പ്രിയങ്കയും നിക്കും വാടക ഗര്‍ഭത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചതില്‍ വിമര്‍ശനവുമായി തസ്ലീമ നസ്രിന്‍

By Avani Chandra.23 01 2022

imran-azhar


പ്രേക്ഷകര്‍കരുടെ പ്രിയപ്പെട്ട ആഗോള താര ജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും. ഇരുവരുടെയും വിശേഷങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുക പതിവാണ്. കഴിഞ്ഞ ദിവസം വാടക ഗര്‍ഭധാരണത്തിലൂടെ താരങ്ങള്‍ കുഞ്ഞിനെ സ്വീകരിച്ച വിവരം പ്രിയങ്ക ചോപ്രയും നിക് ജോനാസും തന്റെ ഇന്‍സ്റ്റഗ്രാമാം അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.

 

വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ് എന്നാണ് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

 

ഈ വാര്‍ത്ത വലിയ ചര്‍ച്ചയായിരിക്കെ വാടക ഗര്‍ഭധാരണം എന്ന ആശയത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി തസ്ലീമ നസ്റിന്‍. വാടക ഗര്‍ഭധാരണമെന്നത് സ്വാര്‍ത്ഥതയാണെന്നും എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാര്‍ തയ്യാറാവാത്തതെന്നും തസ്ലീമ നസ്റിന്‍ ചോദിച്ചു.

 

പാവപ്പെട്ട സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭ ധാരണം നടക്കുന്നത്. പണക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാര്‍ത്ഥ ഈഗോയാണ്, തസ്ലീമ നസ്രിന്‍ ട്വീറ്റ് ചെയ്തു.

 

'ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് ഈ അമ്മമാര്‍ക്ക് തോന്നുക. കുഞ്ഞിന് ജന്‍മം നല്‍കിയ അമ്മയുടെ അതേ വികാരങ്ങള്‍ ആ കുഞ്ഞിനോട് അവര്‍ക്കുണ്ടാവുമോ എന്നും തസ്ലീമ നസ്രിന്‍ മറ്റൊരു ട്വീറ്റില്‍ ചോദിച്ചു.

 

തസ്ലീമയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്വീറ്റുകളാണ് വരുന്നത്. എന്നാല്‍ താരങ്ങളുടെ ഇന്‍സ്റ്റഗ്രാമാം പോസ്റ്റിന് നിരവധി പ്രമുഖരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

 

2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. അടുത്തിടെ വാനിറ്റി ഫെയര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞുങ്ങളെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ തങ്ങളുടെ ഭാവിയിലെ വലിയ സ്വപ്നമാണെന്നും ദൈവാനുഗ്രഹത്താല്‍ അത് സംഭവിക്കുമെന്ന് കരുതുന്നെന്നുമായിരുന്നു പ്രിയങ്ക ചോപ്ര അന്ന് പറഞ്ഞത്. നിലവില്‍ കരിയര്‍ തിരക്കുകളിലാണ് നിക് ജോനാസും പ്രിയങ്കയും. മാട്രിക്സ് റിസറക്ഷന്‍സ് ആണ് പ്രിയങ്കയുടെ ഒടുവിലത്തെ ഹോളിവുഡ് ചിത്രം. ബോളിവുഡില്‍ ജീലേ സരാ എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്. സോയ അക്തര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന കൈഫും ആലിയ ഭട്ടുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.

 

OTHER SECTIONS