വാഹനമോടിച്ചത് വഫയെന്ന് ശ്രീറാം; താൻ മദ്യപിക്കാത്ത ആളാണെന്നും വിശദീകരണം

By Sooraj Surendran.09 10 2019

imran-azhar

 

 

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കാറിടിച്ച് മരിച്ച സംഭവത്തിൽ വിശദീകരണവുമായി സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ രംഗത്ത്. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം അഭ്യർത്ഥിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേജുള്ള വിശദീകരണകുറിപ്പ് ചീഫ് സെക്രട്ടറിക്ക് ശ്രീറാം നൽകി.

 

താൻ മദ്യപിക്കാത്ത ആളാണെന്നും, അപകടം നടക്കുന്ന സമയം വഫ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നും ശ്രീറാം വിശദീകരണ കുറിപ്പിൽ പറയുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ശ്രീരാമൻ വാദിച്ചു. മനഃപൂർവമല്ലാത്ത അപകടമാണ് നടന്നതെന്നും, അപകടം നടന്നയുടൻ ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നതായും ശ്രീറാം വെങ്കിട്ടരാമൻ പറയുന്നു. ഓഗസ്റ്റ് 3 രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്.

 

ശ്രീറാം നൽകിയ വിശദീകരണ കുറിപ്പ് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി പരിശോധിക്കുകയും ശേഷം തുടർനടപടികളിലേക്ക് കടക്കും. അതേസമയം ആവശ്യമായി വന്നാൽ സമിതി മുന്‍പാകെ വിശദീകരണം നല്‍കുന്നതിന് ശ്രീറാമിന് അവസരം നല്‍കുമെന്നും സമിതി പറഞ്ഞു. വിശദീകരണ കുറിപ്പിൽ ശ്രീറാം തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾ പാടെ തള്ളിക്കളയുകയായിരുന്നു.

 

OTHER SECTIONS