By അനിൽ പയ്യമ്പള്ളി.08 04 2021
തിരുവനന്തപുരം: ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കെ.എസ്.ആര്.ടി.സി യുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ഈടാക്കുന്നത് സൂപ്പര്‍ ഫാസ്റ്റിനേക്കാള്‍ കൂടിയ നിരക്ക്. കോവിഡ് കാലത്ത് വരുത്തിയ പരിഷ്കാരമാണിത്.
കോവിഡ് അടച്ചിടലിന് ഇളവനുവദിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം വര്‍ദ്ധിപ്പിച്ചാണ് സര്‍വീസ് തുടങ്ങിയത്. പിന്നീട് സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, ഡീലക്സ് സൂപ്പര്‍ തുടങ്ങി സൂപ്പര്‍ ക്ലാസ് ബസുകളില്‍, യാത്രക്കാര്‍ കുറവുള്ള ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നിരക്ക് 25 ശതമാനം കുറച്ചു. ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ താഴോട്ടുള്ള ബസുകള്‍ക്ക് ഈ ഇളവ് ബാധകമാക്കിയില്ല. ഇതോടെയാണ് മൂന്ന് ദിവസങ്ങളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൂപ്പര്‍ഫാസ്റ്റിനേക്കാള്‍ കൂടിയ ചാര്‍ജ് ഈടാക്കുന്ന സാഹചര്യമുണ്ടായത്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റിന് 87 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 84 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ഫാസ്റ്റ് നിരക്ക് 69 ആയി കുറച്ചു. എന്നാല്‍ ഈ ദിവസങ്ങളിലും ഫാസ്റ്റ് പാസഞ്ചറുകളില്‍ 84 രൂപയുടെ ടിക്കറ്റെടുക്കണം.
സൂപ്പര്‍ഫാസ്റ്റില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും. ഹ്രസ്വദൂര യാത്രകളിലും ഈ വ്യത്യാസം പ്രകടമാണ്. കൊല്ലത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 30 രൂപയാണ് സൂപ്പര്‍ ഫാസ്റ്റ് നിരക്ക്. ഫാസ്റ്റ് പാസഞ്ചറില്‍ 36 രൂപ ഈടാക്കുന്നുണ്ട്.
യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയര്‍ന്നിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാനും കെ.എസ്.ആര്.ടി.സി. തയ്യാറായിട്ടില്ല. സ്വകാര്യബസുകളിലും 25 ശതമാനം ഉയര്‍ന്നനിരക്കാണ് ഈടാക്കുന്നത്.