By mathew.12 06 2019
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു. വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ താപനില 48 ഡിഗ്രിയില്‍ അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.
ഉത്തര്‍പ്രദേശിലെ ഝാന്‍സി, രാജസ്ഥാനിലെ ചുരു, ബിക്കാനീര്‍, ഹരിയാനയിലെ ഹിസാര്‍, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രിയായിരുന്നു താപനില. മഴയെത്താന്‍ ഇനിയും സമയമേറെ എടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ രണ്ടാമത്തെ വര്‍ഷമാണ് ഇത്. 1991ല്‍ ഉണ്ടായതിനേക്കാളും മൂന്നുമടങ്ങ് ചൂടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
കനത്ത ചൂടിനെ തുടര്‍ന്ന് ഉത്തരേന്ത്യയുടെ വിവിധയിടങ്ങളില്‍ നദികളും റിസര്‍വോയറുകളും വറ്റിവരണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തി. തിങ്കളാഴ്ചയോടെ 6,686 മെഗാ വാട്ടാണ് വൈദ്യുതി ഉപയോഗം. ഉള്‍പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ടാങ്കുകളിലും പൈപ്പുകളിലും പോലും എത്തിക്കാന്‍ ആവശ്യമായ വെള്ളം കിട്ടാനില്ല. പലയിടങ്ങളിലും നദികള്‍ക്കുള്ളില്‍ കുഴികുഴിച്ച് വെള്ളം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശിലെ ഗ്രാമവാസികള്‍. എന്നാല്‍, ഇവയും വറ്റിവരണ്ടതോടെ പലയിടങ്ങളിലും കിലോമീറ്ററുകള്‍ താണ്ടിയാണ് ഒരു കുടം വെള്ളമെങ്കിലും എത്തിക്കുന്നത്. ഭൂഗര്‍ഭ ജലനിരപ്പ് 300 അടിയായതോടെ ഹാന്‍ഡ് പൈപ്പുകളും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.