By Anju N P.11 Jul, 2018
ലണ്ടന്‍: പ്രധാനമന്ത്രി തേരേസ മേയുടെ പുതിയ പദ്ധതികള്‍ തൊണ്ടയില്‍ കുരുങ്ങുന്നുവെന്നും നിലവിലെ മൃദു ബ്രെക്സിറ്റ് പദ്ധതി അംഗീകരിക്കാനാവില്ലെന്നും രാജിവച്ച ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്സണ്. ബ്രെക്സിറ്റ് ഉടമ്പടിക്കായി യൂറോപ്യന്‍ യൂണിയനുമായി നടക്കുന്ന വിടുതല്‍ ചര്‍ച്ചകളിലും വ്യാപാര - വാണിജ്യ ഉടമ്പടിയിലും അമിതമായ വിട്ടുവീഴ്ചകള്‍ ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണു കഴിഞ്ഞദിവസം ബോറിസ് ജോണ്സണ് രാജിവച്ചത്. ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവീസ് രാജിവച്ച് മണിക്കൂറുകള്ക്കുളളിലായിരുന്നു ജോണ്‍സണിന്റെ രാജി. ബ്രെക്സിറ്റിനെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ മരിക്കുകയാണെന്നും പ്രധാനമന്ത്രി തെരേസ മേ രാജ്യത്തെ സെമി ബ്രെക്സിറ്റിലേക്കാണു നയിക്കുന്നതെന്നും ഇതു ബ്രിട്ടനെ യൂറോപ്യന്‍ യൂണിയന്റെ കോളനിയാക്കുമെന്നും അദ്ദേഹം രാജിക്കത്തില്‍ ആരോപിച്ചു.ഡേവിസിനും ജോണ്‍സണും പുറമെ മറ്റ് രണ്ടുപേരും രാജിവച്ചു. എന്നാല്‍, രാജിവച്ച മന്ത്രിമാര്‍ക്ക് ഉടന്‍തന്നെ പകരക്കാരെ നിയമിച്ചുകൊണ്ടാണ് തെരേസ മേ തിരിച്ചടിച്ചത്. ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടാണ് പുതിയ വിദേശ കാര്യ സെക്രട്ടറി. സാംസ്കാരിക വകുപ്പു മന്ത്രിയായ മാറ്റ് ഹാന്‍കോക്കിനെ പുതിയ ആരോഗ്യമന്ത്രിയായും നിയമിച്ചു. അറ്റോര്‍ണി ജനറല്‍ ജെറമി റൈറ്റാണു പുതിയ സാംസ്കാരിക മന്ത്രി. പാര്‍ലമെന്റിലെ പുതുമുഖമായ ജെഫ്രി കോക്സിനെ അറ്റോര്‍ണി ജനറലായും നിയമിച്ചു.നിലവില്‍ ഭവനകാര്യ മന്ത്രിയായിരുന്ന ഡൊമിനിക് റാബാണു പുതിയ ബ്രെക്സിറ്റ് മന്ത്രി. ബ്രെക്സിറ്റ് ഹിതപരിശോധനാ ക്യാംപെയ്നില്‍ ലീവ് പക്ഷത്തെ പ്രമുഖനായിരുന്നു ഡൊമിനിക്. എന്നാല്‍ പുതിയ വിദേശകാര്യ മന്ത്രിയായി നിയമിതനായ ജെറമി ഹണ്ട് ഹിതപരിശോധനയില്‍ റിമെയ്ന്‍ പക്ഷത്തായിരുന്നു.2019 മാര്‍ച്ച് 29നാണ് ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും വഴിപിരിയേണ്ടത്. ഇതിനു മുമ്പായി ഇരുകൂട്ടരും പരസ്പരമുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഉടമ്പടി ഒപ്പുവയ്ക്കണം. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണു പ്രധാനമന്ത്രി അമിത വിട്ടുവീഴ്ച ചെയ്യുന്നുവെന്നാരോപിച്ചു മന്ത്രിമാര്‍ രാജി വച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ബ്രെക്സിറ്റ് അനുകൂലികള്‍ ഇവര്‍ക്കു പിന്തുണയുമായി രംഗത്തുവരുമെന്നാണു വിലയിരുത്തല്‍ മുതിര്‍ന്ന മന്ത്രിമാര്‍ രാജിവച്ചതോടെ തെരേസ മേ സര്‍ക്കാരിന്റെ നിലനില്പുതന്നെ പ്രതിസന്ധിയിലാണെന്നാണ് വിലയിരുത്തല്‍. മാസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനില്‍ നേതൃമാറ്റമോ പൊതു തിരഞ്ഞെടുപേ്പാ ഉണ്ടാകാനുള്ള സാധ്യതും രാഷ്ട്രീയനിരീക്ഷകര്‍ പങ്കുവയ്ക്കുന്നു.