ലക്ഷങ്ങള്‍ ഫീസായി വാങ്ങി നിംസ് വഞ്ചിച്ചെന്ന് വിദ്യാര്‍ത്ഥികള്‍

By online desk.23 07 2019

imran-azhar

 

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ മാനേജ്‌മെന്റ് അധികൃതര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ ഫീസ് വാങ്ങി കോഴ്‌സ് മാറ്റി നല്‍കിയതായി ആരോപണം. നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റിയുടെ ഉപ കേന്ദ്രമായ തക്കലയിലെ നിംസ് യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. ബി.എസ്.സി സയന്‍സ് ആന്‍ഡ് അലയന്‍സ് കോഴ്‌സിന് അഡ്മിഷനെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ടെക്‌നിക്കല്‍ കോഴ്‌സ്. ഈ വിവരം വിദ്യാര്‍ത്ഥികള്‍ അറിയുന്നത് മൂന്നാംവര്‍ഷം പഠനം ആരംഭിച്ചപ്പോള്‍. ഇതോടെ കബളിപ്പിക്കപ്പെട്ട തങ്ങളെ രക്ഷിക്കണമെന്നു പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ വിദ്യാര്‍ത്ഥികള്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തു.ആറും ഏഴും ലക്ഷം രൂപ ഫീസ് നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ അഡ്മിഷനെടുത്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് പത്രപ്പരസ്യം കണ്ട് പഠിക്കാനെത്തിയത്. തുടക്കംമുതല്‍ ആവശ്യമായ സൗകര്യമൊന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കിയിരുന്നില്ല. ഇതേക്കുറിച്ച് മാനേജ്‌മെന്റിനോട് ചോദിക്കുമ്പോള്‍ പുതിയ കെട്ടിടം പണി നടക്കുകയാണെന്നും ഉടന്‍തന്നെ അവിടേക്ക് ക്‌ളാസുകള്‍ മാറുമെന്നായിരുന്നു മറുപടി. മാത്രമല്ല ഓരോ വിഷയവും പഠിപ്പിക്കാന്‍ ആവശ്യമായ അധ്യാപകരും കോളേജിലില്ലെന്ന് വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

 

ബി.എസ്.സി സയന്‍സ് ആന്‍ഡ് അലയന്‍സ് കോഴ്‌സിനാണ് അഡ്മിഷനെടുത്തത്. എന്നാല്‍ പഠനം ആരംഭിച്ച് ഇത്രയും നാളായിട്ടും ഒരു രോഗിയെ പോലും പരിശോധിക്കാനോ, അവരുടെ കാര്യങ്ങള്‍ നോക്കാനോ ആയിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതെന്ന് മനസിലായതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ടെക്‌നിക്കല്‍ കോഴ്‌സിനു ചേര്‍ന്നാല്‍ രോഗികളെ പരിശോധിക്കാനോ മറ്റൊന്നിനുമോ സാധിക്കില്ല. പക്ഷേ അഡ്മിഷന്‍ സമയത്ത് ഇതൊന്നും പറയാതെയാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയതെന്നും അവര്‍ ആരോപിക്കുന്നു. ഏഴുലക്ഷം രൂപവരെ ഡൊണേഷന്‍ നല്‍കിയാണ് അഡ്മിഷനെടുത്തത്. അതിനൊന്നും യാതൊരു തെളിവും ഇല്ല.എന്‍ജിനീയറിംഗ് വിഭാഗത്തിന് അംഗീകാരമുള്ള കോളേജാണിത്. ആ അംഗീകാരത്തിന്റെ മറവിലാണ് പാരാമെഡിക്കല്‍ കോഴ്‌സെന്നു പറഞ്ഞ് തങ്ങളെ പറ്റിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 2017–18 വര്‍ഷത്തെ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ബി.എസ്.സി സയന്‍സ് ആന്‍ഡ് അലയന്‍സ് കോഴ്‌സെന്നു പറഞ്ഞാണ് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിട്ടുള്ളത്. എന്നാല്‍ അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇവിടെയില്ല. നിംസിന്റെ വെബ്‌സൈറ്റിലും ബയോമെഡിക്കല്‍കോഴ്‌സെന്നാണ് പരസ്യപ്പെടുത്തിയിട്ടുള്ളത്.

