വോട്ടര്‍മാര്‍ക്ക് കിടിലന്‍ ഓഫറുമായി സ്ഥാനാര്‍ത്ഥി മാസം 10 ലിറ്റര്‍ മദ്യവും 25000 രൂപയും

By online desk.26 03 2019

imran-azhar

തിരുപൂര്‍: തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ കേട്ട് പലപ്പോഴും കണ്ണുതള്ളറുള്ളവരാണ് പല വോട്ടര്‍മാരും. തിരഞ്ഞെടുപ്പിന്റെ ഒഴിച്ചുകൂടാനാകത്ത ഭാഗം കൂടിയാണത്. വ്യത്യസ്തമായ പല വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും തിരഞ്ഞെടുപ്പിന് മുമ്പായി സ്ഥാനാര്‍ത്ഥികള്‍ നല്‍കാറുണ്ട്. തിരഞ്ഞെടുപ്പ് ആയതുകൊണ്ട് തന്നെ പല വോട്ടര്‍മാരും അതൊന്നും വകവയ്ക്കാറില്ല.

 

എന്നാല്‍, വ്യത്യസ്തമായ തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി മണ്ഡലത്തിലെ ആളുകളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് തമിഴ്‌നാട് സ്വദേശി ഷെയ്ഖ് ദാവൂദ്. തിരുപൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന അന്തിയൂര്‍ സ്വദേശിയായ എ എം ഷെയ്ഖ് ദാവൂദിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാം കുടിയന്മാരെ ലക്ഷ്യം വച്ചുകൊണ്ടാണ്. പ്രതിമാസം ഓരോ കുടുംബത്തിനും 10 ലിറ്റര്‍ മദ്യം നല്‍കുമെന്നാണ് ഷെയ്ഖിന്റെ ഉറപ്പ്.

 


കുടുംബത്തിലെ ആണുങ്ങളെല്ലാം കുടിയന്മാരായി പോയാല്‍ വിഷമിക്കേണ്ട. വീട്ടിലെ സ്ത്രീകള്‍ക്കുമുണ്ട് ഷെയ്ഖിന്റെ വക ഞെട്ടിക്കുന്ന വാഗ്ദാനം. പ്രതിമാസം 25000 രൂപയായിരിക്കും വീട്ടിലെ സ്ത്രീകള്‍ക്ക് ലഭിക്കുക. മദ്യം നേരിട്ട് പോണ്ടിച്ചേരിയിലെ ഡിസ്റ്റിലറികളില്‍ നിന്ന് കൊണ്ടുവരാനാണ് പദ്ധതിയെന്ന് ഷെയ്ഖ് വ്യക്തമാക്കുന്നു.

 

മദ്യം നല്‍കുന്നത്‌കൊണ്ട് സമൂഹത്തെ തെറ്റിലേയ്ക്ക് തള്ളിവിടുകയല്ല താനെന്ന് ഷെയ്ഖ് പറയുന്നു. 'ഇക്കാലത്ത് കുടിക്കാത്തവരായി ആരാണുള്ളത്. എന്നാല്‍, ഗുണനിലവരല്ലാത്ത മദ്യം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇതിനെതിരായി പോണ്ടിച്ചേരിയില്‍ നിന്ന് നേരിട്ട് മദ്യം എത്തിക്കും’, ഷെയ്ഖ് പറഞ്ഞു.

 

എ എം ഷെയ്ഖ് ദാവൂദിന്റെ മറ്റ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഇങ്ങനെ

 

1. കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി
2. നവദമ്പതികള്‍ക്ക് എംപി ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപയും പത്ത് പവനും
3. മേട്ടൂര്‍ ഡാമില്‍ നിന്ന് തിരുപൂരിലേയ്ക്ക് കനാല്‍

 

തിരുപൂര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് ഇയാള്‍ ജനവിധി തേടുന്നത്. 55 കാരനായ എ എം ഷെയ്ഖ് അഹമ്മദ് തന്റെ ജീവിതത്തിലെ അവസാന ശ്വാസം വരെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉറപ്പ് നല്‍കുന്നു.

OTHER SECTIONS