അധിക വിനോദ നികുതി ഏര്‍പ്പെടുത്താൻ തീരുമാനം: സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്

By online desk .12 11 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാള്‍ സിനിമാ ബന്ദിന് ആഹ്വാനം. സിനിമ ടിക്കറ്റുകള്‍ക്ക് മുകളില്‍ അധിക വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് അടക്കം നിര്‍ത്തിവച്ചായിരിക്കും സമരം. സിനിമാ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ജിഎസ്ടിക്കു പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമ മേഖലയെ തകര്‍ക്കുമെന്നാണ് അവര്‍ പറഞ്ഞത്.


സിനിമ ടിക്കറ്റിനുമേലുണ്ടായിരുന്ന ജിഎസ്ടി നിരക്കുകള്‍ കുറച്ചതോടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരുന്നു. സെപ്തംബര്‍ ഒന്നു മുതല്‍ വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ജിഎസ്ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നിലപാട്. ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്‌തെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു.

 

OTHER SECTIONS