 

എന്നാല്‍ ഈ കോഴ്‌സിന് അംഗീകാരമില്ലെന്ന് യുജസി അറിയിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാത്രമല്ല അഡ്മിഷന്‍ നടത്തിയത് തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയുടെ പേരിലായിരുന്നു. ഞങ്ങളെ കൊണ്ടുവന്നിരിക്കുന്നത് തക്കലയിലാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഈ സ്ഥാപനത്തിന് മെഡിക്കല്‍കോളേജിന്റെ സര്‍ട്ടിഫിക്കറ്റോ അംഗീകാരമോ ഇല്ല. പഠനം ആരംഭിച്ച് മൂന്നാം വര്‍ഷം എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.ലോണെടുത്തും കടം വാങ്ങിയുമാണ് ഫീസടച്ചത്. വീട് വിറ്റ് ഫീസടച്ച വിദ്യാര്‍ത്ഥികളുമുണ്ട്. ഫൈനിന്റെയും കുടിശികയുടെ പേരുപറഞ്ഞ് ദിവസക്കൊള്ളയാണ് ഇവിടെ നടക്കുന്നത്. പാരാമെഡിക്കല്‍ കോഴ്‌സ് പഠിപ്പിക്കണമെങ്കില്‍ മതിയായ ലാബ് സൗകര്യം വേണമെന്നാണ് ചട്ടം. ഇവിടെ അത്തരത്തിലുള്ള ഒരു ലാബ് പോലുമില്ല. എന്നിട്ടും ലാബ് ഫീസെന്നു പറഞ്ഞ് പണം വാങ്ങി. 12,000 രൂപ വാങ്ങിയ ശേഷം ഒരു ബാഗും ലോക്കല്‍ ഷൂസും മാത്രമാണ് നല്‍കിയത്. പഠന സൗകര്യമില്ലാത്ത കോളേജാണ് ഇവിടുത്തേതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. നിലവില്‍ ഈ തട്ടിപ്പിനിരയായത് 500ഓളം രക്ഷിതാക്കളാണ്. മൂന്നാംവര്‍ഷമായിട്ടും ഇതുവരെ ഒരു പാഠപുസ്തകം പോലും നല്‍കിയിട്ടില്ല. പിന്നെ എന്തുനോക്കി പഠിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. കോഴ്‌സിന്റെ ട്രെയിനിംഗിനായി ചില കോളേജുകളില്‍ അപേക്ഷിച്ചപ്പോള്‍ നിംസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതനുവദിക്കാനാകില്ലെന്നാണ് അറിയിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇപ്പോള്‍ പരിശീലനത്തിനായി എവിടെ പോകണമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് സപ്‌ളിമെന്ററി എഴുതേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ ഫലം വന്നപ്പോഴും ആദ്യം കിട്ടിയ മാര്‍ക്കില്‍ നിന്നും യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല. കഷ്ടപ്പെട്ട് ഉറക്കമിളച്ച് പഠിച്ച് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളാണ് സപ്‌ളിമെന്ററി പരീക്ഷയിലും പരാജയപ്പെട്ടത്. കോഴ്‌സിന്റെ ആദ്യവര്‍ഷം മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ് പ്രാക്റ്റിക്കല്‍ ലഭ്യമാക്കണമെന്ന്. അതു നല്‍കാന്‍ മാനേജ്‌മെന്റ് തയാറായിരുന്നില്ല. അവസാനം വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുത്ത് മുന്നോട്ടു വന്നതോടെ മാനേജ്‌മെന്റ് നിംസ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയി. അവിടെ ലാബും മറ്റു സൗകര്യങ്ങളും കാണിച്ചുകൊടുത്തതല്ലാതെ അതു പ്രവര്‍ത്തിപ്പിക്കാനോ പരിശീലനം നടത്താനോ അനുവദിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.വിദ്യാര്‍ത്ഥികളില്‍ ആര്‍ക്കെങ്കിലും സുഖമില്ലാതായി കോളേജില്‍ വരാന്‍ പറ്റാത്ത അവസരങ്ങളില്‍ ഫൈന്‍ വാങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും ഒരു ദയാദാക്ഷിണ്യവും മാനേജ്‌മെന്റ് കാണിച്ചില്ല. 250 രൂപയാണ് ഒരു ദിവസത്തെ ഫൈന്‍. എത്ര ദിവസമാണോ വരാതിരിക്കുന്നത് അത്രയും ദിവസം ഫൈന്‍ നല്‍കണം. നിംസിലാണ് ക്‌ളാസുകളെല്ലാം നടക്കുന്നതെന്നാണ് അഡ്മിഷന്‍ സമയത്ത് പറഞ്ഞത്. എന്നാല്‍ ഒരു ദിവസം പോലും അവിടെ ക്‌ളാസ് നല്‍കിയിട്ടില്ല. പാരാമെഡിക്കല്‍ കോഴ്‌സിലെ ഒരു ക്‌ളാസില്‍ 30 കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകാറില്ല. എന്നാല്‍ ഇവിടെ 45ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. പരിധി ലംഘിച്ചും അഡ്മിഷന്‍ നടത്തിയതിന് തെളിവാണിതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഈമാസം അഞ്ചിന് ഞങ്ങളുടെ ക്‌ളാസ് തുടങ്ങാനിരുന്നതാണ്. എന്നാല്‍ യുജിസി പരിശോധനയെ തുടര്‍ന്ന് ഇതുവരെ ക്‌ളാസ് തുടങ്ങിയിട്ടില്ല. അവര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ ഒരു ക്‌ളാസില്‍ ഇത്രയധികം വിദ്യാര്‍ത്ഥികളെ കണ്ടാല്‍ അംഗീകാരം പോകുമെന്നു ഭയന്നാണ് ഇതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിംസില്‍ അഡ്മിഷനെടുത്തത് ടെക്‌നിക്കല്‍ കോഴ്‌സ് പഠിക്കാനല്ല. അങ്ങെയെങ്കില്‍ നാട്ടില്‍ത്തന്നെ നിരവധി കോളേജുകളുണ്ട്. അവിടെ ചേരാമായിരുന്നു. ഇവിടെ ഞങ്ങളെ പറഞ്ഞു പറ്റിച്ചിരിക്കുകയാണ്. പത്തോളജിയും അനാട്ടമിയും പഠിപ്പിക്കാന്‍ ഒരു അധ്യാപകനാണ് ഉള്ളത്. ഇതുപോലെതന്നെ മറ്റു വിഷയങ്ങള്‍ക്കും. മതിയായ അധ്യാപകരെ പോലും ഇവിടെ നിയമിച്ചിട്ടില്ല. ഇന്റേഷന്‍ഷിപ്പ് മലേഷ്യയിലും ലക്ഷദ്വീപിലുമെന്നാണ് പറഞ്ഞാണ് അഡ്മിഷന്‍ നല്‍കിയത്. എന്നാല്‍ അതൊക്കെ ശുദ്ധ തട്ടിപ്പാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.ഇനി ഒരു വിദ്യാര്‍ത്ഥി പോലും പറ്റിക്കപ്പെടരുത്. അതിനാണ് ഈ ഫെയ്‌സ്ബുക്ക് ലൈവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഞങ്ങള്‍ ഇതുവരെ കൊടുത്ത ഫീസും ഡൊണേഷനും മറ്റും തിരിച്ചു വേണം. വളരെ കഷ്ടപ്പെട്ട് വീട്ടുകാര്‍ നല്‍കിയ കാശാണ് അത്. വെറുതെ നഷ്ടപ്പെടുത്താന്‍ തയാറല്ല. ഇപ്പോഴും വിദ്യാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് മാധ്യമങ്ങളില്‍ ഈ സ്ഥാപനം പരസ്യം നല്‍കുന്നുണ്ട്. ഈ ചതിക്കുഴിയില്‍ ആരും പെടരുത്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ വീഡിയോയില്‍ പറയുന്നു.


