കല്ലട ബസ്സിലെ മർദ്ദനം: കേസ് അട്ടിമറിക്കാനുള്ള നീക്കം പുറത്ത്

By Anil.19 05 2019

imran-azhar

 

കൊച്ചി: കല്ലട ബസ്സിൽ യാത്രക്കാർക്ക് മര്‍ദ്ദനമേറ്റ സംഭവത്തെത്തുടർന്നുണ്ടായ കേസ് അട്ടിമറിക്കാനുള്ള നീക്കം പുറത്ത്. കേസിന്റെ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കെ ഏഴ് പ്രതികൾ ജാമ്യത്തിലിറങ്ങിയതോടെയാണ് ഇത് പുറത്തുവന്നത്. ജയേഷ്, രാജേഷ്, ജിതിന്‍, അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ തൃക്കാക്കര എ.സി.പി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

 

കല്ലട ബസില്‍ യാത്രക്കാരെ ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലടക്കം ഇതിനെതിരെ രോഷമുയർന്നതോടെ പോലീസ് കർശന നടപടി സ്വീകരിക്കുകയായിരുന്നു.

 

കേസില്‍ തിരിച്ചറിയല്‍ പരേഡ് നടക്കാനുണ്ടെന്ന വിവരം പ്രോസിക്യൂഷന്‍ കോടതിയില്‍ മറച്ചുവെച്ചതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭ്യമായതെന്നാണ് പറയപ്പെടുന്നത്. അതേസമയം ഒരു കോടതി അനുവദിച്ച ജാമ്യം അതേ കോടതിക്ക് തന്നെ റദ്ദാക്കാൻ കഴിയില്ലെന്നിരിക്കെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.

OTHER SECTIONS