ഭീകരവാദ ബന്ധം സംശയിക്കുന്ന തൃശൂര്‍ സ്വദേശി കസ്റ്റഡിയില്‍

By mathew.24 08 2019

imran-azhar

 


കൊച്ചി: ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലേയ്ക്ക് നുഴഞ്ഞു കയറിയെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഭീകരരെ സഹായിച്ചുവെന്ന് സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകന്‍ മുഖേന കോടതിയില്‍ കീഴടങ്ങാനെത്തിയ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റഹീമിനെ തമിഴ്‌നാട് പൊലീസിന് കൈമാറും. പോലീസ് പിന്‍തുടരുന്നതായി അറിഞ്ഞ് കോടതിയില്‍ കീഴടങ്ങാനൊരുങ്ങുമ്പോഴാണ് ഇയാളെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവതിയും പിടിയിലായി. യുവതി പെണ്‍വാണിഭ കേസില്‍ വിദേശത്ത് ഒരു തവണ അറസ്റ്റിലായിരുന്നു.


രണ്ട് ദിവസം മുമ്പാണ് ബഹ്റൈനില്‍ കച്ചവടക്കാരനായ റഹീം നാട്ടില്‍ തിരിച്ചെത്തിയത്. റഹീമിനെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇയാളുടെ വീട്ടിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇയാളുമായി ബന്ധമുള്ള ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്ന വിവരം പുറത്തു വന്നിരുന്നു.

ഭീകരരുമായി തനിക്ക് ബന്ധമില്ലെന്ന് കോടതിയില്‍ ബോധിപ്പിക്കാന്‍ എത്തിയതായിരുന്നു റഹീമെന്നാണ് വിവരം. എന്നാല്‍, കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു. ഇയാള്‍ കോടതിയില്‍ എത്തുന്ന വിവരം പോലീസിന് നേരത്തെ അറിവുണ്ടായിരുന്നുവെന്നാണ് വിവരം.

 

 

OTHER SECTIONS