By online desk .09 12 2019
ചാലക്കുടി: തൃശൂര്‍ ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ എടിഎം കവര്‍ച്ചാശ്രമം. ആക്സിസ് ബാങ്കിന്റെ എടിഎം കുത്തിതുറന്ന് പണം മോഷ്ടിക്കാനാണ് ശ്രമം നടന്നത്. ചാലക്കുടി ദേശീയപാതയുടെ സമീപത്തുള്ള എടിഎമ്മില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. രാത്രിയിലും ആള്‍സഞ്ചാരമുളള പ്രദേശമാണിത്. അഞ്ച് ലക്ഷത്തോളം രൂപ എടിഎമ്മിലുണ്ടായിരുന്നു. മോഷ്ടാക്കള്‍ എടിഎം കൗണ്ടറിനകത്ത് കയറിയെങ്കിലും പണം അടങ്ങിയ ഭാഗം തുറക്കാന്‍ മോഷ്ടാക്കള്‍ക്ക് സാധിച്ചിട്ടില്ല. എടിഎമ്മില്‍ സിസിടിവി ക്യാമറകളും കാവല്‍ക്കാരനും ഉണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് പരിസരത്തുളള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് കൊരട്ടിയിലെ എടിഎം കൊള്ളയടിച്ച് പണം കവര്‍ന്നിരുന്നു. കൊണ്ടാഴിയിലും കഴിഞ്ഞയാഴ്ച എടിഎം കവര്‍ച്ചാശ്രമം നടന്നിരുന്നു. എടിഎം കവര്‍ച്ചാസംഘം വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത് പൊലീസിന് തലവേദനയായിരിക്കുകയാണ്.