റഫാല്‍ ഇടപാട്; പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

By mathew.14 11 2019

imran-azhar

 


ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള കോടതി വിധിക്കെതിരായി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് വിധിച്ചത്. ഹര്‍ജികളില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

 

ചൗക്കീദാര്‍ ചോര്‍ ഹേ(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും തള്ളി. ഭാവിയില്‍ രാഹുല്‍ കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി വ്യക്തമാക്കി. നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശത്തില്‍ ലോക്സഭാ എം.പി. മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത്

 

ഫ്രാന്‍സിലെ ദസൊ ഏവിയേഷനില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഡിസംബര്‍ 14നാണ് സുപ്രീംകോടതി തള്ളിയത്. ഇതിനെതിരെയായിരുന്നു പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

 

അഭിഭാഷകരായ എം.എല്‍. ശര്‍മ, വിനീത് ദണ്ഡ, രാജ്യസഭാംഗവും എ.എ.പി. നേതാവുമായ സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളുമായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൗരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്.

 

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകള്‍ സര്‍ക്കാര്‍ സുപ്രീംകോടതിക്ക് മുമ്പാകെ മറച്ചുവെച്ചെന്നായിരുന്നു ഹര്‍ജിക്കാര്‍ ആരോപിച്ചത്. റഫാല്‍ വിഷയത്തില്‍ സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്നും അത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള വിധിയിലെ പരാമര്‍ശം വസ്തുതാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ഹര്‍ജിക്കാരും അന്ന് തന്നെ രംഗത്തെത്തിയിരുന്നു.

 

ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നായിരുന്നു 2018 ഡിസംബര്‍ 14ന് സുപ്രീംകോടതി വിധിച്ചത്. സര്‍ക്കാര്‍ റിലയന്‍സിന് നേട്ടമുണ്ടാക്കിക്കൊടുത്തതായി തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. യുദ്ധവിമാനങ്ങളുടെ വില പരിശോധിക്കല്‍ തങ്ങളുടെ ജോലിയല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

OTHER SECTIONS