സഞ്ജു മുന്നിൽ നിന്ന് നയിച്ചു, രാജസ്ഥാന് പൊരുതാവുന്ന സ്‌കോർ; ഹൈദരാബാദിന് 165 റൺസ് വിജയലക്ഷ്യം

By സൂരജ് സുരേന്ദ്രന്‍.27 09 2021

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 165 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്.

 

അവസരത്തിനൊത്തുയരുന്ന ഗംഭീര പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ചവെച്ചത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 57 പന്തിൽ 7 ബൗണ്ടറിയും 3 സിക്‌സറും 82 റൺസെടുത്ത് ടീമിനെ സുരക്ഷിത കരങ്ങളിലാക്കിയാണ് മടങ്ങിയത്.

 

അവസാന ഓവറിലെ രണ്ടാം പന്തിൽ സിദ്ധാർഥ് കൗൾ ആണ് സഞ്ജുവിനെ പുറത്താക്കിയത്. ഈ ഇന്നിങ്‌സിന്റെ ബലത്തില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ സഞ്ജു ധവാനെ മറികടന്ന് ഒന്നാമതെത്തി.

 

നിലവില്‍ പത്തുമത്സരങ്ങളില്‍ നിന്ന് 433 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഒപ്പം ഐ.പി.എല്ലില്‍ 3000 റണ്‍സ് മറികടക്കുകയും ചെയ്തു. 23 പന്തുകളില്‍ നിന്ന് ഒരു സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 36 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും രാജസ്ഥാന്റെ സ്കോറിങ്ങിന് വേഗം കൂട്ടി.

 

അനാവശ്യ ഷോട്ടിന് ശ്രമിച്ച ജയ്‌സ്വാളിനെ സന്ദീപ് ശർമ്മ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

 

ഹൈദരാബാദിന് വേണ്ടി ബൗളിങ്ങിൽ സിദ്ധാർഥ് കൗൾ 2 വിക്കറ്റും, സന്ദീപ് ശർമ്മ, ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

OTHER SECTIONS