നന്മയെ കൊല്ലുന്ന മതാന്ധത

By online desk.22 09 2019

imran-azharഅതീവ ഗൗരവമുള്ള കുറ്റമാണ് ഗുരുനിന്ദ. എന്നാല്‍ ഗുരുവിനെ വധിക്കുന്നത് അതില്‍ എത്രയോ വലയി തെറ്റാണ്. തെറ്റൊന്നും ചെയ്യാത്ത ഗുരുവിനെ മതവിശ്വാസത്തിന്റെ പേരില്‍ ദാരുണമായി കൊലപ്പെടുത്തിയിരിക്കുകയാണ് കൗമാരം കടക്കുന്ന ശിഷ്യന്‍. പാകിസ്ഥാനിലെ ബഹാവല്‍പൂരിലെ ഗവണ്‍മെന്റ് സാദിഖ് എഗെര്‍ട്ടണ്‍ കോളേജിലെ സീനിയര്‍ പ്രൊഫസറായിരുന്ന പ്രൊഫ. ഖാലിദ് ഹമീദിനെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു ശിഷ്യന്റെ ഗുരുദക്ഷിണ. അദ്ധ്യാപനമെന്നാല്‍ ഒരു ധ്യാനം പോലെയായിരുന്നു പ്രൊഫ.ഖാലിദിന്. രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ്, കുളിച്ച് വസ്ത്രം മാറി അദ്ദേഹം ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റില്‍ എത്തും. എട്ടുമണി മുതല്‍ക്കു തന്നെ ഏതൊരു വിദ്യാര്‍ത്ഥിക്കും അവിടെ വരാം. അദ്ദേഹത്തോട് സംശയങ്ങള്‍ ചോദിക്കാം. പ്രൊഫസര്‍ കൊല്ലപ്പെട്ട ആ പ്രഭാതത്തിലും അദ്ദേഹം തന്റെ പതിവ് തെറ്റിച്ചിരുന്നില്ല.
ഈ വര്‍ഷം മാര്‍ച്ച് 20ന് രാവിലെ എട്ടുമണിക്ക് ക്യാമ്പസ്സില്‍ എത്തിയ അദ്ദേഹം സ്റ്റാഫ് രജിസ്റ്ററില്‍ ഒപ്പിട്ടശേഷം സ്റ്റാഫ് റൂമിലെ തന്റെ കാബിന്‍ തുറന്ന്, അകത്തേക്ക് കയറി. പിന്നാലെ വന്ന കൊലയാളി വലിയ ഒരു പൂട്ടുകൊണ്ട് അദ്ദേഹത്തിന്റെ തലയ്ക്കു പിന്നില്‍ ആഞ്ഞടിക്കുകയായിരുന്നു. തുടര്‍ന്ന്, കയ്യില്‍ കരുതിയിരുന്ന കഠാരകൊണ്ട് അദ്ദേഹത്തെ തലങ്ങും വിലങ്ങും കുത്തി. ജോലിയില്‍ നിന്ന് വിരമിക്കാന്‍ കേവലം ആറുമാസം മാത്രം സമയം അവശേഷിച്ചിരുന്ന ആ അമ്പത്തൊമ്പതുകാരന്‍ തന്റെ സ്റ്റാാഫ്റൂമില്‍ ചോരയില്‍ കുളിച്ച് മരിച്ചു മരവിച്ചു കിടന്നു.
അദ്ദേഹത്തിന്റെ സ്വന്തം ശിഷ്യനായിരുന്നു കൊലയാളി. ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഖത്തീബ് ഹുസൈന്‍ ഒരു കടുത്ത ഇസ്ലാം മതവിശ്വാസിയായിരുന്നു. പ്രൊഫസര്‍ തന്റെ ലെക്ചറുകളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചിരുന്നതുകൊണ്ടാണ് താന്‍ ആ അക്രമം പ്രവര്‍ത്തിച്ചതെന്നാണ് ഹുസൈന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. സംഭവം നടന്ന് ആറുമാസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. തെഹ്രീക്-എ-ലബ്ബൈക് പാകിസ്ഥാനെന്ന തീവ്രസ്വഭാവമുള്ള ഒരു മതസംഘടനയിലെ ഒരു മൗലവിയാണ് ഹുസൈനെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആ വ്യക്തിയെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
