ബോംബുകള്‍ക്കിടയില്‍ കരയാന്‍ മാത്രം വിധിക്കപ്പെട്ടവര്‍

By online desk.24 02 2020

imran-azhar

 സ്വന്തമായതെല്ലാം ഉപേക്ഷിച്ച് തെരുവിലിറങ്ങാന്‍ വിധിക്കപ്പെട്ടവരാണ് സിറിയന്‍ ജനത. അവിടുത്തെ നഗരങ്ങള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നടിയുന്നു. ജനങ്ങള്‍ പുഴുക്കളെ പോലെ ചത്തൊടുങ്ങുന്നു. സിറിയന്‍ നഗരമായ ഇഡ്ലിബില്‍ നടന്ന ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണങ്ങളില്‍ നശിച്ചത് എഴുപതോളം ആശുപത്രികളാണ്. ഇനി അവിടെ അവശേഷിക്കുന്നത് ഒരു ആശുപത്രി മാത്രമാണ്. അതും എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാം.


ഈ ആശുപത്രിയില്‍ ചികിത്സയിലുള്ള 34 വയസുകാരിയും നവജാതശിശുവും വല്ലാത്ത ആശങ്കയിലാണ്. മരണത്തെ മുഖാമുഖം കാണുമ്പോഴും ആ അമ്മയും ഒന്നുമറിയാത്ത കുഞ്ഞും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം രണ്ട് മുറിയിലാണ് കഴിയുന്നത്. സിറിയയിലെ കലാപഭൂമിയില്‍ എല്ലാം നഷ്ടമായ ആയിരക്കണക്കിന് ആളുകളില്‍ ഒരാളാണ് ആ അമ്മ, പേര് വാര്‍ഡ. 20 ദിവസം മുമ്പാണ് അവര്‍ പ്രസവിച്ചത്. അമ്മയുടെ സ്‌നേഹവും ലാളനയും അനുഭവിക്കേണ്ട സമയത്ത് കുഞ്ഞ് മറ്റൊരു മുറിയില്‍ കഴിയുന്നു. 2011 -ലെ യുദ്ധം മുതല്‍ വാര്‍ഡയ്ക്ക് പത്ത് തവണ പലായനം ചെയ്യേണ്ടിവന്നു. ബോംബാക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ആയിരക്കണക്കിന് ആളുകള്‍ തീവ്രമായി ശ്രമിക്കുകയാണവിടെ.

 


സിറിയയില്‍ തനിക്കും തന്റെ 10 മക്കള്‍ക്കും സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താന്‍ വാര്‍ഡ പാടുപെട്ടു. തെക്കന്‍ അലപ്പോ പ്രവിശ്യയിലെ വീട് വിട്ടിറങ്ങിയതിനുശേഷം ആറുതവണ അവര്‍ പ്രസവിച്ചു. യുദ്ധം തുടങ്ങിയശേഷം എല്ലാ വര്‍ഷവും അവര്‍ ഇങ്ങനെ മാറിത്താമസിക്കുകയാണ്. ഇപ്പോള്‍ അവരുടെ ഇളയ മകള്‍ ടെസ്ലീം തീവ്രപരിചരണത്തിലാണ്. കഷ്ടിച്ച് ഒരുകിലോ മാത്രമാണ് അവള്‍ക്ക് ഭാരം. ടെസ്ലീമിനെ പോലെ അനവധി കുട്ടികളാണ് അവിടെ ഇതുപോലെ ജനിക്കുന്നത്. നിരന്തരം നടക്കുന്ന ഷെല്ലാക്രമണത്തിന്റെ പരിഭ്രാന്തിയില്‍ പല അമ്മമാരും നേരത്തെ കുട്ടികള്‍ക്ക് ജ•ം നല്‍കുന്നു.

 


'കൂടാരത്തില്‍ എന്റെ കുട്ടികള്‍ തണുത്ത് വിറക്കുമായിരുന്നു. പ്ലാസ്റ്റിക് ചാക്കുകളും പഴയ വസ്ത്രങ്ങളും കത്തിച്ച് കുഞ്ഞുങ്ങളെ തണുപ്പില്‍ നിന്ന് രക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എല്ലായ്‌പ്പോഴും ഭയം മാത്രമാണ് മനസ്സില്‍. എന്റെ കുട്ടികളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. അവര്‍ക്ക് പഠിക്കാന്‍ സാധിക്കുന്നില്ല. ഓരോ കുട്ടിക്കും പഠിക്കാനും കളിക്കാനും അവകാശമുണ്ടായിരിക്കണം. എന്നാല്‍ ഇവര്‍ക്ക് ഇപ്പോള്‍ നല്ലൊരു ജീവിതം നല്‍കാന്‍ എനിക്ക് കഴിയുന്നില്ല. ഭാവിയിലും നല്ലൊരു ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയും എനിക്കില്ല' അവര്‍ പറഞ്ഞു.

