ജനകീയം, ക്ഷേമസമ്പന്നം; വികസനത്തിലൂന്നി തിരുവനന്തപുരം നഗരസഭ ബജറ്റ്

By sisira.26 02 2021

imran-azharതിരുവനന്തപുരം: നഗരവാസികളുടെ ക്ഷേമത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഊന്നികൊണ്ടുള്ള ബജറ്റുമായി തിരുവനന്തപുരം നഗരസഭ.

 

കാര്‍ഷിക മേഖല, വിദ്യാഭ്യാസം, ചെറുകിട വ്യവസായം, ഭവന നിര്‍മ്മാണം, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനം, മത്സ്യതൊഴിലാളി ക്ഷേമം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, കലാസാംസ്‌ക്കാരികം, നഗര ശുചീകരണം, ജലസംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം, വനിതാശിശുക്ഷേമം തുടങ്ങിയ മേഖലകളുടെ സമഗ്ര പുരോഗതി ലക്ഷ്യം വയ്ക്കുന്നതാണ് ബജറ്റ്.മുന്‍കാലങ്ങളിലെ പോലെ തന്നെ നഗരത്തിന്റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ള നവീനമായ കാഴ്ചപ്പാടുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്.സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

കാര്‍ഷിക സംസ്‌ക്കാരത്തില്‍ അധിഷ്ഠിതമായ നഗരത്തിന്  പരമ്പരാഗത കൃഷികളോടൊപ്പം തന്നെ പരിമിതമായ സ്ഥലത്ത് കൃഷി ചെയ്യാനുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുകയും അത് നടപ്പിലാക്കുകയും ചെയ്യും.നഗരസഭയില്‍ ഉള്‍പ്പെടുന്ന തരിശുഭൂമികള്‍ കണ്ടെത്തി നഗരത്തിലെ കുടുംബശ്രീ, ഹരിതകര്‍മ്മസേനകള്‍, കാര്‍ഷിക ക്ലബ്ബുകള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി നഗരസഭയുടെ നേതൃത്വത്തില്‍ കൃഷിത്തോട്ടങ്ങളുടെ നിര്‍മ്മാണം നടപ്പിലാക്കും.


ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസൃതമായുള്ള കാര്‍ഷിക പദ്ധതികള്‍, ഗ്രീന്‍ഹൗസ്, മഴമറ തുടങ്ങിയവ കൂടുതല്‍ വിപൂലീകരിക്കും.ബഹുജന സന്നദ്ധ സംഘടനകളുമായും സഹകരിച്ചുകൊണ്ട് ഓണത്തിന് 'ഒരുമുറം പച്ചക്കറി' പദ്ധതി കൂടുതല്‍ വിപുലീകരിക്കും.

 

വ്യവസായ സംരംഭക സൗഹൃദ നഗരമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നിയമങ്ങളുടെ നൂലാമാലകളില്‍പ്പെടുത്താതെ സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശമുണ്ട്. നഗരത്തിലെ  കുടിവെള്ള വിതരണം ഇടതടവില്ലാതെ ലഭ്യമാക്കാന്‍ നടപടികള്‍ കൈക്കൊള്ളും.  ജലസമൃദ്ധി പദ്ധതി രൂപീകരിച്ച് നഗരത്തിലെ എല്ലാ ജനങ്ങള്‍ക്കും ആവശ്യമായ കുടിവെള്ളം എത്തിക്കും. അറ്റകുറ്റപണികള്‍ നടക്കുമ്പോള്‍ പകരം സംവിധാനവും നടപ്പിലാക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

 

സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി വിമുക്തി പദ്ധതിയുടെ പ്രവര്‍ത്തനം  വ്യാപിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യും.വിദ്യാര്‍ത്ഥികളിലെ കായികപരമായ കഴിവുകളെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടുകൂടി വിദഗ്ദ്ധ പരിശീലനം നല്‍കുകയും പുത്തന്‍ പ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്യും.നഗരസഭയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന മുഴുവന്‍ വെയിറ്റിംഗ് ഷെഡുകളും സ്മാര്‍ട്ട്  വെയിറ്റിംഗ് ഷെഡുകളാക്കി മാറ്റും.

