്പമുണ്ടായിരുന്ന ഉണ്ണിക്കണ്ണനും വിമലിനും കുത്തേറ്റു. ഉണ്ണിക്കണ്ണനെ കിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അപകടനില തരണം ചെയ്തുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിമലിന്റെയും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ശ്യാമിന് ആഴത്തിലുള്ള മുറിവുണ്ടായതാണ് മരണകാരണം. കത്തിയാണോ പൊട്ടിയ കുപ്പി വെച്ചാണോ കുത്തിയതെന്ന് വ്യക്തമല്ല. സംഭവം നടന്നയുടനെ ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞില്ല. നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഫോര്‍ട്ട് പൊലീസ് ഫോണ്‍ വിളിച്ചതിന് ശേഷമാണ് ശ്യാമിന്റെ മരണവിവരം വീട്ടുകാരും മറ്റുള്ളവരും അറിയുന്നത്. ശക്തമായ അന്വേഷണത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുക്കാനായി. അര്‍ജുനെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്-ശ്യാമിന്റെ അച്ഛന്റെ അനിയന്റെ മകനായ ബിനു പറയുന്നു.

 

നഷ്ടപ്പെട്ടത് കുടുംബത്തിലെ ഒരേയൊരു ആണ്‍തരി

 

ശ്യാമിന് രണ്ട് സഹോദരിമാരാണുള്ളത്. ശ്യാമ,ശ്യാമിലി.ഇവരുടെ വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിക്കുകയാണ്. ശ്യാമിന്റെ അച്ഛനായ രാമചന്ദ്രനും ശശികലയ്ക്കും ഈ വാര്‍ദ്ധക്യ കാലത്തെ തണല്‍മരമായി നിന്നിരുന്ന ശ്യാമിനെയാണ് ലഹരിയില്‍ മതിമറന്ന് അര്‍ജുനെന്ന ചെറുപ്പക്കാരന്‍ കൊലപ്പെടുത്തിയത്. 80 കൊല്ലം മുമ്പ് പട്ടംതാണുപിള്ള നഗരസഭാ ഉദ്യോഗസ്ഥര്‍ക്കായി അനുവദിച്ച നല്‍കിയ ക്വാര്‍ട്ടേഴ്‌സിലാണ് ശ്യാമും ബന്ധുക്കളും രണ്ട് വീടുകളായി താമസിക്കുന്നത്. തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ കോളനികളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം അനുവദിക്കാതെ വര്‍ഷങ്ങളോളം ബുദ്ധിമുട്ടിയിരുന്നു. ചെങ്കല്‍ചൂളയിലും സര്‍ക്കാര്‍ പട്ടയം അനുവദിച്ച് നല്‍കിയിരുന്നു. ഇനി നഗരത്തില്‍ കോട്ടക്കുഴി-പുന്നപ്പുറം കോളനിയില്‍ മാത്രമാണ് പട്ടയം അനുവദിക്കാത്തത്്. നിരവധി കുടുംബങ്ങളാണിവിടെ കഷ്ടപ്പാടോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

 

14000 രൂപ നഗരസഭ നല്‍കുന്ന പെന്‍ഷനും ശ്യാമിന്റെ വരുമാനവുംകൊണ്ടാണ് ഈ കുടുംബം പുലര്‍ന്നിരുന്നത്. നഗരസഭയിലെ സ്വീപ്പര്‍ ജോലിയായിരുന്നു ശ്യാമിന്റെ അച്ഛനും അച്ഛന്റെ സഹോദരനും ചെയ്തിരുന്നത്. 30 വര്‍ഷത്തോളം നഗരസഭയില്‍ ജോലി ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പുന്നപുറം കോളനിയിലെ പട്ടയപ്രശ്‌നവും ജനശ്രദ്ധയിലേക്ക് കടന്നിട്ടുണ്ട്. മണിക്കൂറുകള്‍ക്ക് മുമ്പ് കണ്ട കൊച്ചനിയന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ബന്ധുവായ ബിനുവിനെയും മാനസികമായി തളിര്‍ത്തിയിട്ടുണ്ട്്. ശ്യാമിന്റെ അച്ഛനും അമ്മയും വാര്‍ദ്ധക്യസഹജമായി അസുഖങ്ങളുള്ളവരാണ്. കുടുംബത്തിലെ മറ്റു ബന്ധുക്കളുടെ കരുണയോടെ മാത്രമേ ഇനിയുള്ള ജീവിതം ഈ മാതാപിതാക്കള്‍ക്ക് മുന്നോട്ട് കൊണ്ടുപോകാനാകൂ.

OTHER SECTIONS