 

 

ഇഡ്ലിബ് നഗരത്തിനടുത്തുള്ള ചെറിയ ഗ്രാമത്തിലെ ഒരു കൂടാരത്തിലാണ് വാര്‍ഡയും അവരുടെ ഭര്‍ത്താവ് മുഹമ്മദും മറ്റ് ഒമ്പത് മക്കളും മറ്റ് രണ്ട് കുടുംബങ്ങളുമൊത്ത് കഴിയുന്നത്. അവിടെ താമസിക്കുന്നൊരു കുടുംബത്തിലെ അംഗമാണ് അബ്ദുല്ല എന്ന മൂന്നു വയസ്സുകാരന്‍. 'എന്റെ അടുത്ത് ബോംബ് പൊട്ടിയപ്പോള്‍ എനിക്ക് പേടിയായി. ഷെല്ലിങ്ങോ വ്യോമാക്രമണമോ ഉണ്ടാകുമ്പോള്‍ ഞാന്‍ പേടിച്ച് പുതപ്പിനടിയില്‍ ഒളിക്കും' ആ കുഞ്ഞ് പറയുന്നു. കൂടാരത്തിലെ മുതിര്‍ന്നവര്‍ അത് കേട്ട് കണ്ണീര്‍ തുടച്ചു. എന്ത് ജീവിതമാണ് തന്റെ മക്കള്‍ ജീവിക്കുന്നതെന്നോര്‍ത്ത് അവര്‍ വിലപിച്ചു. അവന്‍ ജനിച്ച മൂന്ന് വര്‍ഷത്തിനിടയില്‍ ബോംബുകളും ഷെല്ലാക്രമണവും ഭയവും അല്ലാതെ മറ്റൊന്നും അബ്ദുല്ലയ്ക്ക് അറിയില്ല. കളിപ്പാട്ടങ്ങളില്ല, കളികളില്ല, പഠിപ്പില്ല. സന്തോഷത്തിന്റെ പൊട്ടിച്ചിരികളില്ല, പകരം ബോംബിന്റെയും ഷെല്ലിന്റെയും കാതടപ്പിക്കുന്ന ശബ്ദം മാത്രം ആ കുഞ്ഞ് എപ്പോഴും കേട്ടുകൊണ്ടിരുന്നു.

 

 

യുദ്ധം കാരണം വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വീടുകളില്‍ നിന്ന് പലായനം ചെയ്യപ്പെട്ട 900,000 പേരില്‍ കുറച്ചുപേര്‍ മാത്രമാണ് വാര്‍ഡയുടെയും അബ്ദുല്ലയുടെയും കുടുംബങ്ങള്‍. ഒളിച്ചോടുകയും മുന്നേറുന്ന സൈന്യത്തില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്ത ആ ജനസംഖ്യ ബര്‍മിംഗ്ഹാമിലെ ജനസംഖ്യയോളം വരും. കുട്ടികളുടെ എണ്ണം മാഞ്ചസ്റ്ററിലെ ജനസംഖ്യയോളവും. വളരെ വലിയ മാനുഷിക പ്രതിസന്ധിയാണ് അവിടെ.

 

 

ദാരത് ഇസ്സയില്‍ ഷെല്ലാക്രമണവും ബോംബാക്രമണവും നടന്നിരുന്ന സ്ഥലങ്ങളില്‍ പലരും പറ്റാവുന്ന സ്ഥലങ്ങളില്‍ ഒതുങ്ങിക്കൂടി- സ്‌പെയര്‍ പാച്ചുകളില്‍, റോഡരുകുകളില്‍, ഉപയോഗിക്കാത്ത റെയില്‍വേകളില്‍. എന്നാല്‍, ഇപ്പോള്‍ സിറിയന്‍ ഭരണകൂടം ലക്ഷ്യമിടുന്നത് കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ നിറഞ്ഞ ക്യാമ്പുകളെയാണ്. പല കൂടാരങ്ങളിലും ഷെല്ലാക്രമണം നടക്കുന്നു. ''സിറിയയില്‍ ഇപ്പോള്‍ ഒരിടവും സുരക്ഷിതമല്ല'' ഒരാള്‍ പറഞ്ഞു.

