By BINDU PP .14 Jan, 2018
തിരുവനന്തപുരം: പോലീസ് മർദനത്തിനിരയായി കൊല്ലപ്പെട്ട സഹോദരന് നീതി തേടി സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടൻ ടോവിനോ തോമസ്. തനിക്ക് രാഷ്ട്രീയമില്ലെന്നും, മനുഷ്യത്വത്തിന്റെ പേരിലാണ് ശ്രീജിത്തിനെ കാണാൻ വന്നിരിക്കുന്നതെന്നും ടോവിനോ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ, നിവിൻ പോളി, ജൂഡ് ആന്റണി, ജോയ് മാത്യു തുടങ്ങിയവരും ശ്രീജിത്തിന് പിന്തുണയറിയിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം 764 ദിവസം പിന്നിട്ടിരിക്കുകയാണ്.2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന് ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം.ശ്രീജിവിന്റെ മരണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 764 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ് സഹോദരന് ശ്രീജിത്ത്. ശ്രീജിത്തിന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.