നിഷ്ഠൂരമായ ഈ കൊലപാതകം പ്രൊഫസര്‍ ഹമീദിന്റെ കുടുംബത്തെയാകെ പിടിച്ചുലച്ചിരിക്കുന്നു. അവരുടെ ഏക അത്താണി ഇല്ലാതായി. സാദിഖ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ മൗനം തളംകെട്ടിക്കിടക്കുകയാണ്. അധ്യാപകരെല്ലാം അങ്കലാപ്പിലാണ്. പാശ്ചാത്യസ്വഭാവമുള്ള നവീനവിദ്യാഭ്യാസത്തിന് എന്നും പാകിസ്ഥാനിലെ യാഥാസ്ഥിതിക മതസംഘടനകള്‍ എതിരായിരുന്നു. എന്നാല്‍ ആ എതിര്‍പ്പ് അക്രമത്തിലേക്ക് വഴിമാറിയ സംഭവമായിരുന്നു ബഹാവല്‍പൂരിലേത്. കൊല ചെയ്തത് ഒരു വിദ്യാര്‍ത്ഥി തന്നെ ആയതുകൊണ്ട് അദ്ധ്യാപകരില്‍ പലര്‍ക്കും കുട്ടികളെ അഭിമുഖീകരിക്കാനോ അവരോട് പഴയപോലെ ഇടപെടാനോ ആവുന്നില്ല.
'വിദ്യാഭ്യാസത്തിന്റെ പുതുവഴികള്‍ പ്രോത്സാഹിപ്പിച്ചിരുന്ന ഉത്പതിഷ്ണുക്കളില്‍ ഒരാളായിരുന്നു പ്രൊഫ. ഹമീദ്...' ഡിപ്പാര്‍ട്ട്മെന്റിലെ ഇംഗ്ലീഷ് അസിസറ്റന്റ്് പ്രൊഫസര്‍മാരില്‍ ഒരാളായ ഇര്‍ഷാദ് തബസ്സും പറഞ്ഞു. അദ്ദേഹം മറ്റുചില യുക്തിവാദികളെയോ നാസ്തിക•ാരെയോ പോലെ 'തീവ്രമായി പ്രതികരിക്കുന്നയാളല്ലായിരുന്നു. തീര്‍ത്തും സൗമ്യശീലന്‍. യാതൊരുവിധ പ്രകോപനങ്ങള്‍ക്കും മുതിരാതെ, കുട്ടികളെ ഇംഗ്ലീഷ് സാഹിത്യവും മറ്റും പഠിപ്പിച്ചു കഴിഞ്ഞു കൂടിയിരുന്ന ഒരു സാത്വികന്‍. അദ്ദേഹത്തിനെ ഇങ്ങനെ ആക്രമിക്കാന്‍ എന്താണ് മതതീവ്രവാദസംഘടനകളെ പ്രേരിപ്പിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. കൊല്ലപ്പെടുന്നതിന് തലേന്ന് കോളേജില്‍ ഒരു ലഘുലേഖ വിതരണം ചെയ്യപ്പെട്ടു. പ്രൊഫ. ഹമീദ് നടത്താനിരുന്ന ഒരു സംവാദം നിരോധിച്ചുകൊണ്ടുള്ളതായിരുന്നു അത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് അഴിഞ്ഞാടുന്നത് അനുവദിക്കില്ലെന്നായിരുന്നു അതിലെ പ്രധാന ആക്ഷേപവും ഭീഷണിയും.
അക്രമിയായ ഹുസൈനെ ചോദ്യം ചെയ്ത പൊലീസിനോട് അയാള്‍ വെളിപ്പെടുത്തിയത്, 'പ്രൊഫസര്‍ ഹമീദ് എന്നും ക്ലാസില്‍ വന്ന് ഇസ്ലാമിനെതിരെ കുരയ്ക്കുമായിരുന്നു. മതനിന്ദ എന്നും പതിവായി നടത്തുമായിരുന്നു...' എന്നാണ്. എന്നാല്‍ കൃത്യമായി ഏതെങ്കിലും പരാമര്‍ശം എടുത്തു പറയാന്‍ ഹുസ്സൈന് ആയിരുന്നുമില്ല. ലോകത്തെ ഏതൊരു സര്‍വകലാശാലയില്‍ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പ്രൊഫസറെയും പോലെ പ്രൊഫ. ഹമീദിന്റെ ക്ലാസും തത്വശാസ്ത്രം, ചരിത്രം, മതം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലും വ്യാപാരിച്ചിരുന്നു. ഇനി അത്തരത്തില്‍ കുട്ടികളുമായി നടത്തിയ വല്ല ചര്‍ച്ചകളുമാണോ ഹുസൈനെ പ്രകോപിപ്പിച്ചത് എന്ന അത്ഭുതപ്പെടുകയാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍.
