13 പേരുടെ ജീവനെടുത്ത നരഭോജി കടുവയെ കൊന്നവര്‍ക്കെതിരെ നടപടിയില്ല

By sisira.26 02 2021

imran-azhar

 


ന്യൂഡല്‍ഹി: പതിമൂന്ന് പേരുടെ ജീവനെടുത്ത അവ്‌നി എന്ന പെണ്‍കടുവയെ വെടിവെച്ചു കൊന്നവർക്കെതിരെ നടപടിയില്ല. അവ്നിയെ കൊന്ന മഹരാഷ്ട്ര വനംവകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വന്യജീവി സംരക്ഷണ പ്രവര്‍ത്തക സംഗീത ഡോഗ്ര സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച പിന്‍വലിച്ചു.

 

കോടതി ഉത്തരവനുസരിച്ചാണ് നരഭോജിയായ കടുവയെ വെടിവെച്ചു കൊന്നതെന്ന കാര്യം സുപ്രീംകോടതി ആവര്‍ത്തിച്ച് ഊന്നിപ്പറയുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്.

 

അവ്‌നി അഥവാ ടി-1 എന്നറിയപ്പെട്ടിരുന്ന കടുവ നരഭോജിയല്ലെന്ന് സംഗീത ഡോഗ്ര സമര്‍പ്പിച്ച ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. കടുവ നരഭോജിയാണെന്ന് സ്ഥാപിക്കാനുതകുന്ന തെളിവുകള്‍ കടുവയുടെ മൃതദേഹപരിശോധനയില്‍ കണ്ടെത്തിയിരുന്നില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

 

ഈകാര്യത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താമെന്ന നിര്‍ദേശം സുപ്രീം കോടതി മുന്നോട്ടു വെക്കുകയും ചെയ്തു.

 

പോസ്റ്റ് മോര്‍ട്ടത്തിലൂടെ ഒരു മൃഗത്തെ നരഭോജിയാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാനാവുമെന്ന് കഴിഞ്ഞ തവണ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ചോദ്യം ഉന്നയിച്ചിരുന്നു.

 

മനുഷ്യനെ തിന്നാല്‍ കടുവയുടെ വയറ്റില്‍ ആറ് മാസക്കാലം നഖവും മുടിയും ദഹിക്കാതെയുണ്ടാവുമെന്നും പരിശോധനയില്‍ അവ കണ്ടെത്തിയിരുന്നില്ലെന്നുമാണ് ഹര്‍ജിക്കാരി വാദിച്ചത്.

 

2018 നവംബറിലാണ് വനംവകുപ്പുദ്യോഗസ്ഥരും വേട്ടക്കാരനായ അസ്ഗര്‍ അലിയും അടങ്ങുന്ന എട്ടംഗസംഘം അവ്‌നിയെ കൊലപ്പെടുത്തിയത്.

OTHER SECTIONS