അനധികൃതമായി പാര്‍സല്‍ കടത്തി; കല്ലടയുടെ വൈറ്റില ഓഫീസ് അടപ്പിച്ചു; കര്‍ശന നടപടിയുമായി പോലീസ്

By anju.22 04 2019

imran-azhar

 

കൊച്ചി: യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വീസിനെതിരെ കര്‍ശന നടപടി. ഗതാഗത വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ സുരേഷ് കല്ലട ട്രാവല്‍സിന്റെ വൈറ്റില ഓഫീസ് പോലീസ് അടച്ചു പൂട്ടി. തെളിവ് ശേഖരിക്കുന്നതിനിടെ അനധികൃതമായി പാര്‍സല്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്നാണ് നടപടി.

 

വിഷയത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുദേഷ് കുമാര്‍ ഐ.പി.എസ് വ്യക്തമാക്കി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

കല്ലടയുടെ വൈറ്റിലയിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ ഓഫീസിലേക്ക് സംശയാസ്പദമായ തരത്തില്‍ പാര്‍സല്‍ കൊണ്ടുവന്നു. പ്രതിഷേധം നടക്കുന്നത് കണ്ടപ്പോള്‍ അത് തിരിച്ചു കൊണ്ടുപോയി. ഇക്കാര്യം പ്രവര്‍ത്തകര്‍ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കല്ലട ട്രാവല്‍സ് കേന്ദ്രീകരിച്ച് അനധികൃതമായി പാര്‍സല്‍ നീക്കം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് മരട് പോലീസ് ഓഫീസ് അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

 

യാത്രക്കാരെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനേത്തുടര്‍ന്ന് കൊച്ചി മരട് പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജയേഷ്, ജിതിന്‍, ഗിരിലാല്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഉടമ സുരേഷ് കല്ലടയെ വിളിച്ചുവരുത്തന്‍ വിളിച്ചുവരുത്താന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിര്‍ദ്ദേശം നല്‍കി.വിഷയത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ബസ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

OTHER SECTIONS