ടെഡി ബെയറിനുളളില്‍ രക്തവും മരുന്നും നിറഞ്ഞ പഞ്ഞി

By Amritha AU.18 Feb, 2018

imran-azhar


മാരാരിക്കുളം: വിനോദയാത്രക്കിടെ വാങ്ങിയ ടെഡി ബെയറിനുളളില്‍ ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ വീട്ടമ്മ പാവ തുറന്നുനോക്കിയപ്പോള്‍ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. പാവക്കുള്ളില്‍ പഞ്ഞി പ്രതീക്ഷിച്ച് തുറന്നപ്പോള്‍ കണ്ടത് രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡും. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് പാവയ്ക്കുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്.


ഊട്ടിയിലേയ്ക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് കുട്ടിക്കായി വാങ്ങിയ നല്‍കിയ പാവക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയത്. ഇതോടെയാണ് ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയായ ശ്രീമോള്‍ എന്ന വീട്ടമ്മ പാവ തുറന്ന് നോക്കിയത്. ടെഡി ബെയറിനുള്ളില്‍ കണ്ട വസ്തുക്കള്‍ വീട്ടമ്മയെ മാത്രമല്ല എല്ലാവരേയും അമ്പരപ്പിക്കുന്നതായിരുന്നു. പാവ വാങ്ങിയപ്പോള്‍ മുതല്‍ ദുര്‍ഗന്ധമുണ്ടായിരുന്നതായി ശ്രീമോള്‍ പറയുന്നു. അപ്പോഴൊന്നും പുതിയ പാവയെ സംശയിച്ചില്ല. ദുര്‍ഗന്ധത്തിന് മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പാവ പരിശോധിച്ചത്. തുടര്‍ന്ന വീട്ടമ്മ സംഭവം സമൂഹമാധ്യമത്തില്‍ വിവരം പങ്കുവച്ചത്. തുറന്നതിന് ശേഷവും രൂക്ഷമായ ദുര്‍ഗന്ധമാണ് ഉള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലും ആകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലുള്ളതെന്നും ശ്രീമോള്‍ പറയുന്നു.

വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നാണ് വലുപ്പമുള്ള ടെഡി ബെയര്‍ വാങ്ങിയത്. ഇതരസംസ്ഥാനക്കാരനായ കച്ചവടക്കാരന്റെ പക്കല്‍ നിന്ന് 350 രൂപയ്ക്കാണ് പാവ വാങ്ങിയത്.

OTHER SECTIONS