തോമസ് ചാണ്ടിയുടെ രാജി; രാവിലെതന്നെ ഉണ്ടായേക്കുമെന്ന് സൂചന

By Anju N P.15 Nov, 2017

imran-azhar

 

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി രാവിലെതന്നെ ഉണ്ടായേക്കുമെന്ന് സൂചന. എകെജി സെന്ററില്‍ മുഖ്യമന്ത്രിയും കൊടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം തോമസ് ചാണ്ടിക്കെതിരെയുളള ഹൈക്കോടതി പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഇനിയും അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചാല്‍ അത് മുന്നണിയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നത് പാര്‍ട്ടിയെ വലിയതോതില്‍ ബാധിക്കും.

 

കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പോകുമെന്നായിരുന്നും തോമസ് ചാണ്ടിയോട് അടുത്തവൃത്തങ്ങള്‍ നല്‍കിയ സ്ഥിരീകരണം. ഇതേത്തുടര്‍ന്ന് ഇന്നലെ രാത്രി ദില്ലിയിലേക്ക് ചാണ്ടി വിമാന ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയെന്ന് മാത്രമല്ല, തോമസ് ചാണ്ടിയോട് അടിയന്തിരമായി തിരുവന്തപുരത്ത് എത്താനും നിര്‍ദ്ദേശമുണ്ട്.

 


മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുകയാണ് തോമസ് ചാണ്ടിക്ക് നല്ലതെന്നും മന്ത്രിയെ അയോഗ്യനാക്കുവാനുള്ള ഉചിതമായ സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ജി അപൂര്‍ണമാണെന്നും വിലയിരുത്തിയ കോടതി അത് തള്ളുകയായിരുന്നു.

 

മന്ത്രിയുടെ ഹര്‍ജിയിലെ ആദ്യ എതിര്‍കക്ഷി സര്‍ക്കാരാണെന്നും ഒരു മന്ത്രിക്ക് എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാന്‍ സാധിച്ചു എന്നും കോടതി ചോദിച്ചു. മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് താങ്കള്‍ക്ക് തോന്നിയ തരത്തില്‍ പോകാനാകില്ല. ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങി വന്ന് സാധാരണക്കാരനെ പോലെ നിയമനടപടികള്‍ നേരിടണം. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതിനാലാണ് ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. കോടതി അഭിപ്രായപ്പെട്ടു. മന്ത്രിയായിരിക്കെ മന്ത്രിസഭാ യോഗതീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

 

മാത്രമല്ല ഹര്‍ജി പന്‍വലിക്കാന്‍ തോമസ് ചാണ്ടിക്ക് സമയം അനുവദിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം നിലപാട് വ്യക്തമാക്കാമെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖ വ്യക്തമാക്കി. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45 ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് തന്‍ഖ വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും തന്‍ഖ പറഞ്ഞു. ഹര്‍ജി പിന്‍വലിച്ചാല്‍ രാവിലെ നടത്തിയ രൂക്ഷപരാമര്‍ശങ്ങള്‍ പിന്‍വലിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹര്‍ജിയുമായി മുന്നോട്ട് പോകുവാന്‍ തോമസ് ചാണ്ടി തീരുമാനിക്കുകയായിരുന്നു.

ഉച്ചയ്ക്ക് ശേഷം വാദം തുടര്‍ന്നപ്പോഴും രൂക്ഷമായ വിമര്‍ശനങ്ങളാണ് തോമസ് ചാണ്ടിക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പിശകുണ്ടെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. പുതിയ റിപ്പോര്‍ട്ടിലും പഴയ റിപ്പോര്‍ട്ടിലും പിശകുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമയത്താണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ മന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ ഇല്ലെന്ന് സ്റ്റേറ്റ് അറ്റോര്‍ണി അഭിപ്രായപ്പെട്ടത്.

 

OTHER SECTIONS