മോദിക്കും നയങ്ങള്‍ക്കുമെതിരെ 'ദി എക്കോണമിസ്റ്റ്'

By online desk .26 01 2020

imran-azhar

 

 

ലണ്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന 'ദി എക്കോണമിസ്റ്റ്' മാസികയുടെ ഏറ്റവും പുതിയ ലക്കത്തിന്റെ മുഖപ്രസംഗം ഇന്ത്യയില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പുറത്തിറങ്ങിയ നിമിഷം മുതല്‍ സകല മാദ്ധ്യമങ്ങളിലും ചര്‍ച്ചയായിരിക്കുകയാണ് ആ ലേഖനം. മാസികയുടെ കവര്‍ ചിത്രം മുള്ളുവേലിക്ക് മുകളില്‍ പൂത്തുനില്‍ക്കുന്ന ഒരു താമരയാണ്. സാധാരണ താമരയല്ല, അത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ അതേ താമര്. ഒപ്പം വളരെ സ്‌ഫോടനാത്മകമായ ഒരു തലക്കെട്ടും ഇന്‍ടോളറന്റ് ഇന്ത്യ' അഥവാ 'അസഹിഷ്ണുത നിറഞ്ഞ ഭാരതം'. ബിജെപിയുടെ ഏറ്റവും പുതിയ നയപ്രഖ്യാപനങ്ങളായ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയെ അടിമുതല്‍ വിമര്‍ശിക്കുന്നതാണ് മുഖപ്രസംഗം. ഇന്ത്യന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കൂടി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയെ എങ്ങനെയാണ് അപകടത്തിലാക്കുന്നത് എന്നറിയാന്‍, വായിക്കുക ഈയാഴ്ചത്തെ ഞങ്ങളുടെ മുഖപ്രസംഗം എന്നാണ് 'ദി എക്കോണമിസ്റ്റ് അവരുടെ ട്വിറ്റര്‍ പേജില്‍ ജനുവരി 23ന്, ഈ ലേഖനത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചത്.


മാസികയ്ക്കുള്ളില്‍ മുഖലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ്,'നരേന്ദ്ര മോഡി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിനുള്ളിലെ വിഭാഗീയ ചിന്തകള്‍ ആളിക്കത്തിക്കുന്നുവോ ?'. നരേന്ദ്ര മോദിയുടെ നയങ്ങള്‍ ഇന്ത്യയിലെ 20 കോടി മുസ്ലീങ്ങളുടെ ഉള്ളില്‍ അരക്ഷിതാവസ്ഥയുടെ വിത്തുകള്‍ വിതയ്ക്കുന്നു എന്നാക്ഷേപിക്കുന്നതാണ് ഈ ലേഖനം. ' നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ നീക്കങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തിന്റെ അടിവേരറുക്കുന്നതാണ്. അത് ഇനിയും എത്രയോ കാലം നിലനില്‍ക്കേണ്ട ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാശത്തിന് വഴി വെട്ടും. അതിന്റെ പേരില്‍ ഇവിടെ ഇന്ത്യയില്‍ ചോരപ്പുഴ പോലും ഒഴുകിയേക്കാം.' ലേഖനം പറയുന്നു. ഇന്ത്യന്‍ വോട്ടുബാങ്കില്‍ മതത്തിന്റെയും ദേശീയ അസ്തിത്വത്തിന്റെയും പേരില്‍ വിഭാഗീയത സൃഷ്ടിക്കുന്നത് ബിജെപിക്കും മോദിക്കും താത്ക്കാലികമായ നേട്ടങ്ങള്‍ സമ്മാനിച്ചേക്കാം. മുസ്ലിങ്ങളെ തിരഞ്ഞു പിടിച്ച് കൊല്ലുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് ശക്തി പകരുകയും കാശ്മീരില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്‌ഛേദിച്ചും തോന്നുംപടി അറസ്റ്റു ചെയ്തു പീഡിപ്പിച്ചും കര്‍ഫ്യൂകള്‍ ഏര്‍പ്പെടുത്തിയും ഒരു ജനതയെ തന്നെ ക്രൂശിച്ചും ഒക്കെയുള്ള മോദി സര്‍ക്കാരിന്റെ നയങ്ങളുടെ അടുത്ത പടിയാണ് പൗരത്വത്തിന്റെ പേരിലുള്ള പുതിയ നയഭേദഗതികള്‍. ' ലേഖനം ആരോപിക്കുന്നു.


എന്നാല്‍ ബിജെപി വക്താക്കളും അതേ ഭാഷയില്‍ തന്നെ തിരിച്ചടിച്ച് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ' ബ്രിട്ടീഷുകാര്‍ 1947ല്‍ ഇന്ത്യ വിട്ടെന്നാണ് നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ 'ദി എക്കണോമിസ്റ്റിലെ എഡിറ്റര്‍മാര്‍ ഇപ്പോഴും അവര്‍ കൊളോണിയല്‍ കാലത്താണെന്ന് ധരിച്ചുവശായിട്ടാണ് ഇരിക്കുന്നത്. നരേന്ദ്ര മോദിക്ക് വോട്ടുനല്‍കരുതെന്ന അവരുടെ പരസ്യ നിര്‍ദേശത്തിനു വിരുദ്ധമായി ഇന്ത്യയിലെ അറുപതുകോടി വോട്ടര്‍മാര്‍ നരേന്ദ്ര മോദിയെ പിന്തുണച്ചതില്‍ അവര്‍ക്ക് ഇച്ഛാഭംഗമുണ്ട്. അതാണ് ഈ ലേഖനത്തിലൂടെ പ്രകടമാകുന്നത് ' എന്ന് ബിജെപി വക്താവായ ഡോ.വിജയ് ചൗതായിവാലെ ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറെ ആഴ്ചകളായി ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ പുകഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്. കെടാന്‍ തുടങ്ങുന്ന ആ തീ നാളത്തിലേക്ക് എണ്ണയും കാറ്റും പകരുന്നതാണ് 'ദി എക്കണോമിസ്റ്റി'ലെ മുഖപ്രസംഗം.

 

OTHER SECTIONS