സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; നടന്‍ : സുരാജ്, നടി: കനി കുസൃതി

By വീണ വിശ്വന്‍.13 10 2020

imran-azhar

തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറംമൂടും (ആന്‍ട്രോയിഡ് കുഞ്ഞപ്പന്‍, വികൃതി ), മികച്ച നടിക്കുള്ള പുരസ്‌കാരം കനി കുസൃതിയും (ബിരിയാണി) നേടി. മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്), മികച്ച സിനിമ വാസന്തി, മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വഭാവ നടി സ്വാസിക വിജയ് (വാസന്തി), മികച്ച സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ്) പ്രത്യേക ജൂറി പരാമര്‍ശത്തിന് നിവിന്‍ പോളിയും (മൂത്തോന്‍), അന്ന ബെന്‍ (ഹെലന്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും സ്വന്തമാക്കിയ വാസന്തിയുടെ സംവിധായകര്‍ റഹ്മാന്‍ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവരാണ്.  മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിന് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഒരുക്കിയ രതീഷ് പൊതുവാള്‍ അര്‍ഹനായി. നടന്‍ വിനീത് കൃഷ്ണന്‍ ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെ മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള പുരസ്‌കാരം നേടി.പ്രതാപ് വി. നായരാണ് മികച്ച ഛായാഗ്രാഹകന്‍. ഫഹദ്,നസ്രിയ,ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ നിര്‍മാതാക്കള്‍ക്കുള്ള പുരസ്‌കാരം നേടി.

 


മറ്റ് പുരസ്‌കാരങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രം : കെഞ്ചിര
മികച്ച പിന്നണി ഗായകന്‍ : നജിം അര്‍ഷാദ്
മികച്ച പിന്നണി ഗായിക : മധു ശ്രീ നാരായണന്‍
മികച്ച ചിത്ര സംയോജകന്‍ : കിരണ്‍ ദാസ്
മികച്ച നടന്‍ പ്രത്യേക ജൂറി പരാമര്‍ശം : നിവിന്‍ പോളി
മികച്ച നടി പ്രത്യേക ജൂറി പരാമര്‍ശം : അന്ന ബെന്‍
മികച്ച ക്യാമറാമാന്‍ : പ്രതാപ് പി നായര്‍
മികച്ച നവാഗത സംവിധായകന്‍ : രതീഷ് ബാലകൃഷ്ണ പൊതുവാള്‍
മികച്ച ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്

 

 

 119 സിനിമകളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ നല്ലൊരു പങ്കും റിലീസ് ചെയ്യാത്തതാണ്. അഞ്ചോളം സിനിമകള്‍ കുട്ടികളുടെതാണ്. മത്സരത്തിലുണ്ടായിരുന്ന 71 ചിത്രങ്ങള്‍ നവാഗത സംവിധായകരുടെതായിരുന്നു. ഇത് സിനിമ സാംസ്‌കാരിക മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്കുന്നതെന്നും മന്ത്രി പറഞ്ഞു. ഛായാഗ്രഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രഹകന്‍ വിപിന്‍ മോഹന്‍, ചിത്രസംയോജകനായ എല്‍. ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരടങ്ങുന്ന ജൂറിയാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.

OTHER SECTIONS