 

 

എല്ലാവരുടെയും വികാരങ്ങള്‍ അവരുടെ മുഖത്ത് കാണാം. ചിലര്‍ കോപിച്ചു. മറ്റുള്ളവര്‍ക്ക് വിവരിക്കാനാവാത്ത സങ്കടവും. ചിലര്‍ ഇപ്പോഴും ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു. മിക്കവാറും എല്ലാവര്‍ക്കും പോകാന്‍ ഇടമില്ല എന്നതാണ് സത്യം. അതിര്‍ത്തി അടച്ചിരിക്കുന്നു, ഏകദേശം നാല് ദശലക്ഷം ആളുകള്‍ ഇതിനകം തുര്‍ക്കിയില്‍ തമ്പടിച്ചിട്ടുണ്ട്. അലപ്പോ, ഹോംസ്, ദാര, മറ്റ് നിരവധി നഗരങ്ങളില്‍ നിന്നുള്ള സിറിയക്കാര്‍ ഇതിനകം തങ്ങളുടെ നേതാവില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു. 'ബഷര്‍ അല്‍ അസദ് എന്ന ആ നേതാവ് ഒരു ദിവസം ആറ് മൈല്‍ വേഗതയില്‍ ബോംബാക്രമണവും ഷെല്ലാക്രമണവും നടത്തുന്നു. ഭ്രാന്തനും ദുഷ്ടനുമായ കൊലപാതകിയാണയാള്‍' എന്ന് ജനങ്ങള്‍ പറയുന്നു.

 

 

അവര്‍ അവരുടെ ഗ്രാമങ്ങളിലേക്ക് മാറിയാല്‍ അയാള്‍ അവരെ കൂട്ടക്കൊല ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു. പാശ്ചാത്യ നേതാക്കളായ ബോറിസ് ജോണ്‍സണ്‍, ഏഞ്ചല മെര്‍ക്കല്‍ എന്നിവരെ പരാമര്‍ശിച്ച് ടെസ്ലീമിനെ പരിചരിക്കുന്ന ഡോക്ടര്‍ പറഞ്ഞു: 'ഈ ലോകത്ത് മനുഷ്യത്വം എന്നൊന്നില്ലേ? ആളുകള്‍ എങ്ങനെ രാത്രിയില്‍ സമാധാനത്തോടെ ഉറങ്ങുന്നു? ഇവിടെ നടക്കുന്നത് അവര്‍ക്കറിയാഞ്ഞിട്ടല്ല. അവര്‍ വര്‍ഷങ്ങളായി ഇത് കാണുന്നു. ബോംബിങ്ങും ഷെല്ലാക്രമണവും എല്ലാം അവര്‍ കണ്ടിട്ടുണ്ട്. എല്ലാ ആശുപത്രികളെയും ടാര്‍ഗറ്റുചെയ്യുന്നത് അവര്‍ കണ്ടിട്ടുണ്ട്, എല്ലാ ആളുകളും ജീവനുംകൊണ്ട് ഓടി ഒളിക്കുന്നത് അവര്‍ കാണുന്നു. കുട്ടികള്‍ തണുപ്പ് മൂലം മരിക്കുകയാണ്.അവര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് ഒരു പുതപ്പ് പോലും നല്‍കുന്നില്ല.'

 


'ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല, ഞങ്ങള്‍ കരയുന്നത് ആരും കേള്‍ക്കുന്നില്ല. എന്തുകൊണ്ടാണ് ബഷര്‍ അല്‍ അസദ് നമ്മെയെല്ലാം കൊല്ലാത്തത്, എന്തുകൊണ്ടാണ് അദ്ദേഹം ഞങ്ങളെ ഈ പീഡനത്തിന് ഇരയാക്കുന്നത് എന്നവര്‍ ചോദിച്ചു കൊണ്ടിരിക്കുന്നു.
ആരും വ്യക്തമായി ഒന്നും ചെയ്യുന്നില്ല എന്നതാണ് വ്യക്തം. യുഎന്‍, ബ്രിട്ടീഷ് സര്‍ക്കാര്‍, അമേരിക്കന്‍ സര്‍ക്കാര്‍, തുര്‍ക്കി സര്‍ക്കാര്‍ എന്നിവരില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടും, ആവശ്യമുള്ളവരെ സഹായിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. കടന്നുപോകുന്ന ഓരോ മണിക്കൂറിലും, കടന്നുപോകുന്ന ഓരോ മിനിറ്റിലും, സിറിയയിലെ എണ്ണമറ്റ ആളുകള്‍ കഷ്ടതയനുഭവിക്കുകയും ഭയാനകമായ അവസ്ഥയില്‍ കഴിയുകയും ചെയ്യുന്നു.

 

 

OTHER SECTIONS