കാശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍: രണ്ട് ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു

By online desk .12 05 2019

imran-azhar

 

 

ശ്രീനഗര്‍: കാശ്മീരിലെ ഷോപിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുല്‍ഗാം സ്വദേശികളായ ജാവിദ് അഹമ്മദ് ഭട്ട്, ആദില്‍ ബഷീര്‍ വാനി എന്നിവരെയാണ് വധിച്ചതെന്ന് പോലീസ് വക്താവ് പറഞ്ഞു.

 

രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ സൗത്ത് കാശ്മീരില്‍ ഭീകരര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ സുരക്ഷാസേന തുടങ്ങിയിരുന്നു. തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിവച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.

 

ലഷ്‌കര്‍ ഇ തൊയ്ബ ഭീകര സംഘടനയില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി തീവ്രവാദ കേസുകള്‍ ഇവര്‍ക്കെതിരെയുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കാശ്മീര്‍ താഴ്വരയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തുകയും യുവാക്കളെ ഭീകര സംഘടനയില്‍ ചേര്‍ക്കുകയും ചെയ്തിട്ടുള്ളയാളാണ് കൊല്ലപ്പെട്ട ഭട്ട് എന്നാണ് പോലീസ് പറയുന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ സുരക്ഷാ സൈനികരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

OTHER SECTIONS