 

സുരക്ഷിതമായ ഇരിപ്പിടം, ടോയ്‌ലെറ്റ്, നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, വേസ്റ്റ് ബിന്‍, ചാര്‍ജിംഗ് പോയിന്റ്, സോളാര്‍ സംവിധാനം, ഫ്രീ വൈഫൈ, ഫീഡിംഗ് റൂം, റീഡിംഗ് ബോക്‌സ്  എന്നിവയോട് കൂടിയ സ്മാര്‍ട്ട് വെയിറ്റിംഗ് ഷെഡുകള്‍ സ്ഥാപിക്കും.

 

തീരപ്രദേശങ്ങളെ മാലിന്യമുക്തമാക്കുന്നതിനും പ്ലാസ്റ്റിക്ക് വിമുക്തമാക്കു ന്നതിനും 'ശുചിത്വതീരം' ക്യാമ്പയിന്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.പ്രധാന പദ്ധതികള്‍

അണിചേരാം അഴകാര്‍ന്നൊരു അനന്തപുരിക്കായി-10 കോടി

മേയേഴ്‌സ് മേനസ്-20 ലക്ഷം
നഗരത്തിന്റെ യുവത്വം യുവനായികക്കൊപ്പം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വയോജന സേവനം, ദുരന്ത നിവാരണം എന്നീ മേഖലകളില്‍  സേവനം ലഭ്യമാക്കാന്‍ യുവതി യുവാക്കളുടെ സന്നദ്ധ സേന.

എല്ലാവര്‍ക്കും വീട് -60 കോടി
ഭവനരഹിതര്‍ക്ക് നഗരത്തില്‍ സ്‌നേഹ വീടുകള്‍

അക്വാ പോണിക്‌സ് -70 ലക്ഷം
വിഷരഹിത മത്സ്യവും  പച്ചക്കറിയും നഗരവാസികള്‍ക്ക്

മഞ്ചാടി-50 ലക്ഷം
കുട്ടികള്‍ക്കായി പ്രകൃതി സൗഹാര്‍ദ്ദമായ സ്‌കൂള്‍ ബാഗ്, ടിഫിന്‍ ബോക്‌സ്, സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍,  കുട എന്നിവ നല്‍കുന്നതിന്

പെട്രോള്‍ പമ്പ്-1 കോടി 50 ലക്ഷം
നഗരസഭയുടെ ഉടമസ്ഥതയില്‍ പുതിയ പെട്രോള്‍ പമ്പ്

അനന്തപുരി പബ്ലിക് ലാബ്-3 കോടി
നഗര ജനതയുടെ ആരോഗ്യ സുരക്ഷയ്ക്കായി രോഗ നിര്‍ണ്ണയ കേന്ദ്രം

സിറ്റി ഹൗസ്-1 കോടി 50 ലക്ഷം
തമ്പാനൂരില്‍ പാര്‍ക്കിംഗ് പ്ലാസയും ഡോര്‍മെട്രിയും

സൈക്കിള്‍ പാത്ത് വേ-50 ലക്ഷം

അരികിലുണ്ട് മേയര്‍-20 ലക്ഷം
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തി അവശ്യഘട്ടങ്ങളിലെ സേവനത്തിനായി പൊലീസ് സഹായത്തോടെ നടപ്പിലാക്കുന്ന കോള്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള പദ്ധതി

നിശാഗന്ധി-30 ലക്ഷം
ഉറങ്ങാത്ത നഗരം കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് മേഖലയില്‍

അനന്തപുരി മൊബൈല്‍ മെഡിക്കല്‍ സ്റ്റോര്‍-50 ലക്ഷം
അനന്തപുരി മെഡിക്കല്‍ സ്റ്റോര്‍ മാതൃകയില്‍ സഞ്ചരിക്കുന്ന മരുന്നുശാലകള്‍ ആരംഭിക്കും.

 
 

OTHER SECTIONS