ഇനിയിപ്പോള്‍ ഏതെങ്കിലുമൊരു വിഷയം പഠിപ്പിക്കുന്നതിന് മുമ്പ് അത് പഠിപ്പിച്ചാല്‍ കൊല്ലപ്പെടുമോയെന്ന് രണ്ടുവട്ടം ആലോചിക്കേണ്ട അവസ്ഥയിലാണ് കോളേജിലെ അദ്ധ്യാപകര്‍. 'പത്തിരുപത്തഞ്ചു കൊല്ലമായി ഞാന്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. ഗ്രീക്ക് ട്രാജഡി പഠിപ്പിക്കുമ്പോള്‍ ഞാന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ നിര്‍ഭയം 'ഈഡിപ്പസ് റെക്‌സ്' പഠിപ്പിക്കുമായിരുന്നു. ഇനിയിപ്പോള്‍...' പ്രൊഫസര്‍ തബസ്സുമിന്റെ വാക്കുകളില്‍ ഭീതി നിഴലിക്കുന്നുണ്ട്. മുമ്പൊക്കെ ഭയപ്പാടില്ലാതെ ഉള്ളിലുള്ളത് കുട്ടികളോട് സംവദിച്ചിരുന്ന അദ്ധ്യാപകര്‍ ഇന്നതിന് മടിച്ചു നില്‍ക്കുകയാണ്. മതവുമായി വിദൂരബന്ധമെങ്കിലുമുള്ള വിഷയങ്ങളൊക്കെയും അധികം വിശദീകരിക്കാന്‍ നില്‍ക്കാതെ വെറുതെ പരാമര്‍ശിച്ചു പോവുകമാത്രമാണ് അവര്‍ ചെയ്യുന്നത്.
പാകിസ്ഥാനില്‍ മതതീവ്രവാദികള്‍ ഒളിഞ്ഞും മറഞ്ഞും സ്വാതന്ത്ര്യം കിട്ടിയ അന്നു മുതലേ ഉണ്ട്. എന്നാല്‍ അവര്‍ ശക്തിയാര്‍ജ്ജിക്കുന്നത് 1979ല്‍ ജനറല്‍ സിയാ ഉല്‍ ഹക്ക്, 'ഹുദൂദ് ഓര്‍ഡിനന്‍സ്' കൊണ്ടുവന്ന് രാജ്യത്ത് മതനിയമങ്ങള്‍ നടപ്പിലാക്കുന്നതോടെയാണ്. രണ്ടുവര്‍ഷം മുമ്പാണ്, ഓണ്‍ലൈനില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന്റെ പേരില്‍ അബ്ദുല്‍ വലി ഖാന്‍ എന്ന വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം വധിച്ചത്.
തികഞ്ഞ മതവിശ്വാസിയായിരുന്നു പ്രൊഫ. ഖാലിദ് ഹമീദ് എന്നും സൗദിയില്‍ ജോലി സംബന്ധമായി കഴിഞ്ഞിരുന്ന കാലത്ത് പലവട്ടം ഹജ്ജിനും ഉംറയ്ക്കും ഒക്കെയായി മെക്ക സന്ദര്‍ശിച്ചിരുന്ന, അഞ്ചു നേരം മുടങ്ങാതെ പ്രാര്‍ത്ഥിച്ചിരുന്ന ഒരു യഥാര്‍ത്ഥ മുസ്ലിം ആയിരുന്നു അദ്ദേഹമെന്ന് ഭാര്യയും മക്കളും ആവര്‍ത്തിക്കുന്നു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തം തുടരാന്‍ വേണ്ട സാമ്പത്തിക സഹായങ്ങള്‍ വരെ അദ്ദേഹം ചെയ്തു പോന്നിരുന്നു. സമൂഹത്തിന്റെ താഴെക്കിടയില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു ബിരുദം നേടാനായാല്‍ അതവരുടെ ഉന്നമനത്തിന് ഉതകുമെന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു പ്രൊഫ. ഹമീദ്. കഷ്ടിച്ച് ഇരുപതു വയസ്സുള്ള കൊലപാതകി, ഹുസ്സൈന്‍, വിചാരണ കാത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കൊലപാതകത്തിന് പ്രേരണ നല്‍കിയ മൗലവിയും നിഷ്പ്രയാസം ജാമ്യത്തിലിറങ്ങി.
നീതി നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് പ്രൊഫസര്‍ ഖാലിദ് ഹമീദിന്റെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ബന്ധുക്കളും.

 

 

 

 

 

OTHER SECTIONS