By Avani Chandra.24 01 2022
മൈസൂരു: അഞ്ചാമത് ദേശീയ കടുവ സെന്‍സസ് കര്‍ണാടകത്തില്‍ ആരംഭിച്ചു. ശനിയാഴ്ച ചാമരാജനഗറിലെ ബന്ദിപ്പുര്‍ കടുവ സംരക്ഷണകേന്ദ്രത്തിലാണ് സെന്‍സസിന് തുടക്കം കുറിച്ചത്. ഞായറാഴ്ച സംസ്ഥാനത്തെ മറ്റു നാല് കടുവ സംരക്ഷണ കേന്ദ്രങ്ങളിലും സെന്‍സസ് ആരംഭിക്കും. നാഗര്‍ഹോളെ (മൈസൂരു-കുടക്), ബിലിഗിരി രംഗനാഥസ്വാമിക്ഷേത്ര (ചാമരാജനഗര്‍), ഭദ്ര (ചിക്കമഗളൂരു), കാളി (ഉത്തര കന്നഡ) എന്നിവയാണ് മറ്റു കടുവ സംരക്ഷണ കേന്ദ്രങ്ങള്‍.
ബന്ദിപ്പുരില്‍ മൂന്നുഘട്ടങ്ങളായി നടക്കുന്ന സെന്‍സസ് ഫെബ്രുവരി എട്ടിന് അവസാനിക്കും. വനപാലകര്‍, വന്യജീവി വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 300-ലധികം പേരാണ് സെന്‍സസില്‍ പങ്കെടുക്കുന്നത്. കോവിഡ് മഹാമാരി കാരണം വൊളന്റിയര്‍മാരെ ഉള്‍പ്പെടുത്തിയിട്ടില്ല.
നാലു വര്‍ഷത്തിലൊരിക്കലാണ് ദേശീയ കടുവ സെന്‍സസ്. 1996, 2000, 2014, 2018 എന്നീ വര്‍ഷങ്ങളിലാണ് മുമ്പ് സെന്‍സസ് നടന്നത്. ഏറ്റവുമൊടുവിലെ സെന്‍സസില്‍ 173 കടുവകളെയാണ് ബന്ദിപ്പുരില്‍ കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവുമധികം കടുവകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കര്‍ണാടക. 2018-ലെ സെന്‍സസില്‍ 524 കടുവകളെയാണ് കണ്ടെത്തിയത്. 526 കടുവകളുള്ള മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. ഉത്തരാഖണ്ഡ് (442), മഹാരാഷ്ട്ര (312) എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.
കര്‍ണാടകത്തില്‍ കടുവകളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. 2010-ല്‍ 300 കടുവകളുണ്ടായിരുന്ന സ്ഥാനത്തു നിന്ന് 2014-ല്‍ അവയുടെ എണ്ണം 406-ആയി വര്‍ധിച്ചു. സംസ്ഥാനത്ത് കടുവ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള വനങ്ങളിലും കടുവകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.
ആകെ കടുവകളില്‍ 30 ശതമാനത്തോളം കടുവ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള വനങ്ങളിലാണ് കഴിയുന്നതെന്നാണ് വനംവകുപ്പിന്റെ കണക്ക്. അതിനാല്‍, ഇത്തവണത്തെ സെന്‍സസ് പൂര്‍ത്തിയാകുന്നതോടെ കടുവകളുടെ എണ്ണത്തില്‍ മധ്യപ്രദേശിനെ മറികടക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സംസ്ഥാനത്ത് 23 വന്യജീവി സങ്കേതങ്ങളാണുള്ളത്. ഇവിടങ്ങളിലും കടുവകളെ കാണപ്പെടുന്നുണ്ട്.
അതേസമയം കടുവ സെന്‍സസ് ആരംഭിക്കുന്നതിനാല്‍ നാഗര്‍ഹോളെയില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള സഫാരി റദ്ദാക്കിയതായി വനംവകുപ്പ് അറിയിച്ചു. രാവിലെ ആറിനുള്ള സഫാരിയാണ് റദ്ദാക്കിയത്.