ടോറസ് ട്രിവാന്‍ഡ്രം ഡൗണ്‍ ടൗണ്‍ പദ്ധതി : 1500 കോടിയുടെ നിക്ഷേപം, 30,000 പേര്‍ക്ക് നേരിട്ട് തൊഴില്‍

By sisira.18 02 2021

imran-azhar


തിരുവനന്തപരം: ആയിരത്തഞ്ഞൂറ് കോടിയുടെ നിക്ഷേപവും 30,000 പേര്‍ക്ക് നേരിട്ട് തൊഴിലും ലഭ്യമാക്കുന്ന ടോറസ് ട്രിവാന്‍ഡ്രം ഡൗണ്‍ ടൗണ്‍ പദ്ധതിയുടെ ആദ്യഘട്ടത്തിനു തുടക്കം.
ഐടി, സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്കായി സജ്ജമാക്കിയ 'കീ സ്റ്റോണ്‍' മന്ദിരമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.


സംസ്ഥാനത്തെ ഐടി വ്യവസായത്തിനു വലിയ നേട്ടമാകുന്ന പദ്ധതിയാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2018ല്‍ പദ്ധതി ആരംഭിച്ചെങ്കിലും കോടതി വ്യവഹാരങ്ങളും കോവിഡും അടക്കമുള്ള പ്രതിസന്ധികളില്‍ നിര്‍മാണം വൈകി. ഇപ്പോള്‍ വലിയ പുരോഗതിയുണ്ടായി.


പ്രത്യേക സാമ്പത്തികമേഖലയില്‍ 20 ലക്ഷം ചതുരശ്രയടിയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന പ്രധാന സമുച്ചയം 'എംബസി ടോറസ് ടെക്സോണി'ല്‍ ഓഫീസ് ആരംഭിക്കാന്‍ കരാറിലേര്‍പ്പെട്ട കമ്പനികള്‍ക്ക് താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങാനാണ് പ്രീഫാബ് മാതൃകയില്‍ 'കീ സ്റ്റോണ്‍' പൂര്‍ത്തിയാക്കിയത്. രണ്ടു നില.


62,500 ചതുരശ്രയടി. 800 പേര്‍ക്ക് ജോലി ചെയ്യാനാകും. കോണ്‍ഫറന്‍സ് മുറികളും ഭക്ഷണശാലയുമുണ്ട്. സംരംഭകര്‍ക്ക് മറ്റു നിര്‍മാണം നടത്താതെ നേരിട്ട് കംപ്യൂട്ടറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കാനാകുന്ന പ്‌ളഗ് ആന്‍ഡ് പേ്‌ള സംവിധാനമാണുള്ളത്.


ടെക്നോപാര്‍ക്ക് മൂന്നാംഘട്ട വികസനത്തിലെ സുപ്രധാന പദ്ധതിയാണ് ടോറസ് ഡൗണ്‍ ടൗണ്‍. 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടിയിലെ നിര്‍മാണം ഉള്‍പ്പെടുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ എഴുപതിനായിരത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകും.

 

അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ സംരംഭമാണ് ടോറസ് ഡൗണ്‍ ടൗണ്‍.

OTHER SECTIONS