അതേസമയം ഈ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ കളവാണെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ വാദം. അഡ്മിഷന്‍ സമയത്തുതന്നെ ഇത് ടെക്‌നിക്കല്‍ കോഴ്‌സാണെന്ന് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും പറഞ്ഞിരുന്നു. പ്രോസ്‌പെക്റ്റസിലും അത് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷംവരെ കോളേജിലേക്കുള്ള അഡ്മിഷന്‍ നടത്തിയിരുന്നത് തിരുവനന്തപുരം മണക്കാട്ടെ സ്വകാര്യ ഏജന്‍സിയായിരുന്നു. എന്നാല്‍ ഈവര്‍ഷം അവരെ ഒഴിവാക്കി കോളേജ് നേരിട്ട് അഡ്മിഷന്‍ നടത്തി. ഇതിലുള്ള വിരോധമാകാം ഇപ്പോള്‍ വീഡിയോ പുറത്തു വന്നതിനു പിന്നിലെന്നും മാനേജ്‌മെന്റ് ബിഗ് ന്യൂസിനോടു പറഞ്ഞു. സ്വകാര്യ ഏജന്‍സി മുഖേന അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളാണ് വീഡിയോയിലുള്ളത്. അഡ്മിഷന്‍ നടത്താന്‍ അനുവദിക്കാതെ വന്നതോടെ വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ട് അസത്യമായ കാര്യങ്ങള്‍ ആരോപിക്കുകയാണ്. തക്കലയിലേത് ഒരു ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയാണ്. അതിനുള്ള അംഗീകാരം മാത്രമേ അവിടെയുള്ളു. ബയോമെഡിക്കല്‍ കോഴ്‌സിന് പ്രത്യേക ലാബ് സൗകര്യങ്ങള്‍ എല്ലാം ഒരുക്കണമെന്നത് മാനേജ്‌മെന്റിന് നന്നായറിയാം. വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങി പറ്റിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ആരോപണവുമായി രംഗത്തു വന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ഇന്ന് കോളേജില്‍ വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവരോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധി വ്യക്തമാക്കി. കോളേജുമായി ബന്ധപ്പെട്ട അംഗീകാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രേഖാമൂലം അവര്‍ക്ക് നല്‍കും. അതിനുശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.

OTHER SECTIONS