നിശബ്ദരായി അച്ഛനും അമ്മയും അനുജനും: പൊട്ടിക്കരഞ്ഞ് മാധവ്

By online desk.25 01 2020

imran-azhar

 

 

കോഴിക്കോട്: ചില്ലുകൂട്ടിലെ തണുപ്പില്‍ നിശബ്ദരായി അച്ഛനേയും അമ്മയേയും കുഞ്ഞനുജനേയും കണ്ട മാധവ് പൊട്ടിക്കരഞ്ഞു. എട്ടു വയസുകാരനായ കുഞ്ഞു മാധവിന്റെ പൊട്ടിക്കരച്ചില്‍ അവിടെ കൂടി നിന്നവരുടെയെല്ലാം നെഞ്ച് തകര്‍ക്കുന്നതായിരുന്നു. നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് കോഴിക്കോട് മൊകവൂര്‍ സ്വദേശി രഞ്ജിത്ത്, ഇന്ദുലക്ഷ്മി ദമ്പതികളും ഇളയ മകന്‍ വൈഷ്ണവും മരിച്ചപ്പോള്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ മാധവ് രക്ഷപ്പെടുകയായിരുന്നു. അച്ഛനും അമ്മയും അനുജനും എന്തോ ഗ്യാസ് ശ്വസിച്ചതിനാല്‍ ഇനി ഉണരില്ലെന്ന് അവന്റെ പ്രിയപ്പെട്ട ടീച്ചര്‍ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു.

 

പക്ഷെ അടുത്തമാസം അച്ഛനും അമ്മയ്ക്കും അനുജനുമൊപ്പം കേറിത്താമസിക്കാനിരുന്ന തന്റെ പുത്തന്‍വീടിന് മുന്നില്‍, ചില്ലുകൂട്ടില്‍ ഉറങ്ങിക്കിടക്കുന്ന തന്റെ പ്രിയപ്പെട്ടവരെ കണ്ടപ്പോള്‍ മാധവ് പൊട്ടിക്കരഞ്ഞു പോയി. മരണമെന്തെന്ന് ആ എട്ടു വയസ്സുകാരന്‍ ആദ്യമായി അറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അച്ഛനും അമ്മയും കുഞ്ഞനുജനും തിരിച്ച് വരില്ലെന്ന യാഥാര്‍ഥ്യം അവന്റെ കണ്ണിനു മുന്നില്‍ തെളിഞ്ഞു. മാധവ് പൊട്ടിക്കരഞ്ഞതോടെ അതുവരെ നിശബ്ദമായിരുന്ന ശ്രീപത്മം വീടും പരിസരവും കൂട്ടക്കരച്ചിലിന് വഴി മാറി. പിന്നീട് ആരൊക്കെയോ ചേര്‍ന്ന് അവനെ തോളിലിട്ട് പിറകിലേക്ക് കൊണ്ടുപോയി.

 

ഉച്ചയ്ക്ക് 2.35 ഓടെയാണ് രഞ്ജിത്തിന്റെയും ഇന്ദുലക്ഷ്മിയുടേയും വൈഷ്ണവിന്റെയും മൃതദേഹം വീട്ടിലെത്തിച്ചത്. ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാധവിനെ നേരത്തെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നിട്ടുണ്ടായിരുന്നു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 12.30ഓടെ എത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് മൊകവൂരിലെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂര്‍ നീണ്ട് നിന്ന പൊതുദര്‍ശനത്തിന് ശേഷം 3.45 ഓടെ കുന്ദമംഗലത്തെ തറവാട്ട് വീട്ടിലേക്ക് കൊണ്ട് പോയി. കുന്നമംഗലം സാംസ്‌കാരികകേന്ദ്രത്തെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ സംസ്‌കരിച്ചു.

 

 

OTHER SECTIONS