നടുവൊടിഞ്ഞ് ഇമ്രാന്‍; പാക്കിസ്ഥാന്‍ വീണ്ടും പട്ടാളഭരണത്തിലേക്ക്?

By RK.21 10 2021

imran-azhar

രാജ്യത്തിന്റെ 74 വര്‍ഷത്തെ ചരിത്രത്തിന്റെ പകുതിയിലധികവും രാജ്യം ഭരിക്കുകയും ഇതുവരെ സുരക്ഷ, വിദേശനയം എന്നീ കാര്യങ്ങളില്‍ ഗണ്യമായ പങ്കുവഹിക്കുകയും ചെയ്ത പാക്കിസ്ഥാന്‍ സൈന്യത്തെ പിണക്കി അധികാരത്തില്‍ തുടരാന്‍ ഇമ്രാന്‍ ഖാന് സാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. പാക് ജനതയുടെ പിന്തുണയും ഇമ്രാന് ഇതിനോടകം തന്നെ നഷ്ടമായിട്ടുണ്ട്

 


രാജേഷ് ആര്‍.

 


പാക്കിസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഏറ്റവും വലിയ വിദേശ കടബാധ്യതയുള്ള പത്ത് രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ പാക്കിസ്ഥാനും ഉള്‍പെട്ടിട്ടുള്ളതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാക്കിസ്ഥാന്റെ വിദേശ കടം 8 ശതമാനം വര്‍ദ്ധിച്ചതായും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജൂണില്‍, ഇമ്രാന്‍ സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്ന് 442 മില്യണ്‍ ഡോളറാണ് കടമെടുത്തത്.

 

രാജ്യത്തിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് 51.6 ബില്യണ്‍ ഡോളറിന്റെ ബാഹ്യ ധനസഹായം ആവശ്യമായി വരുന്ന അവസ്ഥയാണുള്ളത്. ഐഎംഎഫ് വിലയിരുത്തല്‍ പ്രകാരം 2021-22 കാലയളവില്‍ പാക്കിസ്ഥാന് ആവശ്യമായ മൊത്തം ബാഹ്യ ധനസഹായം 23.6 ബില്യണ്‍ ഡോളറും 2022-23ല്‍ അത് 28 ബില്യണ്‍ ഡോളറുമാണ്. ബാഹ്യ ധനകാര്യ ആവശ്യകതകളുടെ വിടവ് നികത്താന്‍ അന്താരാഷ്ട്ര നാണയ നിധിയുമായി കരാര്‍ ഉണ്ടാക്കാന്‍ പാകിസ്ഥാന്‍ അവസാനവട്ട ശ്രമങ്ങള്‍ നടത്തുകയാണ്. ഇത് വിജയിച്ചില്ലെങ്കില്‍ പാക്കിസ്ഥാനില്‍ നടക്കാന്‍ പോകുന്നത് ഒരു സൈനിക അട്ടിമറിയാണ്. അതിന് കാരണമുണ്ട്.

 

പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൈന്യവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങിട്ട് നാളുകള്‍ ഏറെയായെങ്കിലും ഇപ്പോള്‍ പ്രശ്നം കൂടതല്‍ രൂക്ഷമായിരിക്കുകയാണ്. ചാരസംഘടനയായ ഐഎസ്‌ഐയുടെ പുതിയ മേധാവി നിയമനവുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഖാനും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉടലെടുത്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടയിലാണ് പ്രധാനമന്ത്രിയും സൈന്യവും ഏറ്റുമുട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നത്.

 

ലഫ്റ്റനന്റ് ജനറല്‍ ഹമീദിനെ മാറ്റി ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഡയറക്ടര്‍ ജനറല്‍ ആയി ലഫ്റ്റനന്റ് ജനറല്‍ നദീം അന്‍ജൂമിന്റെ പേര് സൈന്യം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ സാഹചര്യം കണക്കിലെടുത്ത് നിലവില്‍ ആ സ്ഥാനം വഹിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ ഹമീദ് തന്നെ ഐഎസ്‌ഐ മേധാവിയായി തുടരണമെന്ന് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

 

കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇമ്രാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ബജ്വയോട് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ലഫ്റ്റനന്റ് ജനറല്‍ അന്‍ജൂമിന്റെ നിയമനം സ്ഥിരീകരിക്കുന്ന വിജ്ഞാപനം പുറത്തിറങ്ങുന്നതിന് സാധാരണയിലധികം കാലതാമസം ഉണ്ടായ സാഹചര്യത്തില്‍ നിര്‍ണായക പദവിയെക്കുറിച്ച് സിവില്‍, സൈനിക നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യസങ്ങള്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ വര്‍ദ്ധിച്ചു.

 

ഐഎസ്‌ഐ ഡയറക്ടര്‍ ജനറലിന്റെ നിയമനം പാക് പ്രധാനമന്ത്രിയുടെ അധികാരമാണ്. പക്ഷേ, സൈനിക മേധാവിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ പ്രധാനമന്ത്രി സാധാരണയായി ഐഎസ്‌ഐ മേധാവിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാറുള്ളു. പേരുകള്‍ സൈന്യം ശുപാര്‍ശ ചെയ്തതിന് ശേഷം പ്രഖ്യാപനം നടത്താന്‍ കൂടുതല്‍ സമയം എടുക്കുന്നതും പതിവില്ലാത്തതാണ്. എന്നാല്‍ പാക് പ്രധാനമന്ത്രിയുമായി ആലോചിക്കാതെയാണ് സൈന്യം ഐഎസ്‌ഐ മേധാവിയെ തിരഞ്ഞെടുത്തതെന്നാണ് ഈ വിഷയത്തില്‍ ദീര്‍ഘകാലം പുലര്‍ത്തിയ മൗനത്തിന് ശേഷം സര്‍ക്കാര്‍ പറഞ്ഞത്. ഇതോടെയാണ് സൈന്യവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്.

 

സൈന്യത്തിലെ സുപ്രധാന സ്ഥാനമായി കണക്കാക്കപ്പെടുന്നതാണ് ഐഎസ്‌ഐ മേധാവി പദവി. രാജ്യത്തിന്റെ 74 വര്‍ഷത്തെ ചരിത്രത്തിന്റെ പകുതിയിലധികവും രാജ്യം ഭരിക്കുകയും ഇതുവരെ സുരക്ഷ, വിദേശനയം എന്നീ കാര്യങ്ങളില്‍ ഗണ്യമായ പങ്കുവഹിക്കുകയും ചെയ്ത പാക്കിസ്ഥാന്‍ സൈന്യത്തെ പിണക്കി അധികാരത്തില്‍ തുടരാന്‍ ഇമ്രാന്‍ ഖാന് സാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഭീകര സംഘടനാ നേതാവ് മൗലാന ഫസ്ലുര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയിലെ 11 പാര്‍ട്ടികള്‍ ചേര്‍ന്ന് ഇമ്രാനെതിരെ സഖ്യം രൂപീകരിച്ചിരുന്നു. അന്ന് ആ രാഷ്ട്രീയ നീക്കങ്ങളില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കൂടി പിന്തുണയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ നീക്കങ്ങളെ അന്ന് അതിജീവിക്കാന്‍ ഇമ്രാന്‍ ഖാന് സാധിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്രക്ക് സുഗമമാകാന്‍ വഴിയില്ല. പാക് ജനതയുടെ പിന്തുണയും ഇമ്രാന് ഇതിനോടകം തന്നെ നഷ്ടമായിട്ടുണ്ട്.

 

 

 

 

 

 

 

 

 

OTHER SECTIONS