സ്വപ്‌നയുടെ സഹോദരന്റെ വിവാഹ സത്കാരത്തിനിടെ കൊലപാതക ശ്രമം

By ബി.വി. അരുണ്‍ കുമാര്‍.11 07 2020

imran-azhar

 

 

തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ വിവാദ നായിക സ്വപ്‌നയും സംഘവും സ്വകാര്യ ഹോട്ടലില്‍ നടന്ന വിവാഹ സത്കാരത്തിനിടെ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. സ്വപ്‌ന വിവിഐപികള്‍ക്കു വേണ്ടി തിരുവനന്തപുരത്തെ ഹോട്ടലില്‍ സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹ സത്കാരപാര്‍ട്ടി നടത്തിയിരുന്നു .ഇതിനിടെയാണ് സംഭവം. ഇതിലാണ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തത്. ബ്രൗണ്‍ സുരേഷ് വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ ബന്ധുവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിവാഹ സത്കാരത്തിനെത്തിയ യുവാവിനെ സ്വപ്‌ന സമീപത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെവച്ച് അസഭ്യം പറയുകയും ആ യുവാവ് മാധ്യമ പ്രവര്‍ത്തകനാണെന്നും സത്കാരത്തിനെത്തിയ വിവിഐപികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ താന്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണെന്ന് പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. 

 

പെണ്‍കുട്ടിയുമായുള്ള വിവാഹം ഉറപ്പിച്ചസമയം ബ്രൗണിനെ കുറിച്ച് ഈ യുവാവ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അയാളുടെ സ്വഭാവം ശരിയല്ലെന്നു മനസിലാക്കി യുവാവ് പെണ്‍കുട്ടിയുടെ വീട്ടുകാരോട് കാര്യങ്ങള്‍ ധരിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ നല്ലനിലയില്‍ അയക്കുന്നതില്‍ യുവാവിന് അസൂയയെന്നുപറഞ്ഞ് ബന്ധുക്കള്‍ അതു ചെവിക്കൊണ്ടില്ല. ഈ വിവരം സ്വപ്‌നയും വീട്ടുകാരും അറിഞ്ഞിരുന്നു. വിവാഹം മുടക്കാന്‍ ശ്രമിച്ചയാളെ അവര്‍ കാത്തിരിക്കുകയായിരുന്നു. വിവാഹ സത്കാരത്തിന് അയാള്‍ വരുമെന്ന് അറിയാമായിരുന്ന സ്വ്പന തന്റെ ബോഡിഗാര്‍ഡുമാരെ ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്.

 

സ്വപ്‌നയും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിനിടെ ബ്രൗണ്‍ അവിടേക്കെത്തി. നീ എന്റെ വിവാഹം മുടക്കുമല്ലേടാ എന്നാക്രോശിച്ചുകൊണ്ട് ബ്രൗണും യുവാവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് സ്വപ്‌ന യുവാവിന്റെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി. അവിടെനടന്ന സത്കാരത്തിന്റെ ഫോട്ടോകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിച്ചു. എല്ലാം പരിശോധിച്ചെങ്കിലും ദൃശ്യങ്ങളൊന്നും ഇല്ലെന്നുകണ്ട് ഫോണ്‍ തിരിച്ചുനല്‍കി. ഇതിനിടെ മര്‍ദ്ദനത്തിനിടെ യുവാവ് ഉറക്കെ നിലവിളിച്ചു. ഇതുകേട്ട് പെണ്‍കുട്ടിയുടെ പിതാവും യുവാവിന്റെ അമ്മയും അവിടേക്ക് ഓടിയെത്തി. ഇതോടെ യുവാവിനെ വിട്ടേക്കെന്നു പറഞ്ഞ് സ്വപ്‌ന ആ മുറിയില്‍ നിന്നും പോയി. എന്നാല്‍ ഗുണ്ടകള്‍ തങ്ങളെ പിന്തുടരാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കിയ യുവാവ് പൊലീസിന്റെ സഹായം തേടി. അങ്ങനെയാണ് അവരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും യുവാവ് പറയുന്നു.

 

OTHER SECTIONS