മരട് ഫ്‌ളാറ്റ്; തിരുത്തല്‍ ഹര്‍ജി സ്വീകരിച്ച് സുപ്രീം കോടതി

By mathew.11 09 2019

imran-azhar

 

ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീംകോടതി. കോടതി രജിസ്റ്ററിയാണ് ഹര്‍ജി സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി ഹര്‍ജി സ്വീകരിച്ചത് ഫ്‌ളാറ്റ് ഉടമകള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഈ മാസം 20നകം ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

 

ഗോള്‍ഡന്‍ കായലോരം റസിഡന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് ഇത്. ഫ്ളാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും അത് തിരുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിക്ക് സ്പെഷ്യല്‍ സെക്രട്ടറിയാണ് രൂപം നല്‍കിയത്. തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യല്‍ സെക്രട്ടറിയെ നിയമിച്ച് സമിതിയുടെ ഘടന മാറ്റിയത് കോടതിയുടെ അനുമതിയില്ലാതെയാണ്. മൂന്നംഗ സമിതി വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതും കോടതിയുടെ അനുമതിയോടെയല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരിക്കും തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക. സാധാരണ രീതിയില്‍ ചേംബറിലായിരിക്കും തിരുത്തല്‍ ഹര്‍ജികള്‍ പരിഗണിക്കുക. എന്നാല്‍, തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും അഞ്ചംഗ ബെഞ്ച് തന്നെ തീരുമാനമെടുക്കും.

 

OTHER SECTIONS