ഇന്ത്യയില്‍ ഇനിയും പാക് തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന് അമേരിക്ക

By Anju N P.14 Feb, 2018

imran-azhar

 

വാഷിങ്ടണ്‍: ഇന്ത്യയില്‍ പാകിസ്താന്റെ പിന്തുണയോടെ തീവ്രവാദി വിഭാഗങ്ങള്‍ ആക്രമണം നടത്തുന്നത് തുടരുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കവെയാണ് കോട്സിന്റെ ഈ വെളിപ്പെടുത്തല്‍.


ഇരു രാജ്യങ്ങള്‍തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഡാന്‍ കോട്സ് ചൂണ്ടിക്കാണിക്കുന്നു. സുന്‍ജുവാന്‍ സൈനിക ക്യാമ്പിനു നേരെ ജെയ്ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തല്‍.

 

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമായിത്തന്നെ തുടരും. നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടലുകള്‍ തുടരും. ഇന്ത്യയില്‍ കൂടുതല്‍ ശക്തമായ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്നും ഡാന്‍ കോട്സ് പറഞ്ഞു.

 

പുതിയ ആണവായുധ ശേഷികള്‍ നേടിക്കൊണ്ട് അമേരിക്കയുടെ താല്‍പര്യങ്ങളെ തുടര്‍ച്ചയായി വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ് പാകിസ്താന്‍. തീവ്രവാദികളുമായി കൈകോര്‍ത്തുകൊണ്ട് മുന്നോട്ടുപോകുന്ന പാകിസ്താന്‍, തീവ്രവാദ വിരുദ്ധ സഹകരണത്തിന് തയ്യാറാകാതെ ചൈനയുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയിലും അഫ്ഗാനിസ്താനിലും നടത്തുന്ന ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും തയ്യാറെടുക്കുന്നതും പാകിസ്താനിലെ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ വെച്ചാണ്. ഇരു രാജ്യങ്ങളിലും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നും കോട്സ് മുന്നറിയിപ്പു നല്‍കി.

 

OTHER SECTIONS