മരട് കേസ്; കുറ്റകരമായ അനാസ്ഥയെന്ന് സുപ്രീം കോടതി, ചീഫ് സെക്രട്ടറിക്ക് ശാസന

By mathew.23 09 2019

imran-azhar

 

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി ശാസിച്ചു. കേരളത്തിലെ മുഴുവന്‍ തീരദേശ ലംഘനവും പരിശോധിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കുമെന്നും കോടതി പറഞ്ഞു.

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്ര നാള്‍ വേണ്ടി വരുമെന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ച നല്‍കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെയും കോടതി വിമര്‍ശിച്ചു.

കേസ് പരിഗണിച്ച ഉടന്‍ തന്നെ കോടതി ചീഫ് സെക്രട്ടറിയെ അന്വേഷിച്ചു. തുടര്‍ന്ന് കോടതിയില്‍ പുറകിലിരുന്ന ചീഫ് സെക്രട്ടറി മുന്നോട്ട് വരികയായിരുന്നു. ഫ്ളാറ്റ് എന്ന് പൊളിക്കുമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ആദ്യം തന്നെ ചോദിച്ചത്. എത്രപേരാണ് കേരളത്തിലെ പ്രളയത്തില്‍ മരിച്ചതെന്നും പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കുന്നത് പൂര്‍ത്തിയായോ എന്ന കാര്യവും കോടതി ചീഫ് സെക്രട്ടറിയോട് അന്വേഷിച്ചു.

നേരത്തെ സ്വീകരിച്ച നിലപാട് ആവര്‍ത്തിച്ചതിനപ്പുറം കൂടുതല്‍ കടുത്ത നിലപാടിലേക്ക് കോടതി നീങ്ങുന്നുവെന്ന രീതിയിലായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പരാമര്‍ശങ്ങള്‍. ഒരു ഘട്ടത്തില്‍ ഈ അഞ്ച് ഫ്ളാറ്റുകളില്‍ താമസിക്കുന്ന 350 കുടുംബങ്ങളും പ്രളയത്തില്‍ ഒലിച്ചു പോകുന്ന സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് കേരള സര്‍ക്കാരിനായി ഹാജരായ ഹരീഷ് സാല്‍വെ ഇടപെടുകയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് സമയം ആവശ്യമാണെന്ന് കോതിയെ ബോധിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദേശിക്കുകയായിരുന്നു.

 

OTHER SECTIONS