നടി തൊടുപുഴ വാസന്തി അന്തരിച്ചു

By Anju N P.28 Nov, 2017

imran-azhar

 

 

തൊടുപുഴ: നടിയും നാടക പ്രവര്‍ത്തകയുമായ തൊടുപുഴ വാസന്തി (65)അന്തരിച്ചു. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍ നടക്കും.

 

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് പി വാസന്തി എന്ന തൊടുപുഴ വാസന്തിയുടെ ജനനം. 450 ചിത്രങ്ങളില്‍ അഭിനയിച്ച ഇവര്‍ 16ഓളം ടെലിവിഷന്‍ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

 


നാടക നടനായിരുന്നു അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍. അദ്ദേഹത്തിന്റെ ബാലെ ട്രൂപ്പിലൂടെയായിരുന്നു വാസന്തി അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. വളരെ ചെറുപ്പത്തിലേ നാടകത്തിലും ബാലെ ട്രൂപ്പുകളിലും അഭിനയ ജീവിതം തുടങ്ങി.പീനല്‍കോഡ്' എന്ന നാടകത്തില്‍ അഭിനയിക്കവെ അടൂര്‍ ഭവാനിയാണ് തൊടുപുഴ വാസന്തി എന്ന പേരു വിളിച്ചത്. കെ.ജി ജോര്‍ജ്ജിന്റെ 'യവനിക'യിലെ രാജമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങള്‍ വാസന്തിയെ തേടിയെത്തി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദര്‍, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. റേഡിയോ നാടക രംഗത്തും അവര്‍ സജീവമായിരുന്നു.

 

രോഗത്തോട് മല്ലടിക്കുന്ന വാസന്തിയുടെ കഥയറിഞ്ഞ് അവരെ സഹായിക്കാന്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. രോഗബാധിതയായ ദയനീയ അവസ്ഥയില്‍ കഴിയുന്ന വാസന്തിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഡബ്ല്യൂസിസി സഹായവുമായി രംഗത്ത് വന്നത്.

 

പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതോടെ സിനിമയില്‍നിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വര്‍ഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റില്‍ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി.
സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവര്‍ഷം മുന്‍പ് അതും പൂട്ടി.

 

OTHER SECTIONS